സ്കൂൾ കായിക മേളയിലെ പൊലീസ് നടപടി; സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി കെ എസ് യു

By Web Team  |  First Published Nov 11, 2024, 9:52 PM IST

സ്കൂൾ കായികമേളയുടെ സമാപന ചടങ്ങിനിടെയുണ്ടായ വിദ്യാർത്ഥി പ്രതിഷേധത്തിലെ പൊലീസ് നടപടിയിൽ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി കെഎസ്‍യു.  


കൊച്ചി: സ്കൂൾ കായികമേളയുടെ സമാപന ചടങ്ങിനിടെയുണ്ടായ വിദ്യാർത്ഥി പ്രതിഷേധത്തിലെ പൊലീസ് നടപടിയിൽ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി കെഎസ്‍യു. സ്കൂൾ വിദ്യാർത്ഥികളെ മർദ്ദിക്കാൻ പോലീസിന് ആരാണ് ലൈസൻസ് നൽകിയതെന്ന് കെഎസ് യു വാർത്താക്കുറിപ്പിൽ വിമർശിച്ചു. വിദ്യാര്‍ത്ഥികളെ മർദ്ദിച്ച പോലീസ് നടപടി പ്രതിഷേധാർഹമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. 

സ്കൂൾ വിദ്യാർത്ഥികളെ കായികമായി നേരിടാൻ കേരളാ പോലീസിന് ആരും ലൈസൻസ് നൽകിയിട്ടില്ല എന്ന് ഓർമ്മ വേണം. പോയിന്റ് പട്ടികയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി പ്രതിഷേധം ഉണ്ടായെങ്കിൽ പക്വതയോടെ വിഷയത്തെ കൈകാര്യം ചെയ്യേണ്ട പോലീസ് അസത്യം പറയുകയും മർദ്ദിക്കുകയും ചെയ്ത നടപടി എങ്ങനെ അംഗീകരിക്കാനാകുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് ചോദിച്ചു.

Latest Videos

undefined

വിദ്യാർത്ഥികളെ വലിച്ചിഴച്ച് പുറത്തു കൊണ്ടുപോകാൻ ശ്രമിച്ചതിന് സ്ഥലത്തുണ്ടായിരുന്ന മാധ്യമ പ്രവർത്തകരും രക്ഷകർത്താക്കളും സാക്ഷികളാണ്. പോലീസിൻ്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച്ചയാണെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് വ്യക്തമാക്കി.

വിദ്യാർത്ഥികൾക്കു നേരെയുണ്ടായ പോലീസ് മർദ്ദനത്തെ തുടർന്ന് സ്കൂൾ അധികൃതർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും കെ.എസ്.യു സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷനെ സമീപിക്കുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് വ്യക്തമാക്കി.

click me!