അൻവറിനെ അനുകൂലിച്ച് കുഞ്ഞാലിക്കുട്ടി; 'പ്രതിഷേധം പൊതുതാത്പര്യം മുൻനിർത്തി, വനനിയമ ഭേദഗതിയെ എതിർക്കും'

By Web Desk  |  First Published Jan 6, 2025, 10:21 AM IST

മലയോര മേഖലയുടെ പ്രശ്നമാണ് അൻവ‍ർ ഉന്നയിച്ചതെന്നും പൊതുതാത്പര്യം മുൻനിർത്തിയുള്ള പ്രതിഷേധമാണ് നടന്നതെന്നും പികെ കുഞ്ഞാലിക്കുട്ടി


മലപ്പുറം: പിവി അൻവ‍ർ എംഎൽഎക്ക് പിന്തുണയുമായി പികെ കുഞ്ഞാലിക്കുട്ടി. വൻ പൊലീസ് സന്നാഹത്തോടെയുള്ള അറസ്റ്റ് ജനത്തിന് ഉൾക്കൊള്ളാൻ സാധിക്കാത്തതാണെന്നും അൻവർ ഉയർത്തിയത് മലയോര മേഖലയുടെ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. പൊതുതാത്പര്യം മുൻനിർത്തിയുള്ള പ്രതിഷേധമാണ് നടന്നത്. വന നിയമ ഭേദഗതിയെ നിയമസഭയിൽ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനജീവിതം ദുസഹമാക്കുന്നതാണ് വന നിയമ ഭേദഗതി. ജനങ്ങളെ ആന കൊല്ലുമ്പോൾ സർക്കാർ നിസ്സംഗത തുടരുകയാണ്. ഇതിനെ പറ്റി ഗൗരവകരമായ ചർച്ച പോലും നടക്കുന്നില്ല. വന നിയമത്തിനെതിരായ പ്രക്ഷോഭം മുസ്ലിം ലീഗ് ആലോചിക്കുന്നുണ്ട്. ഇതാണ് അൻവറും ഉന്നയിച്ചത്. ഒരു വലിയ ക്രൂര കൃത്യത്തെ നേരിടുന്ന പോലെയാണ് പോലീസ് അൻവറിനെ നേരിട്ടത്. പക്ഷപാതപരമായ സമീപനം ഉണ്ടായി. അൻവറിനോടുള്ള നയം യുഡിഫ് ചർച്ച ചെയ്ത് തീരുമാനിക്കും. ഇതിലും വലിയ കസേര ചുമന്നുകൊണ്ട് പോയി തല്ലി പൊളിക്കുന്നത് ജനങ്ങൾ കണ്ടിട്ടുണ്ട്. വനനിയമ ഭേദഗതി നിയമസഭയിൽ  എതിർക്കും. അൻവറിനെ മുന്നണിയിലേക്ക് സ്വീകരിക്കുന്നത് സംബന്ധിച്ച് പാർട്ടിക്കുള്ളിൽ ഗൗരവകരമായ ചർച്ചകൾ നടക്കുന്നുണ്ട്. അൻവറുമായി ബന്ധപ്പെട്ട കാര്യങ്ങൾ അടുത്ത യുഡിഎഫ് യോഗത്തിൽ ചർച്ച ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Latest Videos

വിമർശിച്ച് കെഎം ഷാജിയും

ഒരു ജനപ്രതിനിധിയെ മാന്യമായി അറസ്റ്റ് ചെയ്യാനുള്ള മര്യാദ പോലും സർക്കാർ കാണിച്ചില്ലെന്ന് കെഎം ഷാജി പറഞ്ഞു. കേരളത്തിലേത് അധികാര ഭ്രാന്ത് പിടിച്ച സർക്കാരാണ്. കേരളത്തിലെ അതീവ ന്യൂനപക്ഷമായ ഒരു വിഭാഗത്തിലെ ആളാണ് മരിച്ചതെന്നത് ഗൗരവകരം. അവിടുത്തെ ജനപ്രതിനിധിയെ ആ വിഷയത്തിൽ പ്രതികരിച്ചതിനാണ് അറസ്റ്റ് ചെയ്തത്. നിയമസഭ അടിച്ച് തകർത്തവർ മന്ത്രിമാരായ സംസ്ഥാനമാണിത്. ഒന്നുകിൽ കീഴ്‌വഴങ്ങുക അല്ലെങ്കിൽ തൊട്ടിലാട്ടി വീട്ടിൽ ഇരിക്കുക എന്നതാണ്  സി പി എം നയം. നാട്ടിൽ ഇറങ്ങിയാൽ സിപിഎമ്മും കാട്ടിൽ ഇറങ്ങിയാൽ ആനയും കൊല്ലുമെന്ന സ്ഥിതിയാണ്. അൻവറിൻ്റെ അറസ്റ്റ് ചർച്ചയാവണം. അൻവർ ഉയർത്തിയ പ്രശ്നത്തിനും അൻവറിനും കിട്ടേണ്ട ജനാധിപത്യ മര്യാദകൾക്കും പിന്തുണയെന്നും ഷാജി പറഞ്ഞു.

click me!