പെട്ടിമുടിയില്‍ നിന്നും നാല്‍പ്പാലം വഴി ഒഴുകിയെത്തി കരിമ്പിയാറില്‍ എത്തുന്ന മലവെള്ളം പൂയം കുട്ടി വഴി ഇടമലയാര്‍ ഡാമിലാണ് എത്തിച്ചേരുന്നത്. പെട്ടിമുടിയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ കഴിഞ്ഞുള്ള ഗ്രേവല്‍ ബാങ്കിനും ശേഷം വനമേഖലയാണെന്നതും രക്ഷാപ്രവര്‍ത്തനത്തെ ഏറെ ദുഷ്ക്കരമാക്കി.
ഏറ്റവും ദീര്‍ഘമായ രക്ഷാപ്രവര്‍ത്തനത്തോടൊപ്പം ഏറ്റവും ദുഷ്കരമായ രക്ഷാപ്രവര്‍ത്തനം കൂടിയായിരുന്നു പെടിമുടിയിലേത്. ദിവസങ്ങളായി പെയ്യുന്ന മഴയില്‍ പെട്ടിമുടിയിലേക്കുള്ള റോഡുകളെല്ലാം തന്നെ തകര്‍ന്നിരുന്നു. പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലും. ഇത്തരം പ്രതിബന്ധങ്ങളെല്ലാം തരണം ചെയ്ത് രക്ഷാപ്രവര്‍ത്തകര്‍ പെട്ടിമുടിയിലെത്തിയപ്പോള്‍ കാഴ്ചകള്‍ കണ്ണടക്കുന്നവയായിരുന്നു.
വന്യമൃഗങ്ങളും ദുര്‍ഘടസാഹചര്യങ്ങളും അപകടക്കെണികളും നിറഞ്ഞ സാഹചര്യങ്ങളെ അതിജീവിച്ചാണ് ദിവസങ്ങളോളം രക്ഷാപ്രവര്‍ത്തനം തുടര്‍ന്നത്. പെട്ടിമുടിയില്‍ നിന്നും നാല്‍പ്പാലം വഴി ഒഴുകിയെത്തി കരിമ്പിയാറില്‍ എത്തുന്ന മലവെള്ളം പൂയം കുട്ടി വഴി ഇടമലയാര്‍ ഡാമിലാണ് എത്തിച്ചേരുന്നത്. പെട്ടിമുടിയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ കഴിഞ്ഞുള്ള ഗ്രേവല്‍ ബാങ്കിനും ശേഷം വനമേഖലയാണ്.
undefined
ജനസഞ്ചാരം ഇല്ലാത്ത മേഖലയായതിനാല്‍ വന്യമൃഗങ്ങള്‍ വിഹരിക്കുന്ന പ്രദേശം കൂടിയാണിത്. ഇതില്‍ പൂതക്കിടങ്ങ് എന്ന സ്ഥലത്തായിരുന്നു രക്ഷാപ്രവര്‍ത്തനത്തിലെ ഏറ്റവും ദൈര്‍ഘ്യവും കഠിനവുമായ പ്രവര്‍ത്തനങ്ങള്‍ നടന്നത്. കാലൊന്നു തെറ്റിയാല്‍ അഗാധ ഗര്‍ത്തത്തിലേക്ക് പതിക്കുന്ന ഭൂപ്രകൃതിയാണിവിടെ. സങ്കീര്‍ണ്ണമായ ഭൂപ്രകൃതിയാല്‍ തന്നെ മൃതദേഹങ്ങള്‍ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുള്ള സ്ഥലമായതിനാല്‍ ഇവിടെ രക്ഷാപ്രവര്‍ത്തനം കേന്ദ്രീകരിച്ചാണ് നടത്തിയത്.
രക്ഷാദൗത്യത്തിനിടയില്‍ രക്ഷാപ്രവര്‍ത്തകരില്‍ ചിലര്‍ കാട്ടുപോത്തിനെയും പുലിയെയും കണ്ടതായി അറിയിച്ചിരുന്നത് പലപ്പോഴും രക്ഷാപ്രവര്‍ത്തനത്തെ മുള്‍മുനയില്‍ നിര്‍ത്തി. കുത്തനെയുള്ള കയം നിറഞ്ഞ പ്രദേശത്ത് സാഹസിക രംഗത്ത് വൈദഗ്ദ്യമുള്ള മൂന്നാറിലെ സംഘം തന്നെയാണ് തിരച്ചിലിന് നേതൃത്വം നല്‍കിയത്.
രക്ഷാപ്രവര്‍ത്തനത്തിന്‍റെ 17 -ാം ദിവസം തന്നെ ഒട്ടുമിക്ക മൃതദേഹങ്ങളും കണ്ടെത്താന്‍ കഴിഞ്ഞു. മറ്റുള്ളവര്‍ക്കായി ആഴ്ചകള്‍ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. മാങ്കുളം പുഴയിലൂടെ കിലോമീറ്ററുകള്‍ താണ്ടിയ വീട്ടുപകരണങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍... പെട്ടിമുടിയില്‍ നിന്നും പതിനാല് കിലോമീറ്റര്‍ അകലെയുള്ള ഉള്‍വനത്തില്‍ നിന്നുമായിരുന്നു ഏറ്റവും ഒടുവില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
മനുഷ്യനെ മണത്തെടുത്ത് ഡോണയും മായയും
പെട്ടിമുടിയിലെ ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനത്തിന്‍റെ മൂന്നാം ദിവസമാണ് തൃശൂര്‍ പൊലീസ് അക്കാദമിയിലെ ഡോണ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. വന്നിറങ്ങി അല്‍പ സമയത്തിനകം തന്നെ ഡോണ ആദ്യ മൃതദേഹം മണത്തെടുത്തു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് മായയും എത്തി ചേര്‍ന്നു. ഇരുവരും കൂടി മണ്ണിനടിയില്‍ നിന്നും പതിമൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകരെ സഹായിച്ചു. അപകടമുഖങ്ങളില്‍ പൊലീസിന് വഴികാട്ടിയാകുന്ന വിദഗ്ദ പരിശീലനം ലഭിച്ച നായകളാണ് ഇരുവരും.
കണ്ണ് നിറയിച്ച കുവിയുടെ സ്നേഹം
ദുരന്തഭൂമിയില്‍ നിന്നും കളിക്കൂട്ടുകാരിയുടെ ചേതനയറ്റ മൃതദേഹം കണ്ടെത്തിയ കുവി കണ്ടു നിന്നവരുടെയെല്ലാം കണ്ണുകളെ ഈറനണിയിച്ചിരുന്നു. തന്‍റെ കളിക്കൂട്ടുകാരിയായ കുഞ്ഞു ധനുവിനെ തപ്പി കണ്ണീരൊലിപ്പിച്ച് കുവി പെട്ടിമുടി ദുരന്തഭൂമിയിലൂടെ നടന്നത് ദിവസങ്ങളാണ്. ഒടുവില്‍ കുഞ്ഞു ധനുവിന്‍റെ ചേതനയറ്റ ശരീരം അവന്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ക്ക് കാട്ടിക്കൊടുത്തു.
ഉരുള്‍പൊട്ടി കാണാതായവര്‍ക്കുള്ള തിരച്ചിലിന്‍റെ എട്ടാം ദിനം രാവിലെ 11 മണിയോടെയാണ് ധനുഷ്‌കയെന്ന രണ്ട് വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. ധനുഷ്‌കയുടെ വീട്ടിലുണ്ടായിരുന്നു കുവിയെന്ന് വിളിക്കുന്ന വളര്‍ത്ത് നായയാണ് ആദ്യം കുട്ടിയെ കണ്ടെത്തിയത്. പെട്ടിമുടിയില്‍ നിന്നും നാലുകിലോമീറ്റര്‍ ദൂരെയുള്ള ഗ്രാവല്‍ ബങ്ക് എന്ന സ്ഥലത്തെ പാലത്ത് താഴെയായി ഒഴുകുന്ന പുഴയില്‍ കുറുകെ കിടന്നിരുന്ന മരത്തില്‍ തങ്ങിനിന്ന നിലയിലായിരുന്നു മൃതദേഹം. കുവി രാവിലെ മുതലെ മണം പിടിച്ച് ഈ പ്രദേശത്ത് നിന്നതും നിര്‍ത്താതെ കുരച്ചതിലും സംശയം തോന്നിയ രക്ഷാപ്രവര്‍ത്തകര്‍ പരിശോധിച്ചപ്പോഴാണ് ധനുഷ്കയുടെ നിശ്ചലമായ ശരീരം കണ്ടെത്താന്‍ കഴിഞ്ഞത്.
ധനുഷ്കയുടെ മുത്തശ്ശി കറുപ്പായും കുവിയും മാത്രമാണ് ആ കുടുംബത്തില്‍ ജീവനോടെ അവശേഷിച്ചത്. അച്ഛന്‍ പ്രദീഷ് കുമാര്‍, അമ്മ കസ്തൂരി, സഹോദരി പ്രിയദര്‍ശിനി എന്നിവരും മരിച്ചു. കുട്ടിയെ കണ്ടെത്തിയെങ്കിലും കുവി അവിടെ വിടാന്‍ ആദ്യം തയ്യാറായില്ല. പിന്നീട് രക്ഷാപ്രവര്‍ത്തകരെത്തി കുവിയെ ഏറ്റെടുക്കുകയായിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona