കേരളത്തിന് പുറത്ത് കർണാടകത്തിലടക്കം വലിയ തോതിൽ ആരാധനാ സ്വാതന്ത്ര്യം വിലക്കപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: ഒരു കാലത്ത് ഉപേക്ഷിച്ച അന്ധവിശ്വാസവും അനാചാരങ്ങളും തിരിച്ചു കൊണ്ടുവരാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന് കേരള മുഖ്യമന്ത്രിയും സിപിഎം പിബി അംഗവുമായ പിണറായി വിജയൻ. പലതിനും ഇരയാകുന്നത് സ്ത്രീകളാണെന്നും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ദേശീയ സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിൽ സ്ത്രീകളുടെ അവകാശം ഇല്ലാതാക്കാനും ശ്രമം നടക്കുന്നുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അക്രമിയെ കുറ്റപ്പെടുത്തുന്നതിന് പകരം അക്രമത്തിന് ഇരയായ സ്ത്രീയെ കുറ്റപ്പെടുത്താൻ ശ്രമം കാണുന്നു. കുറ്റവാളികളെ സംഘപരിവാർ മഹത്വവൽകരിക്കുന്നു. ഫത്വ കേസിലെ പ്രതികൾക്ക് വേണ്ടി റാലി തന്നെ സംഘടിപ്പിച്ചുവെന്ന് അദ്ദേഹം വിമർശിച്ചു. ദേശീയ പൗരത്വ നിയമ ഭേദഗതിയെ അദ്ദേഹം വിമർശിച്ചു. കേന്ദ്രസർക്കാർ ഒരു വിഭാഗം ജനത്തെ ഭീതിയിലാഴ്ത്തുന്ന നിലപാട് സ്വീകരിക്കുന്നു. മുസ്ലിം വിഭാഗമാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ടത്. ഹരിയാനയിൽ നമസ്കാരം അനുഷ്ഠിച്ച മുസ്ലിങ്ങൾക്ക് നേരെ ബജ്റംഗ്ദൾ ആക്രമണം നടത്തിയത് പഴയ കാര്യമല്ല.
ന്യൂനപക്ഷങ്ങളുടെ വീടുകൾ ബുൾഡോസർ കൊണ്ട് ഇടിച്ചുനിരത്തിയത് ഉത്തർപ്രദേശിലെ കാര്യം. ആ സംഭവത്തിൽ സഖാവ് ബ്രിന്ദ കാരാട്ട് ഇടപെട്ടത് ആവേശകരമായ കാര്യമാണ്. ഇപ്പോൾ കാശിയിലെ ഗ്യാൻവ്യാപി മസ്ജിദും മഥുരയിലെ ഷാഹിദ് ഗാഹ് മസ്ജിദും തകർക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഗ്യാൻവ്യാപി മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയെന്ന സംഭവത്തിൽ ഇപ്പോൾ കോടതി വ്യവഹാരം നടക്കുകയാണ്. മഥുരയിൽ പരിശോധനയ്ക്ക് തയ്യാറെന്ന് പുരാവസ്തു വകുപ്പ് പറയുന്നു. ഇത് സുപ്രീം കോടതി നിലപാടിന് എതിരാണ്.
ഇന്ത്യയിൽ ഒരു വിഭാഗത്തിന്റെ മാത്രം വിവാഹമോചനം ക്രിമിനൽ കുറ്റമാണ്. മറ്റ് വിഭാഗങ്ങളിൽ സിവിൽ കേസാണ്. ബിജെപി സർക്കാരിന്റെ നിലപാടാണിത്. ഒരു പ്രത്യേക വിഭാഗത്തെ എങ്ങിനെ കാണുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ്. ഇന്ത്യയിൽ ജീവിക്കുന്ന പൗരന്മാരെ എല്ലാ അർത്ഥത്തിലും സംരക്ഷിക്കേണ്ട സർക്കാർ വിഭാഗീയതയുണ്ടാക്കി ഒരു വിഭാഗത്തെ ഭീതിയിലാക്കുന്നു. ഇതിനെതിരെ വലിയ തോതിൽ യോജിച്ച പോരാട്ടം വളർത്തിയെടുക്കണം.
മുസ്ലിം വിഭാഗത്തിന് നേരെ മാത്രമല്ല ആക്രമണം നടക്കുന്നത്. ക്രൈസ്തവർക്കെതിരെയും ആക്രമണം നടക്കുന്നു. കേരളത്തിന് പുറത്ത് കർണാടകത്തിലടക്കം വലിയ തോതിൽ ആരാധനാ സ്വാതന്ത്ര്യം വിലക്കപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബൈബിൾ നശിപ്പിക്കുന്നു, വൈദികർക്കൊപ്പമുള്ള കൊച്ചു കുട്ടികളെ പോലും ആക്രമിക്കുന്നു.
കേരളത്തിൽ സംഘപരിവാർ തങ്ങളുടെ കൂടെ ആളെക്കൂട്ടാൻ ശ്രമിക്കുന്നു. ചില പ്രീണന നയം സ്വീകരിച്ചാണ് സംഘപരിവാർ മുന്നോട്ട് പോകുന്നത്. കേരളത്തിൽ സംഘപരിവാറിന്റെ യഥാർത്ഥ നിലപാടെടുക്കാൻ അവർക്കാവില്ല. അതിവിടെ എടുത്താൽ ആബാലവൃദ്ധം ജനങ്ങളും ഒറ്റക്കെട്ടാവും. കേരളത്തിലെ സംഘപരിവാറും കേരളത്തിന് പുറത്തുള്ള സംഘപരിവാറും വ്യത്യസ്തരല്ല. ന്യൂനപക്ഷം തങ്ങളുടെ നാട്ടിലുണ്ടാകരുതെന്ന തത്വസംഹിതയാണ് അവർക്കുള്ളത്. ആർഎസ്എസ് അവരെ ആഭ്യന്തര ശത്രുക്കളായാണ് കണക്കാക്കുന്നത്. ഗോൾവാൾക്കർ ക്രിസ്ത്യാനികളും മുസ്ലിങ്ങളും കമ്യൂണിസ്റ്റുകാരും ആഭ്യന്തര ശത്രുക്കളാണെന്ന് എഴുതിവെച്ചിട്ടുണ്ട്. ഈ നിലപാട് ഹിറ്റ്ലറുടേതാണ്, നാസിപ്പടയുടെ നിലപാടാണ്. ജർമ്മനിയിൽ നടപ്പാക്കിയതാണിതെന്നും അദ്ദേഹം പറഞ്ഞു. അവിടെ നടന്ന കൂട്ടക്കശാപ്പ് അംഗീകരിച്ചവരാണ് ആർഎസ്എസ്. അത് അതേപടി നടപ്പാക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. കേരളത്തിലും രാജ്യത്തും ആർഎസ്എസ് ഒന്നാണ്. കാസർകോട് മുതൽ തിരുവനന്തപുരം വരെ ഓരോ പ്രദേശത്തും അനേകം രക്തസാക്ഷികളുണ്ട്. അവർ ഇത്തരത്തിൽ ആർഎസ്എസിന്റെ വർഗീയ നിലപാടിനെതിരെ രക്തസാക്ഷിത്വം വഹിച്ചവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിജെപി ഇതര സംസ്ഥാനങ്ങളിൽ ഭരണ അട്ടിമറിക്ക് കേന്ദ്രം ശ്രമിക്കുന്നു. 121 രാജ്യങ്ങളിൽ 107ാം സ്ഥാനത്താണ് പട്ടിണിയിൽ ഇന്ത്യയുള്ളത്. ഏറ്റവും അസമത്വം വർധിക്കുന്ന രാജ്യമാണ് ഇന്ത്യ. ഈ സമയത്ത് കേരളത്തിലെ ക്ഷേമ പരിപാടികളുടെ പ്രാധാന്യം വർധിക്കുന്നു. രാജ്യത്ത് അനിയന്ത്രിതമായ വിലക്കയറ്റമാണ്. അത് ഏറ്റവും കുറവുള്ളത് കേരളത്തിലാണ്. കഴിഞ്ഞ ആറര വർഷത്തിൽ വിപണി ഇടപെടലിന് മാത്രം 9800 കോടി രൂപ കേരളത്തിലെ സർക്കാർ ചെലവഴിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് 300 കോടി രൂപ നൽകി.