മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ; കോട്ടയത്തെ പൊതുപരിപാടിയില്‍ മാധ്യമങ്ങള്‍ക്കും അസാധാരണ നിര്‍ദ്ദേശം

By Web Team  |  First Published Jun 11, 2022, 9:16 AM IST

പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വേദിയിലെത്താന്‍ മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 


കോട്ടയം: സ്വര്‍ണ്ണക്കടത്ത് വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രിയുടെ സുരക്ഷ പൊലീസ് കൂട്ടി. കോട്ടയത്തെ പൊതുപരിപാടിക്ക് വന്‍ സുരക്ഷാ വിന്യാസം ഏര്‍പ്പെടുത്തി. പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വേദിയിലെത്താന്‍ മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാധ്യമ പ്രവർത്തകർക്കായി പ്രത്യേക പാസും ഏർപ്പെടുത്തിയിട്ടുണ്ട്. നാട്ടകം ഗസ്റ്റ് ഹൌസിന് മുന്നില്‍ നിന്ന് മാധ്യമങ്ങളെ മാറ്റി. അര കിലോ മീറ്റര്‍ അകലെ നിന്നുമാത്രം ദൃശ്യങ്ങളെടുക്കാനാണ് അനുമതിയുള്ളത്. വേദിയിലേക്കുള്ള വഴി പൊലീസ് അടച്ചു. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്താണ് നിയന്ത്രണങ്ങളെന്നാണ് പൊലീസ് പറയുന്നത്. 

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍റെ സമ്മേളന ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി കോട്ടയത്ത് എത്തുന്നത്. മുഖ്യമന്ത്രി വരുന്നതിന് മുന്നോടിയായി കോട്ടയം നഗരത്തിലെ പ്രധാന റോഡുകളെല്ലാം മുന്നറിയിപ്പില്ലാതെ അടച്ചു. മുഖ്യമന്ത്രി വരുന്നതിനും ഒന്നേകാൽ മണിക്കൂർ മുമ്പേയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ബസേലിയോസ് ജംഗ്ഷൻ, കളക്ടറേറ്റ് ജംഗ്ഷൻ, ചന്തക്കവല, ഈരയിൽ കടവ് തുടങ്ങി കെ കെ റോഡിലെ എല്ലാ പ്രധാന കവലകളും അടച്ചു.

Latest Videos

click me!