സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിൽ ഒന്നോ രണ്ടോ നേതാക്കള്‍ക്ക് മാത്രമായിരിക്കും പ്രായപരിധിയിൽ ഇളവ് ആലോചിക്കുകയെന്നും അവര്‍ക്ക് ജനറൽ സെക്രട്ടറിയാകാൻ തടസ്സമില്ലെന്നും പ്രകാശ് കാരാട്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ദില്ലി: സിപിഎം പാർട്ടി കോൺഗ്രസിൽ ഒന്നോ രണ്ടോ നേതാക്കൾക്ക് മാത്രമായിരിക്കും പ്രായപരിധിയിൽ ഇളവ് ആലോചിക്കുകയെന്ന് സിപിഎം പിബി കോഡിനേറ്റർ പ്രകാശ് കാരാട്ട് ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. പ്രായപരിധിയിൽ ഇളവു കിട്ടുന്നവർക്കും ജനറൽ സെക്രട്ടറിയാകാൻ തടസമില്ലെന്നും കാരാട്ട് വ്യക്തമാക്കി. പിബിയിലെ ഏറ്റവും മുതിർന്ന അംഗം തന്നെ ജനറൽ സെക്രട്ടറിയാകണമെന്നില്ലെന്നും കാരാട്ട് പറഞ്ഞു.
സംഘടന ചർച്ചയിൽ ഉയരുന്ന നിർദ്ദേശം അനുസരിച്ചാകും ജനറൽ സെക്രട്ടറിയെ നിശ്ചയിക്കുകയെന്നും കരാട്ട് വ്യക്തമാക്കി. കേന്ദ്രകമ്മിറ്റി 75 വയസ് പ്രായപരിധി നിലനിര്‍ത്തുമെന്ന് മാത്രമാണ് തീരുമാനിച്ചിട്ടുള്ളു. ഇത് കേന്ദ്ര കമ്മിറ്റിക്കാണ് കാലാകാലങ്ങളിൽ തീരുമാനിക്കാൻ കഴിയുന്നത്. അങ്ങനെയാണ് ഭരണഘടന വ്യക്തമാക്കുന്നത്. ഇത്തവണയും അത് നടപ്പാക്കാനാണ് തീരുമാനിച്ചത്. അതിന് തടസമില്ല. ഒരിക്കൽ ഇളവ് നല്കിയാൽ അവർ സിസിയിലെ പൂർണ്ണ അംഗങ്ങളാണ്. അവർക്ക് ജനറൽ സെക്രട്ടറിയാകാൻ തടസ്സമില്ല. ഇളവ് നിശ്ചയിച്ചാൽ അത് ജനറൽ സെക്രട്ടറിയാകുന്നതിനും ബാധകമാകും. കാരണം ജനറൽ സെക്രട്ടറിയാകാൻ ഒരാൾക്കുള്ള യോഗ്യത സിസി അംഗമാകണം എന്നതു മാത്രമാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
ഇന്ത്യ സഖ്യം ഇല്ലാതായെന്ന് പറഞ്ഞിട്ടില്ല
ഇന്ത്യ സഖ്യം ഇല്ലാതായെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം ഇത് പ്രവർത്തിക്കുന്നില്ലെന്നാണ് ഉദ്ദേശിച്ചത്. ബിജെപിക്കെതിരെ വിശാല വേദി വേണമെന്ന് തന്നെയാണ് നിലപാട്. പ്രതിപക്ഷ നേത്യത്വത്തിലുള്ള എല്ലാ സർക്കാരുകളെയും ഒന്നിച്ചു കൊണ്ടുവരാൻ ഇന്ത്യ കൂട്ടായ്മയ്ക്ക് കഴിയണമെന്നും കാരാട്ട് പറഞ്ഞു. ഇന്ത്യ സഖ്യം ഇല്ലാതായെന്ന് പറഞ്ഞിട്ടില്ല. ഇന്ത്യ സഖ്യം ഇപ്പോൾ പ്രവർത്തനം നിലച്ചു നില്ക്കുകയാണ് പ്രതിപക്ഷ സർക്കാരുകളെ ഒന്നിപ്പിക്കാൻ ഇന്ത്യ ബ്ലോക്കിനാകണം.
ഇന്ത്യ ബ്ലോക്ക് എന്ന എല്ലാ പാർട്ടികളുടെയും വിശാല പൊതുവേദി ഉണ്ടായത് ലോക്സഭ തെരഞ്ഞെടുപ്പിന് വേണ്ടിയാണെന്നാണ് താൻ പറഞ്ഞത്. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യ സഖ്യം എങ്ങനെ മുന്നോട്ടു പോകണം എന്നത് പോലും അറിയാതെ നിൽക്കുകയാണ്. തെരഞ്ഞെടുപ്പിന് മാത്രമാണ് ഇന്ത്യ സഖ്യമെങ്കിൽ അതില്ലാതായി. എന്നാൽ, ഞങ്ങൾ പറയുന്നത് ഒരു വിശാല പൊതു വേദി വേണം എന്നാണ്. അത് എങ്ങനെ മുന്നോട്ടു കൊണ്ടു പോകാം എന്നത് ചർച്ച ചെയ്യണം എന്നതാണ് പാർട്ടി നിലപാടെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
പ്രകാശ് കാരാട്ടുമായുള്ള അഭിമുഖത്തിൻറെ പൂർണ്ണ രൂപം ഇന്നുച്ചയ്ക്ക് 2.30ന് ഇന്ത്യൻ മഹായുദ്ധത്തിൽ കാണാം