പ്രധാനമന്ത്രി ദുരന്തഭൂമിയിൽ; ഹെലികോപ്ടറിൽ ആകാശനിരീക്ഷണം, റോഡ് മാര്‍ഗം ചൂരൽമലയിലേക്ക്

By Web Team  |  First Published Aug 10, 2024, 11:54 AM IST

കല്‍പറ്റയില്‍ നിന്നും റോഡ് മാര്‍ഗം പ്രധാനമന്ത്രി ഉരുള്‍പൊട്ടലുണ്ടായ ചൂരൽമലയിലേക്ക് പുറപ്പെട്ടു


കല്‍പ്പറ്റ: വയനാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കല്‍പ്പറ്റയിൽ നിന്ന് റോഡ് മാര്‍ഗം ഉരുള്‍പൊട്ടലുണ്ടായ ചൂരൽമലയിലേക്ക് പുറപ്പെട്ടു. ഇന്ന് രാവിലെ കണ്ണൂരിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്ടറിൽ ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈ,ചൂരൽമല, പുഞ്ചിരിമട്ടം മേഖലയില്‍ ആകാശ നിരീക്ഷണം നടത്തി. ഇതിനുശേഷമാണ് കല്‍പറ്റയിൽ നിന്നും ചൂരൽമലയിലേക്ക് പുറപ്പെട്ടത്.

പ്രധാനമന്ത്രിക്കൊപ്പം കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി തുടങ്ങിയവരുമുണ്ട്. ആകാശ നിരീക്ഷണം പൂര്‍ത്തിയാക്കിയശേഷം ഉച്ചയ്ക്ക് 12.15ഓടെയാണ് കല്‍പ്പറ്റ എസ്കെഎംജെ സ്കൂള്‍ ഗ്രൗണ്ടിൽ ഹെലികോപ്ടര്‍ ഇറങ്ങിയത്. രണ്ടു ഹെലികോപ്ടറുകളാണ് കല്‍പ്പറ്റയിലെ ഹെലിപാഡിലിറങ്ങിയത്. തുടര്‍ന്ന് 12.25ഓടെയാണ് റോഡ് മാര്‍ഗം കല്‍പ്പറ്റയിൽ നിന്ന് ചൂരൽമലയിലേക്ക് പുറപ്പെട്ടത്. കല്‍പറ്റയില്‍ നിന്ന് മേപ്പാടി വഴി 18 കിലോമീറ്ററാണ് ചൂരൽമലയിലേക്കുള്ളത്. വൈകിട്ട് മൂന്നു മണി വരെ പ്രധാനമന്ത്രി ദുരന്തമേഖലയില്‍ തുടരും. 

ഇവിടെ നിന്നും നിന്ന് റോഡ് മാര്‍ഗം ചൂരൽമലയിലേ ദുരന്തഭൂമിയിലെത്തും. ക്യാംപില്‍ കഴിയുന്നവരെ മോദി നേരില്‍ കണ്ട് സംസാരിക്കും. ദുരിതബാധിതരുടെ പുനരധിവാസത്തിന് 2000 കോടിയുടെ പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെടാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഇന്ന് രാവിലെ 11 മണിയോടെയാണ് മോദി കണ്ണൂർ വിമാനത്താവളത്തിലെത്തിയത്.

Latest Videos

കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു. കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപിയും മോദിക്കൊപ്പമുണ്ടായിരുന്നു. രണ്ട് ഹെലികോപ്റ്ററിലായിട്ടാണ് വയനാട്ടിലെ ദുരന്തബാധിത മേഖലയിലേക്ക് പുറപ്പെട്ടത്.കെ കെ ശൈലജ ടീച്ചർ എം എൽ എ, ചീഫ് സെക്രട്ടറി ഡോ. വി വേണു, ഡി ജി പി ഷേഖ് ദർവേശ് സാഹിബ്‌, ജില്ലാ കളക്ടർ അരുൺ കെ വിജയൻ, സിറ്റി പോലീസ് കമ്മിഷണർ അജിത് കുമാർ, എ പി അബ്ദുള്ളക്കുട്ടി, സി കെ പത്മനാഭൻ തുടങ്ങിയവരും പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയിരുന്നു. 
 

പ്രധാനമന്ത്രി മോദി കേരളത്തില്‍; സ്വീകരിച്ച് മുഖ്യമന്ത്രിയും ഗവര്‍ണറും, വയനാട്ടിലേക്ക് തിരിക്കും

click me!