എംഡിഎംഎ കേസ് അന്വേഷിക്കുന്നതിൽ വീഴ്ച വരുത്തിയ പള്ളുരുത്തി പൊലീസ് സ്റ്റേഷനിലെ എസ്ഐ മനോജിനെ സസ്പെന്‍ഡ് ചെയ്തു. റേയ്ഞ്ച് ഐജിയാണ് നടപടിയെടുത്തത്
കൊച്ചി: മയക്കുമരുന്ന് കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് പൊലീസുകാരന് സസ്പെന്‍ഷന്‍. എറണാകുളം പള്ളുരുത്തി പൊലീസ് സ്റ്റേഷനിലെ എസ് ഐ മനോജിനെതിരെയാണ് നടപടി. ആറ് ഗ്രാം എംഡിഎംഎയുമായി പള്ളുരുത്തി തട്ടാംപറമ്പ് സ്വദേശിയായ അഷറഫ് പ്രതിയായ കേസിന്‍റെ അന്വേഷണത്തില്‍ വീഴ്ചവരുത്തിയെന്നാണ് കണ്ടെത്തല്‍. റേയ്ഞ്ച് ഐജിയാണ് മനോജിനെതിരെ നടപടിയെടുത്തത്. കൊച്ചിയിൽ ലഹരി കേസുകള്‍ വര്‍ധിക്കുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥനെതിരെ ഉന്നത ഉദ്യോഗസ്ഥൻ നടപടി സ്വീകരിക്കുന്നത്. കേസ് അന്വേഷണത്തിലുണ്ടായ വീഴ്ച എന്താണെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സസ്പെന്‍ഡ് ചെയ്ത നടപടിയിൽ പറയുന്നില്ല. അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
ഇതിനിടെ, ഗുണ്ടാ നേതാവ് ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ സിനിമാതാരങ്ങളെ ചോദ്യം ചെയ്യുമെന്ന് കൊച്ചി ഡിസിപി കെ എസ് സുദർശൻ പറഞ്ഞു. കൂടുതൽ തെളിവുകൾ ലഭിച്ച ശേഷമായിരിക്കും താരങ്ങളെ ചോദ്യം ചെയ്യുക. കൊച്ചിയിൽ നടന്ന ഡിജെ പാർട്ടിയെക്കുറിച്ചും അന്വേഷിക്കും. പിടിച്ചെടുത്ത ലഹരി വസ്തുക്കൾ വിശദ പരിശോധനക്ക് അയച്ചെന്നും കെ എസ് സുദർശൻ അറിയിച്ചു.
undefined
കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓംപ്രകാശിനെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് നടി പ്രയാഗ മാര്‍ട്ടിന്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവരുടെ പേരുകളുള്ളത്. പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിന്റെ മുറിയിൽ എത്തിയെന്നാണ് പൊലീസ് റിപ്പോർട്ടിലുളളത്. ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക് ചെയ്തിരുന്നത്. ഇവർക്ക് പുറമേ സ്ത്രീകളടക്കം 20 ഓളം പേർ ഓം പ്രകാശിന്റെ മുറിയിൽ എത്തിയിട്ടുണ്ടെന്നും പൊലീസ് വെളിപ്പെടുത്തുന്നു. ലഹരിവസ്തുക്കൾ കൈവശം വെച്ചതിന് കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലായ സെവൻ സ്റ്റാർ ഹോട്ടലിൽ നിന്നും ഓം പ്രകാശിനെയും സുഹൃത്തായ ഷിഹാസിനെയും പൊലീസ് പിടികൂടിയത്.