25 കോടി മുടക്കിയ സംരംഭത്തിന് കെട്ടിട നമ്പര്‍ കിട്ടാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെയാണ് ഷാജിമോന്‍ ജോര്‍ജ് മാഞ്ഞൂര്‍ പഞ്ചായത്തിന് മുന്നില്‍ സമരം തുടങ്ങിയത്
കോട്ടയം: വ്യവസായ സ്ഥാപനത്തിന് കെട്ടിട നമ്പര്‍ അനുവദിക്കാത്തിനെ തുടര്‍ന്ന് പഞ്ചായത്ത് ഓഫിസിന് മുന്നില്‍ സമരം ചെയ്ത സംരഭകനെ പൊലീസ് ബലമായി നീക്കി. സംരഭകന്‍ ഷാജിമോന്‍ ജോര്‍ജിനെയാണ് മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍നിന്ന് നീക്കിയത്. തുടര്‍ന്ന് അദ്ദേഹം റോഡില്‍ കിടന്ന് സമരം തുടര്‍ന്നു. വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് അവകാശപ്പെടുന്ന കേരളത്തിന് നാണക്കേടായി കോട്ടയം മാഞ്ഞൂരിലെ പ്രവാസിയുടെ ദുരനുഭവം. 25 കോടി മുടക്കിയ സംരംഭത്തിന് കെട്ടിട നമ്പര്‍ കിട്ടാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെയാണ് ഷാജിമോന്‍ ജോര്‍ജ് മാഞ്ഞൂര്‍ പഞ്ചായത്തിന് മുന്നില്‍ സമരം തുടങ്ങിയത്. എന്നാല്‍ പൊലീസെത്തി ഷാജിമോനെ പഞ്ചായത്ത് കോംപൗണ്ടില്‍ നിന്ന് ബലമായി പുറത്തിറക്കുകയായിരുന്നു. ഷാജിമോന്‍ കിടന്ന കട്ടിലും പൊലീസ് നീക്കി. തുടര്‍ന്ന് ഷാജിമോന്‍ നടുറോഡില്‍ കിടന്ന് പ്രതിഷേധിച്ചു.
രാവിലെ മോന്‍സ് ജോസഫ് എംഎല്‍എ പഞ്ചായത്ത് അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. ജില്ലാ തല സമിതി ചര്‍ച്ച നടത്തുമെന്നും പ്രശ്നം പരിഹരിക്കുമെന്നും പഞ്ചായത്ത് ഉറപ്പ് നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു .അഞ്ചു രേഖകള്‍ കൂടി ഹാജരാക്കിയാല്‍ കെട്ടിട നമ്പര്‍ നല്‍കാമെന്നും സംരംഭകനായ ഷാജിമോനോട് പഞ്ചായത്തിന് വിദ്വേഷമില്ലെന്നും പ്രസിഡന്‍റ് കോമളവല്ലി വിശദീകരിച്ചു. ഇനി പഞ്ചായത്തുമായി ചര്‍ച്ചയ്ക്കില്ലെന്നും കോടതിയോ മന്ത്രിമാരോ ഇടപെടാതെ പോരാട്ടം അവസാനിപ്പിക്കില്ലെന്നും ഷാജിമോനും പറഞ്ഞു