യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലിയ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ് നൽകുന്നതിനെതിരെ പ്രതിഷേധം
ആലപ്പുഴ: നവ കേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലിയ ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ് നൽകിയതിൽ പ്രതിഷേധം. കേസ് അന്വേഷണത്തിൽ പൊലീസ് തുടക്കം മുതലേ ഉരുണ്ടു കളിച്ചെന്ന് മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജുവൽ കുര്യകോസ് പ്രതികരിച്ചു. അന്ന് അടികൊണ്ട തന്നോട് ദൃശ്യങ്ങൾ എടുത്തില്ലേ എന്ന് ചോദിച്ചവരാണ് പോലീസുകാർ. അടി കൊള്ളുമ്പോൾ താനെങ്ങനെ വീഡിയോ എടുക്കുമെന്ന് തിരിച്ചുചോദിച്ചു. ജനങ്ങൾ മുഴുവൻ കണ്ട കാര്യം എങ്ങനെയാണ് പൊലീസ് തള്ളുന്നതെന്നാണ് അജയുടെ ചോദ്യം. പൊലീസിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും അജയ് വ്യക്തമാക്കി.
ഗൺമാൻമാർക്കെതിരെയുള്ള അന്വേഷണം അവസാനിപ്പിക്കാൻ ജില്ലാ ക്രൈം ബ്രാഞ്ച് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റഫറൻസ് റിപ്പോർട്ട് നൽകിയതിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. നീതിക്കായി ഏതറ്റം വരെയും പോകുമെന്ന് മർദനത്തിനിരയായ കെഎസ്‍യു ജില്ലാ പ്രസിഡന്‍റ് എ ഡി തോമസ് പ്രതികരിച്ചു. തങ്ങളെ അകാരണമായി തല്ലിച്ചതയ്ക്കുന്നത് പൊതുസമൂഹം മുഴുവൻ കണ്ടതാണെന്ന് തോമസ് പറഞ്ഞു.
undefined
ദൃശ്യങ്ങൾ ഇല്ലെന്ന പരാമർശത്തിൽ ആശ്ചര്യം തോന്നുന്നു. മർദന ദൃശ്യങ്ങൾ സിഡിയിലും പെൻഡ്രൈവിലും ആക്കി അന്വേഷണ സംഘത്തിന് നൽകിയതാണ്. ഒക്ടോബർ 17 ന് കോടതിയിൽ തടസ്സ ഹർജി നൽകുമെന്നും തോമസ് പറഞ്ഞു. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർക്കെതിരെയും നിയമ നടപടി ആവശ്യപ്പെടും
മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുക മാത്രമാണ് ഉദ്യോഗസ്ഥർ ചെയ്തതെന്നും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിന് പര്യാപ്തമായ ഇടപെടൽ മാത്രമാണ് നടത്തിയതെന്നുമാണ് പൊലീസിന്‍റെ റിപ്പോർട്ടിൽ പറയുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് കേസിന് പര്യാപ്തമായ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ലെന്നും ദൃശ്യങ്ങൾ ഹാജരാക്കാൻ മാധ്യമങ്ങൾക്ക് നോട്ടീസ് നൽകിയെങ്കിലും യാതൊരു ദൃശ്യങ്ങളും ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കുറ്റാരോപിതരായ സന്ദീപും അനിൽ കുമാറും നടത്തിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രമാണെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.
അതിനിടെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലുന്ന ദൃശ്യങ്ങൾ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തിൽ പുറത്ത് വിട്ടു. പിണറായി വിജയൻ ആഭ്യന്തര മന്ത്രി ആയിരിക്കുമ്പോൾ പോലീസ് കഴിവ് കെട്ടവരും കള്ളന്മാരും ആകുന്നത് സ്വഭാവികമാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ക്രൈം ബ്രാഞ്ച് നടത്തിയ 'ഊർജ്ജിതമായ അന്വേഷണത്തിൽ' കണ്ടെത്താൻ കഴിയാതെയിരുന്ന വീഡിയോ ഡിജിപിക്കും ക്രൈം ബ്രാഞ്ച് മേധാവിക്കും കൈമാറിയെന്നും രാഹുല്‍ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.