ആലുവ സബ് സ്റ്റേഷനിൽ നിന്നുള്ള ഫീഡർ ലൈനിൽ തകരാർ ഉണ്ടായതിനെ തുടർന്ന് പെരിയാറിൽ നിന്നുള്ള ജലവിതരണം തടസ്സപ്പെട്ടു
ആലുവ: പെരിയാറിൽ നിന്ന് എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള ജലവിതരം തടസ്സപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ആലുവയിൽ കെഎസ്ഇബി ലൈനിൽ തകരാർ ഉണ്ടായതിനെ തുടർന്നാണ് ജലവിതരം തടസ്സപ്പെട്ടത്. ആലുവയിലും സമീപ പഞ്ചായത്തുകളിലും കൊച്ചി നഗരത്തിന്റെ പ്രധാന ഭാഗങ്ങളെയും ഈ പ്രശ്നം സാരമായി തന്നെ ബാധിക്കും. അതിനിടെ കെഎസ്ഇബി തകരാർ പരിഹരിക്കാൻ ശ്രമം തുടങ്ങി. ഈ പ്രശ്നം പരിഹരിച്ചാലും ജല വിതരണം സാധാരണ നിലയിലാകാൻ സമയം എടുക്കുമെന്ന് വാട്ടർ അതോറിറ്റി വ്യക്തമാക്കി. ആലുവ സബ് സ്റ്റേഷനിൽ നിന്നാണ് നിലവിൽ പമ്പിങ്ങിനായി വൈദ്യുതി എത്തുന്നത്. ഈ ഫീഡർ ലൈനിലാണ് തകരാർ ഉണ്ടായിരിക്കുന്നത്. താത്കാലിക സംവിധാനം ഒരുക്കി ജലവിതരം പുനരാരംഭിക്കാൻ കെഎസ്ഇബിയും ശ്രമിക്കുന്നുണ്ട്. ഈ താത്കാലിക സംവിധാനം പര്യാപ്തമാകില്ല. ഈ സംവിധാനം കൊണ്ട് 300 എംഎൽഡി ശേഷിയുള്ള പ്ലാന്റിൽ നിന്ന് 150 എംഎൽഡി മാത്രമേ പമ്പിങ് സാധിക്കൂ. നാളെയും കൊച്ചി നഗരത്തിൽ ജലവിതരണം മുടങ്ങും.