മാർപ്പാപ്പ ഇന്ത്യയിലെത്തും, ക്രിസ്മസ് വിരുന്നിൽ സഭാ പ്രതിനിധികൾക്ക് മോദിയുടെ ഉറപ്പ്, മണിപ്പൂർ ചർച്ചയായില്ല

By Web Team  |  First Published Dec 25, 2023, 3:09 PM IST

സഭാ പ്രതിനിധികളും, വ്യവസായ പ്രമുഖരും ഉൾപ്പടെ 60 പേരാണ് പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ ദില്ലിയിൽ പങ്കെടുത്തത്. ഔദ്യോഗിക വസതിയിലാണ് വിരുന്ന് നടത്തിയത്


ദില്ലി : ഫ്രാൻസിസ് മാർപ്പാപ്പ 2024 പകുതിയോടെയോ 2025 ആദ്യമോ ഇന്ത്യയിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചതായി ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ക്രൈസ്തവ സഭാ മേലധ്യക്ഷന്മാർ. മണിപ്പൂർ വിഷയമോ മറ്റ് രാഷ്ട്രീയ വിഷയങ്ങളോ വിരുന്നിൽ ചർച്ചയായില്ല. എങ്കിലും വലിയ പ്രതീക്ഷ നൽകുന്ന നടപടിയാണ് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുമുണ്ടായത്. വികസനത്തിന് ക്രിസ്ത്യൻ നേതൃത്വത്തിൻ്റെ പിന്തുണ വേണമെന്ന് മോദി ആവശ്യപ്പെട്ടു. ക്രൈസ്തവർ രാജ്യത്തിന് നല്കിയത് നിസ്തുല സേവനമാണെന്നും വികസനത്തിൻറെ ഗുണം എല്ലാവർക്കും കിട്ടാനാണ് ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങിൽ പറഞ്ഞു. 

സഭാ പ്രതിനിധികളും, വ്യവസായ പ്രമുഖരും ഉൾപ്പടെ 60 പേരാണ് പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ ദില്ലിയിൽ പങ്കെടുത്തത്. ഔദ്യോഗിക വസതിയിലാണ് വിരുന്ന് നടത്തിയത്. ഇതാദ്യമായാണ് ലോക് കല്യാൺ മാര്‍ഗിലെ മോദിയുടെ വസതിയില്‍ ക്രിസ്മസ് വിരുന്നൊരുക്കുന്നത്. കേരളം, ദില്ലി, ഗോവ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സഭാധ്യക്ഷന്മാർക്കായിരുന്നു ക്ഷണം. ക്രൈസ്തവ സമുദായത്തിലെ വ്യവസായ പ്രമുഖരും വിരുങ്ങിൽ പങ്കെടുത്തു.  

Latest Videos

തന്ത്രി കേക്ക് മുറിച്ചു, വേദപുസ്തകം സമ്മാനമായി സ്വീകരിച്ചു, പായസം വിളമ്പി, ദേവീ ക്ഷേത്രത്തിലെ ക്രിസ്മസ് ആഘോഷം

രാജ്യമെമ്പാടും  ക്രിസ്മസ് ദിന ആശംസകള്‍ കൈമാറണമെന്ന് പ്രവര്‍ത്തകര്‍ക്ക് ബിജെപി നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി വിരുന്നൊരുക്കുന്നത്. തെക്കേ ഇന്ത്യയിലടക്കം ലോക് സഭ തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ സമുദായത്തോടടുക്കാന്‍ ബിജെപി വലിയ ശ്രമം നടത്തുകയാണ്. കഴിഞ്ഞ കേരള സന്ദര്‍ശനത്തില്‍ കൊച്ചിയില്‍ ക്രൈസ്തവ സഭാധ്യക്ഷന്മാരെ മോദി കണ്ടിരുന്നു. മണിപ്പൂര്‍ കലാപത്തിലൂടെ ക്രൈസ്തവ സമുദായത്തിനുണ്ടായ മുറിവ് ഉണക്കാന്‍ കൂടിയാണ് മോദിയുടെ ശ്രമം.

 

 


 

click me!