ഉറക്കത്തിനിടയില്‍ ഞൊടിയിട നേരത്തിനുള്ളില്‍ വേദനയറിയാതെയായിരുന്നു അവരില്‍ പലരും മടങ്ങിയത്. ഒന്നുണരാന്‍ പോലും അവര്‍ക്കായില്ല. എല്ലാം അതിനുമുമ്പേ അവസാനിച്ചിരുന്നു. യാതൊരു പരിക്കുമില്ലാതെ കമ്പിളപ്പുതപ്പിനുള്ളില്‍ ചുരുണ്ടുറങ്ങിയ ശരീരങ്ങള്‍ രക്ഷാപ്രവര്‍ത്തകരുടെ ഉള്ളുലച്ചു.
കുത്തിയൊലിച്ചെത്തിയ മഴവെള്ളപ്പാച്ചിലില്‍ പെട്ടിമുടിയെന്ന കുടിയേറ്റ തൊഴിലാളി ഗ്രാമം ഒലിച്ചിറങ്ങിയിട്ട് ഒരാണ്ട്. ഉണ്ടുറങ്ങിയ 70 പേരുടെ ജീവന്‍ കവര്‍ന്ന ദുരന്തത്തില്‍ നിന്നും പ്രാണന്‍ രക്ഷപ്പെടുത്തിയവരുടെ മുഖങ്ങളില്‍ ഇന്നും ഉണങ്ങാത്ത കണ്ണീര്‍പാട്. ഇനിയും കണ്ടെത്താന്‍ കഴിയാത്തവരുടെ ഓര്‍മ്മയില്‍ പെട്ടിമുടികയറുന്ന ഉറ്റവര്‍, മറ്റൊരു കണ്ണീര്‍ ചാലായി ഒഴുകുന്നു. മഞ്ഞില്‍ പച്ച പുതച്ച തെയിലക്കാടുകള്‍ നിറഞ്ഞ മലയടിവാരം കുടിയേറ്റ തോട്ടം തൊഴിലാളി കുടുംബങ്ങളുടെ സ്വര്‍ഗ്ഗമായിരുന്നു. അഞ്ചും ആറും കുടുംബങ്ങള്‍ താമസിക്കുന്ന ലയങ്ങളില്‍ അവര്‍ തങ്ങളുടെ സ്വപ്നങ്ങള്‍ പണിതു. പരിമിതികള്‍ക്ക് നടുവിലും കരിങ്കല്‍ ഭിത്തികള്‍ വേര്‍തിരിച്ച കൊച്ചുമുറിക്കുള്ളിലെ വലിയ സ്വപ്നങ്ങളെല്ലാം ഒറ്റരാത്രയില്‍ ഒരു നിലവിളിപോലും കേള്‍പ്പിക്കാതെ ഒലിച്ചിറങ്ങി. എഴുപത് മനുഷ്യ ജീവനുകള്‍ ഉറക്കത്തില്‍ നിന്ന് മരണത്തിലേക്ക് ഒലിച്ചിങ്ങി. കണ്ണീര്‍ കുതിര്‍ന്ന ശ്മശാനഭൂമിയില്‍ അവരൊന്നിച്ചുറങ്ങുന്നു. അവശേഷിക്കുന്നവരുടെ നിലവിളികള്‍ ഇന്നും പെട്ടിമുടിയില്‍ അലയടിക്കുന്നു. ഒലിച്ചിറങ്ങിയ മുറിപ്പാടായി മലമുകളില്‍ നിന്നൊരു നീര്‍ച്ചാല്‍ ഇന്നും ഒലിച്ചിറങ്ങുന്നു.
ഉറക്കത്തിനിടയില്‍ ഞൊടിയിട നേരത്തിനുള്ളില്‍ വേദനയറിയാതെയായിരുന്നു അവരില്‍ പലരും മടങ്ങിയത്. ഒന്നുണരാന്‍ പോലും അവര്‍ക്കായില്ല. എല്ലാം അതിനുമുമ്പേ അവസാനിച്ചിരുന്നു. കമ്പിളി പുതച്ച് ഉറങ്ങുന്ന നിലയിലാണ് പല മൃതദേഹങ്ങളും കണ്ടെടുത്തത്. യാതൊരു പരിക്കുമില്ലാതെ കമ്പിളപ്പുതപ്പിനുള്ളില്‍ ചുരുണ്ടുറങ്ങിയ ശരീരങ്ങള്‍ രക്ഷാപ്രവര്‍ത്തകരുടെ ഉള്ളുലച്ചു.
മഴയോ കറ്റോ ഒന്നനങ്ങിയാല്‍ കറന്‍റ് പോകുന്ന ഇടുക്കിയില്‍ കാലാവസ്ഥ മാറുമ്പോള്‍ ആളുകള്‍ നേരത്തെ ഉറക്കത്തെ കൂട്ട് പിടിക്കും. പലരും എട്ടും ഒമ്പതു മണിയാകുമ്പോള്‍ കമ്പിളി പുതപ്പിന്‍റെ ചൂടിലേക്ക് ചുരുളും. നാല് ദിവസം തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ വൈദ്യുതി ഇല്ലാത്തതിരുന്നതിനാല്‍ ലയങ്ങളില്‍ പലരും നേരത്തെ കമ്പിളിയുടെ ചൂടിലേക്ക് മയങ്ങിയിരുന്നു.
രണ്ടായിരത്തി ഇരുപത് ആഗസ്റ്റ് ആറാം തീയതി രാത്രി പത്തരയോടെ പെട്ടിമുടിയുടെ മുകളില്‍ ഉരുളുള്‍ മുരണ്ടു. ഒപ്പം ഒലിച്ചിറങ്ങിയ വെള്ളത്തില്‍ മലയടിവാരത്തെ നാല് ലയങ്ങള്‍ പൂര്‍ണ്ണമായും മണ്ണിനടിയിലായി. പാതിമണ്ണ് മൂടിയ ലയത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ ഉറ്റവരുടെ പേര് പറഞ്ഞ് അലമുറയിട്ടെങ്കിലും പ്രതിധ്വനികളായി അത് അലയടിച്ചതേയുള്ളൂ. ഉറങ്ങാതെ നിലവിളിച്ച് കര്‍ക്കിടകത്തിലെ ആ കാളരാത്രി വെളുപ്പിച്ചപ്പോള്‍ ഉറങ്ങാന്‍ കിടന്ന ലയങ്ങളില്ല. കൂടെ ഉണ്ടുറങ്ങിയവരില്ല. വളര്‍ത്തിയ അരുമ മൃഗങ്ങളില്ല. അശാന്തമായ ശാന്തത മാത്രം.
താഴ്വാരത്ത് മാങ്കുളം പുഴയില്‍ രാത്രിയില്‍ അസാധാരണമായി വെള്ളം പൊങ്ങിയതിന്‍റെ ഉറവിടം തേടി രാജമലയില്‍ നിന്നെത്തിയ വനം വകുപ്പിലെ ഫോറസ്റ്റ് വാച്ചര്‍മാരിലൂടെയാണ് പെട്ടിമുടിയുടെ ദുരന്തമുഖം കേരളം അറിഞ്ഞത്. പിന്നീടങ്ങോട്ട് ഒരു മാസത്തോളം നീണ്ട രക്ഷാപ്രവര്‍ത്തനം. രാജ്യം കണ്ട ഏറ്റവും ദൈര്‍ഘ്യമേറിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ പതിനൊന്ന് പേരെ രക്ഷപ്പെടുത്തി. ഏഴുപത് മൃതദേഹങ്ങള്‍ കണ്ടെടുത്തു. കാണാമറയത്ത് നാലുപേരിന്നും നില്‍ക്കുന്നു. ആണ്ടെന്ന് കഴിയുമ്പോള്‍ കാണാതായവരെ മരിച്ചതായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ഭരണകൂടം സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona