കൊവിഡ് ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
കൊച്ചി: പ്രശസ്ത കവിയും ഗാനരചയിതാവുമായ എസ് രമേശൻ നായർ അന്തരിച്ചു. കൊവിഡ് ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
1948 ൽ കന്യാകുമാരിയിലെ കുമാരപുരത്ത് ജനിച്ച എസ് രമേശൻ നായർ ഏറെക്കാലമായി കൊച്ചിയിലായിരുന്നു താമസം. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ സബ്എഡിറ്ററായും കാശവാണിയിൽ നിർമ്മാതാവായും ജോലിചെയ്തിരുന്നു. 1985-ൽ പുറത്തിറങ്ങിയ രംഗം എന്ന ചിത്രത്തിലൂടെയായിരുന്നു രമേശൻ നായർ സിനിമാപാട്ടെഴുത്തിലേക്കെത്തിയത്. പിന്നീട് അഞ്ഞൂറോളം സിനിമ പാട്ടുകളും ആയിരത്തോളം ഭക്തിഗാനങ്ങളും അദ്ദേഹത്തിന്റെ തൂലികയിൽ പുറത്തിറങ്ങി.
undefined
2010-ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും ആശാൻ പുരസ്കാരവും നേടിയ കവിയ്ക്ക് 2018 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഗുരുപൗർണമി എന്ന കാവ്യ സമാഹാരത്തിനു ലഭിച്ചു. അദ്ധ്യാപികയും എഴുത്തുകാരിയുമായ പി. രമയാണ് ഭാര്യ. സംഗീതസംവിധായകൻ മനു രമേശൻ ഏക മകനാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നാളെ രാവിലെ 11 മണിയ്ക്ക് പച്ചാളം ശാന്തി കവാടത്തിൽ വെച്ചായിരിക്കും സംസ്കാര ചടങ്ങുകൾ.