പാലക്കാട്ട് വളർത്തുനായയുടെ കണ്ണുകൾ ചൂഴ്ന്നെടുത്ത സംഭവം: പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ്

By Pranav Ayanikkal  |  First Published Nov 27, 2022, 6:13 PM IST

പാലക്കാട് പട്ടാമ്പിക്ക് അടുത്ത് മുതുതലയിൽ ചിത്രകാരി ദുർഗാ മാലതിയുടെ വളർത്തു നായ നക്കുവിന് നേരെയാണ് ഈ ക്രൂരതയുണ്ടായത്. ഒരാഴ്ച മുമ്പാണ് നായയെ വീട്ടിൽ നിന്ന്  കാണാതായത്.


പാലക്കാട്: പട്ടാമ്പിയിൽ  വളർത്തു നായയുടെ കണ്ണുകൾ ചൂഴ്ന്നെടുത്ത കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

പാലക്കാട് പട്ടാമ്പിക്ക് അടുത്ത് മുതുതലയിൽ ചിത്രകാരി ദുർഗാ മാലതിയുടെ വളർത്തു നായ നക്കുവിന് നേരെയാണ് ഈ ക്രൂരതയുണ്ടായത്. ഒരാഴ്ച മുമ്പാണ് നായയെ വീട്ടിൽ നിന്ന്  കാണാതായത്. വീടിനു മുന്നിൽ കെട്ടിയിട്ട നായയെ രാത്രി 12 മണിക്ക് നോക്കുമ്പോൾ കണ്ടില്ല. ഏറെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

Latest Videos

വെള്ളിയാഴ്ച വീട്ടിൽ തിരിച്ചെത്തിയ നായയുടെ രണ്ടു കണ്ണുകളും ചൂഴ്ന്നെടുത്ത നിലയിൽ ആയിരുന്നു. ഉടമയുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. നായയുടെ ദേഹത്ത് മറ്റ് മുറിവുകളില്ല. കണ്ണ് ആരെങ്കിലും കുത്തിപ്പൊട്ടിച്ചതായിരിക്കാമെന്നാണ് നിഗമനം. കേസിൽ നിരവധി പേരെ ചോദ്യം ചെയ്തു. ഉടമയോട് ആർക്കെങ്കിലും വ്യക്തിവിരോധം ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
 
കേസിൽ ഒന്നിലേറെ പേരുണ്ടാകാമെന്നാണ് നിഗമനം. സംശയമുള്ള ഒരു സംഘം പൊലീസിൻ്റെ നിരീക്ഷണത്തിലാണ്. നായയെ തൃശൂർ വെറ്റിനറി ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. രണ്ടു കണ്ണുകളുടെയും കൃഷ്ണമണികൾ നഷ്ടപ്പെട്ടതിനാൽ കണ്ണിൻ്റെ ഭാഗം പൂർണമായി തുന്നിക്കെട്ടി സംരക്ഷിക്കാനാണ് വീട്ടുകാരുടെ തീരുമാനം.

click me!