'ജോ ജോസഫിനെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തി'; വീഡിയോ പ്രചരിപ്പിച്ചത് ആരെന്ന് പുറത്തുവരും: മുഖ്യമന്ത്രി

By Web Team  |  First Published May 27, 2022, 6:39 PM IST

കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാരണം  യുഡിഎഫ് നടത്തി. തള്ളിപ്പറയാന്‍ യുഡിഎഫ് നേതാക്കളാരും വന്നില്ലെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരെയുള്ള വ്യാജ വീഡിയോ പ്രചാരണത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan). ജോ ജോസഫിന്‍റെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാരണം  യുഡിഎഫ് നടത്തി. തള്ളിപ്പറയാന്‍ യുഡിഎഫ് നേതാക്കളാരും വന്നില്ല. യുഡിഎഫിന്‍റേത് ഹീനമായ രീതിയാണ്.  വീഡിയോ പ്രചരിപ്പിച്ചത് ആരെന്ന് പുറത്തുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജോ ജോസഫിനെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ ഇറക്കിയതിന് പിന്നിൽ ഗൂഢ രാഷ്ട്രീയമാണെന്ന് പി കെ ശ്രീമതിയും പറഞ്ഞു. രാഷ്ട്രീയ ലാഭത്തിന് വേണ്ടി നിന്ദ്യമായ കടുംകൈ ചെയ്തവര്‍ക്ക് എതിരെ കേരള മനസാക്ഷി ഒറ്റക്കെട്ടായി നിൽക്കണമെന്ന് ഇടത് വനിതാ സംഘടനാ പ്രതിനിധികൾ  തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു. വ്യാജ വീഡിയോ ഇറക്കി പ്രചാരണം നടത്തിയവര്‍ മാപ്പുപറയണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. 

സംഭവത്തില്‍ രണ്ട് കോൺഗ്രസ് പ്രവർത്തകരാണ് ഇതുവരെ  അറസ്റ്റിലായത്. വ്യാജ പ്രൊഫൈലുകള്‍ വഴിയാണ് പ്രതികള്‍ എല്‍‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരായ അപകീര്‍ത്തികരമായ വീഡിയോ പ്രചരിപ്പിച്ചത്. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ പ്രൊഫൈലുകള്‍ നിരീക്ഷിച്ചാണ് രണ്ടുപേരെ തിരിച്ചരിഞ്ഞത്. അറസ്റ്റിലായ ശിവദാസനും ഷുക്കൂറും യൂത്തുകോണ്‍ഗ്രസിന്‍റെ മുന്‍മണ്ഡലം ഭാരവാഹികളാണെന്ന് പൊലീസ് അറിയിച്ചതോടെ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത്, അനുകൂല സാഹചര്യമൊരുക്കാനുള്ള നീക്കം ഇടതുമുന്നണി തുടങ്ങി. ഇടത് പ്രൊഫൈലുകളൊന്നാകെ സ്ഥാനാര്‍ഥിയുടെയും കുടുംബത്തിന്‍റെയും ചിത്രങ്ങള്‍ പങ്കുവച്ചാണ് പിന്തുണ അറിയിക്കുന്നത്. മണ്ഡലത്തില്‍ ജോ ജോസഫിന്‍റെ കുടുംബഫോട്ടോ വച്ചും ഇടതുമുന്നണി പ്രചാരണം തുടങ്ങിയിട്ടുണ്ട്.

Latest Videos

എന്നാല്‍ വ്യാജവീഡിയോ പ്രചരിക്കുന്നതില്‍ പാര്‍ട്ടിക്കോ മുന്നണിക്കോ യാതോരു ബന്ധവുമില്ലെന്ന് പല ആവര്‍ത്തി പറയുകയാണ് യുഡിഎഫ്. ചവറയില്‍ നിന്ന് പിടികൂടിയ ആള്‍ സിപിഎം പ്രവര്‍ത്തകനാണെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. വീഡിയോ പ്രചാരണത്തെ യുഡിഎഫ് - എൽഡിഎഫ് സ്ഥാനാർത്ഥികൾ തള്ളിക്കളഞ്ഞിരുന്നു. നടിയുടെ പരാതിയും ജോ‍ർജ്ജിന്‍റെ അറസ്റ്റും പിന്നിട്ട് സ്ഥാനാർത്ഥിക്കെതിരായ വ്യക്തിഹത്യയിൽ ഊന്നിയുള്ള  പ്രചാരണത്തിനാണ് എൽഡിഎഫ് ഇപ്പോൾ ഊന്നൽ നൽകുന്നതെന്നാണ് കോണ്‍ഗ്രസ് വാദം. അതീജിവതിയെ അടക്കം എന്നും അപമാനിച്ചത് സിപിഎമ്മാണെന്നു തെരഞ്ഞെടുപ്പിന് മുമ്പ് വൈകാരിക നീക്കങ്ങൾക്കാണ് സിപിഎം ശ്രമമെന്നും കോൺഗ്രസ് തിരിച്ചടിക്കുന്നു.

click me!