'ഖർഗെയുടെ വിജയം പാർട്ടിയുടെ വിജയം'; വിമതനായിട്ടല്ല മത്സരിച്ചത്, വലിയ പിന്തുണ കിട്ടിയെന്നും തരൂര്‍

By Web Team  |  First Published Oct 19, 2022, 5:51 PM IST

ഒരു പദവിയും ആഗ്രഹിക്കുന്നില്ലെന്നും ഉള്ള പദവികളിൽ നല്ല പ്രകടനം തുടരുമെന്നും ശശി തരൂര്‍ വ്യക്തമാക്കി. രാഹുൽ ഗാന്ധി ഇപ്പോൾ ചെയ്യുന്നതിന് മികച്ച പ്രതികരണമാണ് കിട്ടുന്നത്. അത് തുടരണമെന്നാണ് അഭിപ്രായമെന്നും തരൂർ കൂട്ടിച്ചേര്‍ത്തു.


ദില്ലി: മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വിജയം കോൺഗ്രസ് പാർട്ടിയുടെ വിജയമെന്ന് ശശി തരൂർ. കോണ്‍​ഗ്രസ് പാർട്ടി ശക്തമായി മുന്നോട്ട് പോകുമെന്നും അടുത്ത തെരഞ്ഞെടുപ്പിൽ പാർട്ടി വലിയ വിജയം നേടുമെന്ന് തരൂർ മാധ്യമങ്ങളോട് പ്രതികരിച്ചു. പാർട്ടിയിലെ വിമതനായിട്ടല്ല താന്‍ മത്സരിച്ചതെന്നും വലിയ പിന്തുണ കിട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പാർട്ടിക്ക് പുതിയ നേതൃത്വത്തെ കിട്ടി. പാർട്ടിയിലെ പ്രധാനപ്പെട്ട നേതാക്കൾ ഭൂരിപക്ഷവും ഖാർഗെക്ക് ഒപ്പമായിരുന്നു. തനിക്ക് ആയിരത്തിലധികം വോട്ടുകൾ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, അത് ലഭിച്ചുവെന്നും ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് തന്നെ പാർട്ടിക്ക് പുതിയ ഊർജ്ജം നൽകുമെന്ന് പറഞ്ഞ് തരൂർ, തന്റെ പരാതികളെ ക്രിക്കറ്റിനോടാണ് ഉപമിച്ചത്. ടേണും പിച്ചും ഉള്ള ഫീൽഡാണെങ്കിലും ബാറ്റ് ചെയ്യണമെന്നും ബോൾ ടാംപറിങ്ങ് പോലുള്ളവ ഇല്ലാതെ നോക്കാനായിരുന്നു ശ്രമമെന്നും തരൂർ പ്രതികരിച്ചു. ഒരു പദവിയും ആഗ്രഹിക്കുന്നില്ലെന്നും ഉള്ള പദവികളിൽ നല്ല പ്രകടനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Latest Videos

Also Read: ഈ പദവി സോണിയ ഗാന്ധിയുടെ ത്യാഗം, തരൂരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും: മല്ലികാര്‍ജ്ജുൻ ഖര്‍ഗെ

രാഹുൽ ഗാന്ധി ഇപ്പോൾ ചെയ്യുന്നതിന് മികച്ച പ്രതികരണമാണ് കിട്ടുന്നത്. അത് തുടരണമെന്നാണ് അഭിപ്രായമെന്നും തരൂർ കൂട്ടിച്ചേര്‍ത്തു. ഖാർഗെ ഉപദേശം ചോദിച്ചാൽ താൻ പ്രകടനപത്രികയിലൂടെ മുന്നോട്ട് വച്ച കാര്യങ്ങൾ നടപ്പാക്കാൻ പറയുമെന്നും ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഞാൻ എന്‍റെ ഭാവി ഓർത്തല്ല മത്സരിച്ചതെന്നും പാർട്ടിയുടേയും രാജ്യത്തിന്‍റെയും ഭാവിക്കായാണ് മത്സരിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ഭാവി ഓർത്ത് ആശങ്കയില്ലെന്ന് ശശി തരൂർ കൂട്ടിച്ചേര്‍ത്തു. 

Also Read: തളളിക്കളയാനാകാത്ത മുഖം; തരൂരിനെ ഉൾക്കൊണ്ട് മുന്നോട്ട് പോകുമോ കോൺഗ്രസ് ? ഹൈക്കമാന്‍ഡ് നിലപാട് നിർണായകം

ആവേശമായി തീർന്ന കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 9385 വോട്ടുകളിൽ 7897 ഉം നേടിയാണ് ഖർഗെക്ക് വിജയിച്ചത്. ശശി തരൂരിന് 1072 വോട്ടുകൾ ലഭിച്ചപ്പോൾ 416 വോട്ടുകൾ അസാധുവായി. മികച്ച പ്രകടനം പുറത്തെടുത്ത തരൂർ, 12 ശതമാനം വോട്ടുകൾ നേടിയെന്നത് ശ്രദ്ധേയമാണ്. ഫല പ്രഖ്യാപനത്തിന് ശേഷം കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖർഗെയെ വസതിയിലെത്തി ശശി തരൂർ സന്ദർശിച്ചതും ശ്രദ്ധേയമായി.

click me!