വീട്ടുജോലിക്ക് വിസമ്മതിച്ച ഗൺമാന്റെ സസ്പെൻഷൻ പിൻവലിച്ചത് പൊലീസ് സംഘടനയുടെയും ഐജിയുടെയും ഇടപെടലിൽ

By Web Team  |  First Published Jul 22, 2022, 4:29 PM IST

ടെലികമ്മ്യൂണിക്കേഷൻ എസ് പി നവനീത് ശർമ്മയാണ്, തന്റെ വീട്ടിൽ അതിക്രമിച്ചു കയറിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ഗണ്‍മാനെ സസ്പൻറ് ചെയ്തത്


തിരുവനന്തപുരം: വീട്ടിലെ പട്ടിയെ കുളിപ്പിക്കാൻ വിസമ്മതിച്ച ഗൺമാനെ പൊലീസ് സൂപ്രണ്ട് സസ്പെന്റ് ചെയ്ത നടപടി പിൻവലിക്കാൻ കാരണം പൊലീസ് അസോസിയേഷന്റെ ഇടപെടൽ. എസ്പിയുടെ നടപടി  പ്രതികാരബുദ്ധിയോടെ ഉള്ളതാണെന്ന പരാതിയുമായാണ് പൊലീസ് അസോസിയേഷൻ ഐജിയെ കണ്ടത്. എസ്പിയുടെ സസ്പെൻഷൻ ഉത്തരവ് ഒരു മണിക്കൂറിനുള്ളിൽ ഐജി പിൻവലിച്ചത് ഇങ്ങനെയാണ്.

ടെലികമ്മ്യൂണിക്കേഷൻ എസ് പി നവനീത് ശർമ്മയാണ്, തന്റെ വീട്ടിൽ അതിക്രമിച്ചു കയറിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ഗണ്‍മാനെ സസ്പൻറ് ചെയ്തത്. സസ്പെൻഷൻ ഉത്തരവിറങ്ങി ഒരു മണിക്കൂർ കഴിഞ്ഞപ്പോള്‍ ഉത്തരവ് ഐജി അനൂപ് ജോണ്‍ കുരുവിള റദ്ദാക്കുകയായിരുന്നു. 

Latest Videos

നവനീത് ശർമ്മയുടെ ഐ പി എസ് ക്വാർട്ടേഴ്സിൽ ഗണ്‍മാനായ പൊലീസുകാരൻ കഴി‍ഞ്ഞ ഞായറാഴ്ച അതിക്രമിച്ചു കയറുകയും ടിവി കാണുകയും ചെയ്തുവെന്നാണ് എസ് പിയുടെ ആരോപണം. ഇന്നലെ രാവിലെ ഉത്തരവിറങ്ങി ഒരു മണിക്കൂറിനുള്ളിൽ സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ചുമതലയുള്ള ഐജി അനൂപ് ജോണ്‍ കുരുവിള ഉത്തരവ് റദ്ദാക്കി. പൊലീസുകാരനെ എസ് പിയുടെ സുരക്ഷാ ജോലിയിൽ നിന്ന് ഐജി പിൻവലിക്കുകയും ചെയ്തു. 

പട്ടിയെ കുളിപ്പിക്കാനും വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാനും പൊലീസുകാരനോട് എസ് പി ആവശ്യപ്പെട്ടിരുന്നെന്നാണ് പൊലീസ് അസോസിയേഷന്റെ ഭാഗത്ത് നിന്ന് ലഭിക്കുന്ന വിവരം. പൊലീസുകാരൻ ഇതിന് തയ്യാറായിരുന്നില്ല.  എസ് പിയുടെ ക്വാർട്ടേഴ്സിൽ ഉത്തരന്ത്യക്കാനായ ഒരു കെയർ ടേക്കർ ഉണ്ട്. ഭാര്യയുടെ റെയിൽവേ ക്വാർട്ടേഴ്സിലാണ് എസ് പി താമസിക്കുന്നത്. ചിലപ്പോള്‍ മാത്രമേ ഈ വീട്ടിലേക്ക് എസ് പി വരാറുള്ളൂ. 

ഞായറാഴ്ച പൊലീസുകാരൻ വീട്ടിൽ കയറിയെന്നും ടിവി കണ്ടുവെന്നും അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ടെലികമ്യൂഷൻ ഡ്യൂട്ടി ഓഫീസറായിരുന്ന ഒരു എസ് ഐയോട് ആവശ്യപ്പെട്ടു. എസ് ഐയിൽ നിന്ന് പൊലീസുകരെനതിരെ റിപ്പോർട്ട് വാങ്ങിയാണ് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.

എന്നാൽ പൊലീസ് അസോസിയേഷനും ഗൺമാനും ഉയർത്തിയ ആരോപണം എസ് പി തള്ളിയിരിക്കുകയാണ്. വീട്ടുജോലി ചെയ്യിക്കാൻ നിർബന്ധിച്ചിട്ടില്ലെന്നും ഐജിയുടെ നടപടി അദ്ദേഹത്തിന്റെ തീരുമാനമാണെന്നുമാണ് എസ്പി പറഞ്ഞത്. 

click me!