പ്രചാരണത്തിനിടെ മലയാളത്തിൽ പ്രസംഗിച്ച് പ്രിയങ്കാ ഗാന്ധി കയ്യടി നേടിയിരുന്നു
കൽപ്പറ്റ: വയനാട് ഉപതെരഞ്ഞെടുപ്പിൽ ജയിച്ച് പാർലമെന്‍റിലേക്ക് പോയാൽ പിന്നെ മണ്ഡലത്തിലേക്ക് വരില്ലെന്ന വിമര്‍ശനങ്ങൾക്ക് മറുപടിയുമായി പ്രിയങ്ക ഗാന്ധി രംഗത്ത്. ഉത്തരവാദിത്വം ഏറ്റവും കൂടുതൽ നന്നായി അറിയാവുന്നത് സ്ത്രീകൾക്കാണ്. താൻ എല്ലാക്കാലത്തും ഉത്തരവാദിത്വം നന്നായി നിർവഹിക്കാറുണ്ട്. ബോർഡിംഗിൽ ആയിരുന്ന മകനെ എപ്പോഴും കാണാൻ ചെന്ന തന്നെ കോളേജിലെ പ്രിൻസിപ്പൽ വിലക്കിയ കാര്യമടക്കം വിവരിച്ചുകൊണ്ടാണ് പ്രിയങ്ക തന്‍റെ ആത്മാർത്ഥത വിവരിച്ചത്. ആ കോളേജ് പ്രിൻസിപ്പലിനെ പോലെ ഈ മണ്ഡലത്തിൽ ഉള്ളവരും എപ്പോഴും മണ്ഡലത്തിൽ വരേണ്ടെന്ന് ഭാവിയിൽ പറയുമെന്ന് പ്രിയങ്ക പ്രചാരണ യോഗത്തിൽ പറഞ്ഞു
undefined
അതേസമയം പ്രചാരണത്തിനിടെ മലയാളത്തിൽ പ്രസംഗിച്ച് പ്രിയങ്കാ ഗാന്ധി കയ്യടി നേടിയിരുന്നു. എല്ലാവർക്കും നമസ്കാരം എന്ന് പറഞ്ഞു തുടങ്ങിയ പ്രിയങ്ക, മലയാളം പഠിക്കാൻ താൻ ശ്രമിക്കുകയാണെന്നും വിവരിച്ചിരുന്നു.
അതേസമയം വയനാട്ടിലെ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർഥിത്വത്തിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ബി ജെ പി രംഗത്തെത്തിയിട്ടുണ്ട്. പ്രിയങ്ക അവസരവാദിയാണെന്നാണ് ബി ജെ പി ദേശീയ വക്താവ് സി ആർ കേശവൻ ആരോപിച്ചത്. പ്രിയങ്കയെ 'പൊളിറ്റിക്കൽ ടൂറിസ്റ്റ്' എന്നും കേശവൻ വിശേഷിപ്പിച്ചു. വയനാട്ടിൽ പ്രിയങ്ക പ്രചാരണത്തിനെത്തിയ ദിവസം തന്നെയാണ് രൂക്ഷവിമർശനവുമായി ബി ജെ പി രംഗത്തെത്തിയത്. മണ്ഡലത്തിലെ വോട്ടർമാരെ ഗാന്ധി കുടുംബം വഞ്ചിച്ചെന്ന് സി ആർ കേശവൻ കുറ്റപ്പെടുത്തി. ജൂണിൽ രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിഞ്ഞത് പരാമർശിച്ചായിരുന്നു വിമർശനം. രാഹുൽ ഗാന്ധി നടത്തിയ വഞ്ചനയിലൂടെ കയ്പേറിയ അനുഭവമാണ് വയനാട്ടിലെ വോട്ടർമാർക്ക് ഉണ്ടായത്. സഹോദരനായ രാഹുൽ ഗാന്ധിയെപ്പോലെ തന്നെ പ്രിയങ്ക ഗാന്ധി വാദ്രയെയും വിശ്വസിക്കാൻ കഴിയില്ലെന്നും അവസരവാദ രാഷ്ട്രീയമാണ് പ്രിയങ്കയുടേതെന്നും സി ആർ കേശവൻ അഭിപ്രായപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം