മലയാള ഭാഷയ്ക്ക് ശ്രേഷ്ഠ പദവി നേടി എടുക്കുന്നതില്‍ പുതുശ്ശേരി രാമചന്ദ്രൻ വഹിച്ചത് നിർണ്ണായക പങ്കാണ്. ഭരണകൂടത്തിന്‍റെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കെതിരെ ഉച്ചത്തില്‍ ശബ്ദമുയര്‍ത്തിയ കവി കൂടിയാണ് ഓര്‍മ്മയായത്.
തിരുവനന്തപുരം: ഭാഷാ പണ്ഡിതനും കവിയുമായ ഡോ.പുതുശ്ശേരി രാമചന്ദ്രൻ അന്തരിച്ചു. 92 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളാണ് ഏറെക്കാലമായി വിശ്രമത്തിലായിരുന്നു കവി.
മലയാളത്തിലെ വിപ്ലവ സാഹിത്യത്തിന്‍റെ മുന്നണിക്കാരിൽ ഒരാളാണ് വിട പറയുന്നത്. സ്വാതന്ത്ര്യ സമരകാലം മുതൽ രചനകളിലൂടെ കേരളത്തിന്‍റെ വിപ്ലവകാലങ്ങൾക്ക് ദിശാബോധം നൽകിയ കവിയാണദ്ദേഹം.
മലയാള ഭാഷയ്ക്ക് ശ്രേഷ്ഠ പദവി നേടി എടുക്കുന്നതില്‍ പുതുശ്ശേരി രാമചന്ദ്രൻ വഹിച്ചത് നിർണ്ണായക പങ്കാണ്. ഭരണകൂടത്തിന്‍റെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കെതിരെ ഉച്ചത്തില്‍ ശബ്ദമുയര്‍ത്തിയ കവി കൂടിയാണ് ഓര്‍മ്മയായത്.
'തിളച്ച മണ്ണിൻ കാൽ നടയായ്' - ഇതാണ് പുതുശ്ശേരിയുടെ ആത്മകഥയുടെ പേര്. പുതുശ്ശേരിയുടെ സ്വജീവിതത്തെ ഇത്രയും അക്ഷരാർത്ഥത്തിൽ രേഖപ്പെടുത്താൻ മറ്റൊരു പേരില്ല.
വിപ്ലവകവികളിലെ ഉറച്ച ശബ്‍ദം
തെക്കൻ കേരളത്തിലെ പ്രധാന സമരഭൂമികയായ വള്ളിക്കുന്നം പഞ്ചായത്തിലാണ് പുതുശ്ശേരി രാമചന്ദ്രൻ ജനിച്ചത്. സ്കൂൾ കാലം മുതൽ പഠനത്തോടൊപ്പം പോരാട്ടവും തുടങ്ങി. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന്‍റെ പേരിൽ വള്ളിക്കുന്നം സ്കൂളിൽ നിന്നും പുറത്താക്കപ്പെട്ട പുതുശ്ശേരി രാമചന്ദ്രൻ 1947 ഓഗസ്റ്റ് 15-ന് അതേ സ്കൂളിൽ പതാക ഉയർത്തി.
വിദ്യാർത്ഥി കോൺഗ്രസിൽ നിന്നും പിന്നെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ചുവടുമാറ്റം. ശൂരനാട് വിപ്ലവത്തെ തുടർന്ന് തോപ്പിൽ ഭാസി അടക്കമുള്ള നേതാക്കൾ അറസ്റ്റിലായപ്പോൾ പാർട്ടിയെ മുന്നിൽ നിന്നും നയിച്ചു. അറസ്റ്റും ജയിൽശിക്ഷയും മർദ്ദനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നത് നിരവധി തവണ.
രാഷ്ട്രീയ പ്രവർത്തനത്തിനൊപ്പം ചെറുപ്പം മുതൽ ഏഴുത്തിലും സജീവമായിരുന്നു അന്നേ അദ്ദേഹം. ഭാരതത്തൊഴിലാളി എന്ന കയ്യെഴുത്ത് മാസികയിൽ തുടങ്ങി, എന്‍റെ സ്വാതന്ത്ര്യസമര കവിതകൾ, പുതുശ്ശേരി കവിതകൾ, ഗ്രാമീണ ഗായകൻ എന്നിങ്ങനെ നിരവധി കവിതാ സമാഹാരങ്ങൾ.
രാഷ്ട്രീയത്തിനും എഴുത്തിനൊപ്പം പിന്നെ പുതുശ്ശേരി എത്തുന്നത് അധ്യാപന രംഗത്താണ്. 1957-ല്‍ കൊല്ലം എസ്.എന്‍.കോളേജില്‍ അധ്യാപക ജിവിതം തുടങ്ങിയ അദ്ദേഹം കേരള സര്‍വകലാശാലയിലെ മലയാള വിഭാഗം പ്രൊഫസറായാണ് വിരമിച്ചത്.
ഭാഷയെ അതിരറ്റ് സ്നേഹിച്ച കവി
പ്രസ്ഥാനത്തൊടെന്ന പോലെ മലയാളഭാഷയെയും അകമഴിഞ്ഞ് സ്നേഹിച്ചു അദ്ദേഹം. 1978-ല്‍ ലോകമലയാള സമ്മേളനം തിരുവനന്തപുരത്ത് നടന്നത് പുതുശേരിയുടെ നേതൃത്വത്തിൽ. പിന്നീട് വിദേശരാജ്യങ്ങളിലും മലയാളത്തിനായി സമ്മേളനങ്ങളൊരുക്കി. മലയാള ഭാഷക്ക് ശ്രേഷ്ഠ ഭാഷാ പദവി നേടി എടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു.
പുതുശ്ശേരി അധ്യക്ഷനായ സമിതി 9 മാസം കൊണ്ട് നാല് വാള്യങ്ങളായി തയ്യാറാക്കിയ റിപ്പോര്‍ട്ടായിരുന്നു ശ്രേഷ്ഠഭാഷാ പദവിക്കായുള്ള ശ്രമത്തിന്‍റെ പ്രധാന ഘടകം. പഠനം മുടങ്ങുമെന്ന കാരണം പറഞ്ഞ് കലാലയ രാഷ്ട്രീയത്തെ എതിര്‍ക്കുന്നവരെയൊക്കെ സ്വന്തം ജീവിതം ഉദാഹരിച്ചാണ് അദ്ദേഹം തളളിക്കളഞ്ഞത്.
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്കാരം, മഹാകവി ഉള്ളൂർ അവാർഡ്, കുമാരനാശാൻ അവാർഡ്, വള്ളത്തോൾ അവാർഡ് അടക്കം അദ്ദേഹത്തെ തേടിയെത്തിയത് നിരവധി അംഗീകാരങ്ങളാണ്. പോയ വര്‍ഷം വയലാര്‍ അവാര്‍ഡിന് അദ്ദേഹത്തിന്‍റെ ആത്മകഥ പരിഗണിക്കപ്പെട്ടെങ്കിലും അവാര്‍ഡ് നിര്‍ണയ സമിതിയിലെ എതിര്‍പ്പ് വിവാദമായിരുന്നു.