ലൈഫ് മിഷൻ, സ്വർണ്ണ കടത്ത് ഉൾപ്പെടെ അഴിമതികളിൽ പെട്ട ആളാണ് പിണറായിയെന്നും പ്രിയങ്ക പറഞ്ഞു
തിരുവനന്തപുരം: രാഹുൽ ഗാന്ധിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ഗാന്ധിയും രംഗത്ത്. ബി ജെ പിക്കൊപ്പം നിന്ന് എന്‍റെ സഹോദരൻ രാഹുൽഗാന്ധിയെ ആക്രമിക്കുകയാണ് പിണറായി ചെയ്യുന്നത്. കേരള മുഖ്യമന്ത്രി ഒത്തു കളിക്കുന്ന ആളാണ്. ഒട്ടേറെ അഴിമതി ആരോപണം വന്നിട്ടും ഇതുവരെ മുഖ്യമന്ത്രിയെ ചോദ്യം ചെയ്തിട്ടില്ല. പിണറായിക്ക് ബി ജെ പിയുമായി ഒത്തുതീർപ്പ് രാഷ്ട്രീയമാണുള്ളതെന്നും പ്രിയങ്ക ഗാന്ധി പത്തനംതിട്ടയിൽ യു ഡി എഫ് സ്ഥാനാർഥിക്ക് വേണ്ടി നടത്തിയ പൊതുയോഗത്തിൽ വിമർശിച്ചു.
പിണറായി വിജയൻ, രാഹുൽ ഗാന്ധിക്ക് എതിരെ മാത്രം സംസാരിക്കുന്നു. ലൈഫ് മിഷൻ, സ്വർണ്ണ കടത്ത് ഉൾപ്പെടെ അഴിമതികളിൽ പെട്ട ആളാണ് പിണറായിയെന്നും പ്രിയങ്ക പറഞ്ഞു. കുഴൽപണ കേസിൽ ഉൾപ്പെട്ട ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ പിണറായി തൊട്ടില്ലെന്നും പ്രിയങ്ക ചൂണ്ടികാട്ടി. രാജ്യം മുഴുവൻ സഞ്ചരിച്ചു ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന രാഹുൽ ഗാന്ധിക്ക് എതിരെയാണ് പിണറായി എപ്പോഴും പറയുന്നതെന്നും എ ഐ സി സി ജനറൽ സെക്രട്ടറി അഭിപ്രായപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം