പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ്: സാങ്കേതിക തകരാർ പരിഹരിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി

By Web Team  |  First Published Jul 30, 2022, 2:19 PM IST

4 സെർവറുകളിൽ ഒരേ സമയം ഒരു ലക്ഷത്തിൽ കൂടുതൽ പേർ കയറിയതാണ് പ്രശ്നത്തിന് കാരണമെന്ന് മന്ത്രി


തിരുവനന്തപുരം: പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച പോർട്ടലിലെ സാങ്കേതിക തകരാർ പരിഹരിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. 4 സെർവറുകളിൽ ഒരേ സമയം ഒരു ലക്ഷത്തിൽ കൂടുതൽ പേർ കയറിയതാണ് പ്രശ്നത്തിന് കാരണമെന്നും മന്ത്രി പറഞ്ഞു. ഇത് പരിഹരിക്കാൻ ഡാറ്റാ സെന്റർ , ഐടി മിഷൻ, എൻഐസി എന്നിവർ കൂടുതൽ സർവറുകൾ ഒരുക്കിയതായും മന്ത്രി അറിയിച്ചു. ഇന്ന് രാവിലെ 11.50 വരെ 1,76,076 പേർ റിസൾട്ട് പരിശോധിച്ചു. 47,395 പേർ അപേക്ഷയിൽ തിരുത്തലുകൾ അല്ലെങ്കിൽ ഓപ്ഷനുകൾ കൂട്ടിച്ചേർത്തതായും വി.ശിവൻകുട്ടി അറിയിച്ചു. 

അപേക്ഷാ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശങ്ക വേണ്ടെന്ന്  മന്ത്രി പറഞ്ഞു. പ്രവേശന നടപടികൾ സുഗമമായി നടക്കും. മുൻവർഷത്തിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ആദ്യം തന്നെ അധിക ബാച്ചിലേക്ക് പ്രവേശനം നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. അർഹതയുള്ള എല്ലാവർക്കും പ്രവേശനം ഉറപ്പാണെന്നും മന്ത്രി പറഞ്ഞു.

Latest Videos

പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ്: ഒരാൾ ഫോണിൽ സംസാരിക്കുമ്പോൾ മറ്റൊരാളെ വിളിച്ചാൽ കിട്ടില്ലല്ലോ എന്ന് മന്ത്രി

വിഷയം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഒരാൾ ഫോണിൽ സംസാരിക്കുമ്പോൾ മറ്റൊരാളെ വിളിച്ചാൽ കിട്ടില്ലല്ലോ എന്നായിരുന്നു മന്ത്രി രാവിലെ പറഞ്ഞത്. അത്രമാത്രമേ ഇതിനെ കാണേണ്ടതുള്ളൂ. ഒരുപാട് വിദ്യാർത്ഥികൾ ഒന്നിച്ച് സൈറ്റിൽ കയറിയതാണ് പ്രശ്നമായതെന്നും ശിവൻകുട്ടി വിശദീകരിച്ചു. ട്രയൽ അലോട്ട്മെന്റിൽ തിരുത്തലുകൾ വരുത്താൻ നൽകിയ സമയപരിധി നീട്ടേണ്ടി വരില്ല എന്നും മന്ത്രി പറഞ്ഞു. ‌ഞായറാഴ്ച വൈകീട്ട് അഞ്ച് മണിക്കകം തിരുത്തലുകൾ പൂർത്തിയാക്കണമെന്നാണ് ഹയർസെക്കണ്ടറി വകുപ്പ് നൽകിയിരിക്കുന്ന നിർദേശം. എന്നാൽ സാങ്കേതിക തകരാർ ഉണ്ടായതോടെ കുട്ടികൾക്ക് ഇന്നലെ രാത്രി വരെയും സൈറ്റിൽ കയറാൻ ആയിരുന്നില്ല. ഈ സാഹചര്യത്തിൽ സമയപരിധി നീട്ടി നൽകണമെന്ന് ആവശ്യം ഉയർന്നിരുന്നു. ഈ ആവശ്യം മന്ത്രി  തള്ളിയതോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്.

 

click me!