2015 നവംബർ ഒമ്പതിന് എയ്ഡഡ് കോളേജിൽ നിന്ന് വിടുതൽ നേടിയാണ് ജയപ്രകാശ് കേന്ദ്ര സർവകലാശാലയിൽ ജോലിയിൽ പ്രവേശിച്ചത്
ദില്ലി: കാസർകോട് കേന്ദ്ര സർവകലാശാല പ്രോ വൈസ് ചാൻസലർ നിയമനത്തിനെതിരെ സുപ്രീകോടതിയിൽ ഹർജി. പ്രോ വി സിയായി നിയമിച്ച ഡോ. കെ കെ ജയപ്രസാദിന് യു ജി സി മാനദണ്ഡപ്രകാരം യോഗ്യതയില്ലെന്നാണ് വാദം. അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള അഭിമുഖത്തിൽ പങ്കെടുത്ത കൊല്ലം സ്വദേശി ഡോ. എസ് ആർ ജിതയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. നേരത്തെ ഈ ആവശ്യം കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെയാണ് ഹർജിക്കാരി സുപ്രീം കോടതിയിലെത്തിയത്.
നിയമനത്തിനെതിരെ കേരള ഹൈക്കോടതിയിൽ നേരത്തെ പൊതുതാൽപര്യ ഹർജികൾ എത്തിയിരുന്നു. ഈ ഹർജികളെല്ലാം ഹൈക്കോടതി തള്ളിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് പരാതിക്കാരിയായ തന്റെ ഹർജിയും കേരള ഹൈക്കോടതി തള്ളിയതെന്നും താൻ മുന്നോട്ട് വച്ച രേഖകൾ ഹൈക്കോടതി പരിശോധിച്ചില്ലെന്നുമാണ് വാദം. സുപ്രീംകോടതിയുടെ മുൻകാല വിധികൾക്ക് വിരുദ്ധമായിട്ടാണ് നിലവിലെ നിയമനമെന്നാണ് ഹർജിയിലെ പ്രധാനവാദം.
2015 നവംബർ ഒമ്പതിന് എയ്ഡഡ് കോളേജിൽ നിന്ന് വിടുതൽ നേടിയാണ് ജയപ്രകാശ് കേന്ദ്ര സർവകലാശാലയിൽ ജോലിയിൽ പ്രവേശിച്ചത്. ചട്ടമനുസരിച്ച് കേന്ദ്ര സർവ്വകലാശാലയിൽ 12 മാസം പ്രബേഷൻ കാലാവധി പൂർത്തിയാക്കണം. തുടർന്ന് ആറ് മുതൽ എട്ടു മാസത്തിനകം എക്സിക്യൂട്ടിവ് കൗൺസിൽ സ്ഥിര നിയമനം അംഗീകരിക്കണം. 2017 ഏപ്രിൽ 21 ന് ചേർന്ന സർവകലാശാല എക്സിക്യൂട്ടിവ് കൗൺസിൽ ജയപ്രകാശിന് പ്രൊബേഷൻ കാലാവധിയടക്കം ഉൾപ്പെടുത്തി ചട്ടവിരുദ്ധമായി മുൻകാല പ്രാബല്യത്തോടെ പ്രൊഫസർ പദവി നൽകിയെന്നാണ് ഹർജിക്കാരുടെ വാദം. ഹർജിക്കാരിക്കായി അഭിഭാഷകൻ ലക്ഷമീശ് എസ് കമത്ത് ആണ് ഹർജി സമർപ്പിച്ചത്.
അതിനിടെ സുപ്രീം കോടതിയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത കേരളത്തിലെ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം കൊണ്ടുവരണമെന്ന ഹർജിയിൽ സംസ്ഥാനത്തിനും പി എസ് സിക്കും മറുപടി നൽകാൻ ആറ് ആഴ്ച സമയം നൽകി എന്നതാണ്. ജസ്റ്റിസ് അഭയ് എസ് ഓക അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. നേരത്തെ കേസിൽ വിശദമായ വാദം കേൾക്കാൻ കോടതി തീരുമാനിച്ചിരുന്നു. സംസ്ഥാന സർക്കാർ അടക്കം എതിർകക്ഷികളുടെ മറുപടി ലഭിച്ച ശേഷം സുപ്രീംകോടതി വിശദമായ വാദം കേൾക്കും. കേരളത്തിൽ നിന്നുള്ള ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ് എന്ന സംഘടനയാണ് കോടതിയിൽ നേരത്തെ ഹർജി നൽകിയത്. യാതൊരു ചട്ടവും പാലിക്കാതെയാണ് പേഴ്സണൺ സ്റ്റാഫുകളുടെ നിയമനമെന്നും പെൻഷൻ നൽകാനുള്ള ചട്ടം ഭരണഘടനവിരുദ്ധമാണെന്നുമാണ് ഹർജിക്കാരുടെ വാദം.