ബസ് ചാർജ് വീണ്ടും കൂടും; നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ

By Web Team  |  First Published Jun 9, 2020, 4:46 PM IST

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം പാലിക്കുന്നതിന്‍റെ ഭാഗമായി സർക്കാർ ചാർജ് കൂട്ടിയിരുന്നു. പിന്നീടിത് പഴയപടി ആക്കുകയും ചെയ്തിരുന്നു. 


കൊച്ചി: ലോക് ഡൗണ്‍ കാലത്ത് സാമൂഹിക അകലം പാലിക്കുന്നതിന്‍റെ ഭാഗമായി വര്‍ദ്ധിപ്പിച്ച ബസ് ചാർജ് കുറച്ചത് ഹൈക്കോടതി സ്റ്റേ ചെയ്തു. നിരക്ക്  കുറച്ചത് ചോദ്യം ചെയ്തുളള ബസുടമകളുടെ ഹർജിയിലാണ് നടപടി. ഇതോടെ കൂട്ടിയ യാത്രാനിരക്ക് തൽക്കാലത്തേക്ക് ബസുടമകൾക്ക് ഈടാക്കാം. ഉത്തരവ് പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി അറിയിച്ചു.

സാമൂഹിക അകലം പാലിക്കുന്നതിന്‍റെ ഭാഗമായി ബസുകളിൽ 50 ശതാനം യാത്രക്കാരെ നിശ്ചയിച്ചപ്പോഴായിരുന്നു സർക്കാർ ചാർജ് വർധിപ്പിച്ചത്. എന്നാൽ ലോക് ‍ഡൗൺ ഇളവുകൾ വന്നതോടെ പഴയ നിരക്കാക്കി. ഇതോടെയാണ് ഒരു വിഭാഗം ബസുടമകൾ ഹൈക്കോടതിയിൽ എത്തിയത്. ലോക് ഡൗൺ വ്യവസ്ഥകൾ ഇളവ് ചെയ്യുമ്പോൾ ബസ് സർവീസ് നടത്തുന്നവരുടെ സാമ്പത്തികാവസ്ഥ കൂടി കണക്കിലെടുക്കണമെന്ന പരാമർശത്തോടെയാണ് കോടതിയുടെ സ്റ്റേ. 

Latest Videos

undefined

നിലവിൽ ഒരു സീറ്റിൽ രണ്ട് പേർക്ക് ഇരിക്കാനാണ് അനുമതിയെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ആളുകളെ നിർത്തി യാത്ര ചെയ്യിക്കാൻ അനുവദിക്കില്ല. അങ്ങനെ യാത്ര ചെയ്യിച്ചാൽ സർക്കാരിന് നടപടിയെടുക്കാമെന്നും കോടതി പറ‍ഞ്ഞു. ബസ് ചാര്‍ജ് കുറയ്ക്കരുതെന്ന ചൂണ്ടികാട്ടി ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ നൽകിയ നിവേദനം ജസ്റ്റിസ് എം രാമചന്ദ്രൻ കമ്മിറ്റി പഠിച്ച് സർക്കാരിന് റിപ്പോർ‍ട്ട് നൽകണമെന്നും ഇതിന്‍റെ അടിസ്ഥാനത്തിലായിരിക്കണം സർക്കാർ തീരുമാനമെടുക്കേണ്ടതെന്നും കോടതി നിർദേശിച്ചു.  

ഇതിനിടെ സർവീസ് നഷ്ടമെന്ന പേരിൽ സംസ്ഥാനത്ത് പലയിടത്തും ഇന്ന് സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. ഇതോടെ സ്വകാര്യ ബസുകളെ മാത്രം ആശ്രയിക്കുന്ന റൂട്ടുകളിൽ യാത്രാക്ലേശം രൂക്ഷമായി. എന്നാൽ, കോടതി ഉത്തരവോടെ നാളെ മുതൽ സർവീസ് തുടങ്ങുമെന്നാണ് ഒരുവിഭാഗം ബസുടമകൾ പറയുന്നത്.

 

click me!