പെരുമഴയ്ക്ക് ഇന്ന് പളനിയമ്മയെ പേടിപ്പിക്കാന്‍ കഴിയില്ല !

By Jansen Malikapuram  |  First Published Aug 6, 2021, 4:18 PM IST

പളനിയമ്മയടക്കം ഒമ്പത് പേരായിരുന്നു അന്ന് ആ വിട്ടില്‍ ഉണ്ടുറങ്ങിയത്. പക്ഷേ നേരം വെളുത്തപ്പോള്‍ കണ്ടുമുട്ടിയത് അമ്മയും ഇളയമകനും മാത്രം. ഗര്‍ഭിണികളായ രണ്ട് മരുമക്കളോടൊപ്പം പളനിയമ്മയ്ക്ക് ഒറ്റ രാത്രിയില്‍ നഷ്ടമായത് ഏഴ് പേരെ. 



ണങ്ങാമുറിവായി ഇന്നും ഒലിച്ചിറങ്ങുന്ന പെട്ടിമുടിയിലെ നീര്‍ച്ചാല് നോക്കി പളനിയമ്മ ഇരുന്നു. കഴിഞ്ഞ ഒരാണ്ടായി പളനിയമ്മ പെട്ടിമുടി കയറുന്നു. ഭര്‍ത്താവിനൊപ്പം ലയത്തിലെ തെയിലത്തൊഴിലാളിയായിട്ടായിരുന്നു പളനിയമ്മയും പെട്ടിമുടിയിലേക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യം കയറിയത്. പിന്നീടങ്ങോട്ട് പെട്ടിമുടിയായിരുന്നു അവരുടെ കാഴ്ചയിലും ജീവിതത്തിലും നിറഞ്ഞ് നിന്നത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് ആറാം തിയതി രാത്രി പത്ത് മണിയ്ക്ക് അതുവരെ പളനിയമ്മയെ കാത്ത പെട്ടിമുടിക്ക്, പൊട്ടിയൊഴുകാന്‍ പറ്റാതെയായി. പളിയമ്മയെയും ഇളയമകനെയും മാറ്റിനിര്‍ത്തി ആ കുടുംബത്തിലെ ഏഴ് പേരെ കൂടെ കൂട്ടി ആ ഉരുളുകളത്രയും ഒലിച്ചിറങ്ങി.

 

Latest Videos

 

ഒപ്പം ഉണ്ടുറങ്ങിയിരുന്നവരെല്ലാം ഒലിച്ചിറങ്ങിയതിന് പിന്നാലെ  ഇളയമകന്‍ ദീപന്‍ ചക്രവര്‍ത്തിയുടെ കൂടെ പളനിയമ്മയും പെട്ടിമുടി ഇറങ്ങി. പക്ഷേ അമ്മയ്ക്ക് പെട്ടിമുടി കയറാതിരിക്കാനാകില്ല. ഒന്നിച്ചുറങ്ങിയ ഒമ്പത് പേരില്‍ ഉരുളിനൊപ്പം ഒലിച്ചിറങ്ങിയവരില്‍ മൂന്ന് പേരെ ഇനിയും കണ്ടെത്താനുണ്ട്. അവര്‍ മരിച്ചതായി കണക്കാണമെന്നാവശ്യപ്പെട്ട് ജില്ലാ ഭരണകൂടം റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും ഓര്‍മ്മകള്‍ തികട്ടുമ്പോള്‍, എന്തിന് എന്നെ മാത്രം ബാക്കിയാക്കിയെന്ന് ചോദിച്ച് പളനിയമ്മ പെട്ടിമുടികയറും.

കുത്തിയൊലിച്ചുവന്ന മഴവെള്ളത്തിന്‍റെ കൂടെ ഒരു നിമിഷാര്‍ത്ഥത്തില്‍ എല്ലാം ഒലിച്ചിറങ്ങിയപ്പോള്‍ ളനിയമ്മയും ഇളയമകന്‍ ദീപന്‍ ചക്രവര്‍ത്തിയും അത്ഭുതകരമായി രക്ഷപ്പെട്ടു. ഭര്‍ത്താവ് പ്രഭു, മൂത്തമകന്‍ പ്രതീഷ്‌കുമാര്‍ , ഭാര്യ എഴുമാസം ഗര്‍ഭിണിയായ കസ്തൂരി, അവരുടെ മക്കള്‍ പ്രിയദര്‍ശിനി - ധനുഷ്‌ക, ദീപന്‍ ചക്രവര്‍ത്തിയുടെ ഭാര്യ ഒന്‍പതുമാസം ഗര്‍ഭിണിയായ മുത്തുലക്ഷ്മി , അനിയന്‍ ഷണ്‍മുഖന്‍റെ മകന്‍ ദിനേഷ് കുമാര്‍ ഇന്നിവര്‍ ഒറ്റരാത്രികൊണ്ട് കാണാമറയത്തായി.

കസ്തൂരി, കസ്തൂരിയുടെ മകള്‍ പ്രിയദര്‍ശിനി, ഷണ്‍മുഖന്‍റെ മകന്‍- ദിനേഷ് കുമാര്‍ എന്നിവരുടെ മ്യതദേഹം ഇനിയും കണ്ടെത്തിയിട്ടില്ല. സര്‍ക്കാര്‍ ഒരു മാസത്തോളം അന്വേഷണം നടത്തിയെങ്കിലും നാലുപേരെ ഇനിയും കണ്ടാത്താന്‍ കഴിഞ്ഞില്ല. അതില്‍ മൂന്ന് പേരും പളനിയമ്മയുടെ കുടുംബം. മറ്റൊരുമഴയില്‍ ഒലിച്ചിറങ്ങാന്‍ തനിക്കിനെ എന്തിന് പേടിക്കണമെന്ന് പളനിയമ്മ ചോദിക്കുന്നു. ആരൊരുമില്ലാതെ ഒറ്റയ്ക്കാക്കിയ മഴയ്ക്ക് തന്നെകൂടെ കൂട്ടാമായിരുന്നില്ലെയെന്ന് കണ്ണീര്‍വറ്റിയ കണ്ണുകള്‍ ഇടറുന്നു...

 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!