രാവിലെ 9 മണിയോടെ പുന്നപ്ര വയലാറിലെ സമരഭൂമിയിൽ പുഷ്പചക്രം സമർപ്പിച്ച്, കൈയ്യുയർത്തി സമരാഭിവാദ്യമർപ്പിച്ചാകും, ടീം പിണറായി 2.0 സത്യപ്രതിജ്ഞയ്ക്കായി തിരുവനന്തപുരത്ത് എത്തുക. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് യെച്ചൂരി നേരിട്ടെത്തും.
തിരുവനന്തപുരം: ചരിത്രമെഴുതി ഇടതുപക്ഷസർക്കാർ രണ്ടാമത് അധികാരത്തിലേക്കെത്തുമ്പോൾ, മുഖ്യമന്ത്രി പിണറായി വിജയനുൾപ്പടെയുള്ള മന്ത്രിസഭാംഗങ്ങളുടെ സത്യപ്രതിജ്ഞാദിനം തുടങ്ങുന്നത് പുന്നപ്ര വയലാറിലെ സമരഭൂമിയിൽ നിന്നാണ്. കൊവിഡ് ചട്ടം പാലിച്ച്, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ 21 മന്ത്രിമാരും പുന്നപ്ര വയലാറിലെ രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിക്കും. ചരിത്രം കുറിയ്ക്കുന്ന മുഹൂർത്തത്തിന് സാക്ഷിയാകാൻ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ദില്ലിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് നേരിട്ടെത്തും.
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് രണ്ടരമീറ്റർ അകലത്തിലാണ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ കസേരകളടക്കം നിരത്തിയിരിക്കുന്നത്. വേദി അലങ്കരിക്കുന്നതുൾപ്പടെയുള്ള സജ്ജീകരണങ്ങൾ അവസാനഘട്ടത്തിലാണിവിടെ.
undefined
പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിക്കുമെന്ന് വ്യക്തമാക്കിയിട്ടുള്ളതിനാൽ, 400-ൽത്താഴെ ആളുകൾ മാത്രമേ ചടങ്ങിനുണ്ടാകൂ എന്നാണ് സർക്കാർ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചത്. പിആർഡിയുടെ ക്യാമറകളാണ് സെൻട്രൽ സ്റ്റേഡിയത്തിലും അതിന് ശേഷം നടക്കുന്ന ആദ്യമന്ത്രിസഭാ യോഗത്തിലുമുണ്ടാകുക. മറ്റ് ചാനലുകളുടെ ക്യാമറകൾക്ക് പ്രവേശനമില്ല. മാധ്യമപ്രവർത്തകർക്ക് മൊബൈൽ മാത്രമേ കൊണ്ടുപോകാൻ അനുവാദമുള്ളൂ.
മുഖ്യമന്ത്രി പിണറായി വിജയന് മാത്രം രണ്ടാമൂഴം. പി രാജീവും കെഎന്‍ ബാലഗോപാലും, മുഹമ്മദ് റിയാസും, വി എൻ വാസവനും, സജി ചെറിയാനുമടക്കം ഒരു പിടി പുതുമുഖങ്ങള്‍ മന്ത്രിമാരാകുന്നു. പുതുതീരുമാനങ്ങളുമായി സിപിഐയും കൂടെ നില്‍ക്കുമ്പോള്‍ രണ്ടാം പിണറായി സര്‍ക്കാരിന് ചരിത്രമാകാനാകുമോ?
പുന്നപ്ര വയലാര്‍ രക്തസാക്ഷികള്‍ തൊട്ട് പാര്‍ട്ടിയുടെ കണ്ണുംകാതുമായ ധീരേതിഹാസങ്ങളുടെ ഓര്‍മകള്‍ക്ക് മുന്നില്‍ പുഷ്പചക്രമര്‍പ്പിച്ച് പിണറായി വിജയനും കൂട്ടരും നടന്നുകയറുന്നത് പുതിയൊരു വിപ്ലവചരിത്രത്തിലേക്കാണ്. വെല്ലുവിളികള്‍ മാത്രം നിറഞ്ഞൊരു കാലത്ത് എന്തത്ഭുതമാണ് ഇവര്‍ കാണിക്കാന്‍ പോകുന്നതെന്ന വലിയ കൗതുകത്തോടെ, പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു ജനവും.
ഏഷ്യാനെറ്റ് ന്യൂസിൽ സത്യപ്രതിജ്ഞാ ചടങ്ങുകൾ സംബന്ധിച്ച് പ്രത്യേകപരിപാടി ഉച്ചയ്ക്ക് 2 മണി മുതൽ തുടങ്ങും. സത്യപ്രതിജ്ഞാ ചടങ്ങുകളുടെ ഓരോ വിശദാംശങ്ങളും, മന്ത്രിസഭാംഗങ്ങളെക്കുറിച്ചുള്ള പ്രത്യേക റിപ്പോർട്ടുകളുമടങ്ങുന്ന സമഗ്രമായ പരിപാടിയാണ് ഞങ്ങളവതരിപ്പിക്കുന്നത്. തത്സമയസംപ്രേഷണത്തിനായി ഏഷ്യാനെറ്റ് ന്യൂസിൽ തുടരുക:
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona