പെരിയ ഇരട്ടക്കൊലപാതക കേസ്: 'രേഖകൾ നേരത്തെ കണ്ടിട്ടില്ല, ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം'; അഡ്വ. സി കെ ശ്രീധരൻ

By Web Desk  |  First Published Jan 1, 2025, 11:07 AM IST

എന്തെങ്കിലും രേഖകള്‍ താന്‍ കോണ്‍ഗ്രസില്‍ ഉള്ളപ്പോള്‍ കണ്ടിരുന്നെങ്കില്‍ പ്രതികളുടെ വക്കാലത്ത് ഏറ്റെടുക്കില്ലായിരുന്നെന്നും അദ്ദേഹം വിശദീകരിക്കുന്നു


കാസർകോട്: പെരിയ ഇരട്ട കൊലപാതക കേസുമായി ബന്ധപ്പെട്ട് നേരത്തെ രേഖകള്‍ കണ്ടിട്ടുണ്ടെന്ന ആരോപണം നിഷേധിച്ച് പ്രതിഭാഗം വക്കീല്‍ അഡ്വ സികെ ശ്രീധരന്‍. ആരോപണങ്ങള്‍ ഉന്നയിക്കുന്നത് രാഷ്ട്രീയ പ്രേരിതമായാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്തെങ്കിലും രേഖകള്‍ ഞാന്‍ കോണ്‍ഗ്രസില്‍ ഉള്ളപ്പോള്‍ കണ്ടിരുന്നെങ്കില്‍ പ്രതികളുടെ വക്കാലത്ത് ഏറ്റെടുക്കില്ലായിരുന്നെന്നും അദ്ദേഹം വിശദീകരിക്കുന്നു.

''ഒരു കാര്യം ഞാൻ തുറന്ന് പറയാൻ ആ​ഗ്രഹിക്കുകയാണ്. പെരിയയിലെ ദുരന്തവുമായി ബന്ധപ്പെട്ട്, യാതൊരു വിധ പ്രൊസിക്യൂഷനുമായി ബന്ധപ്പെടുന്ന രേഖകൾ എന്റെ മുമ്പാകെ എത്തുകയോ ആരെങ്കിലും കോൺ​ഗ്രസ് പാർട്ടിയുടെയോ അല്ലെങ്കിൽ ആ കുടുംബത്തിലെയോ ആരെങ്കിലും എന്നെ നേരിട്ട് സമീപിച്ച് ഈ കാര്യത്തിൽ എന്തെങ്കിലും നിയമപരമായി ഒരു സം​ഗതിയും നടത്താൻ ആവശ്യപ്പെട്ടിട്ടില്ല. സ്വാഭാവികമായും രാഷ്ട്രീയമായ കാരണങ്ങൾ ഈ ആരോപണങ്ങൾ ഉന്നയിക്കുന്നതിലുണ്ട് എന്ന് ‍ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുകയാണ്. ആ രേഖകൾ ഞാൻ കണ്ടിട്ടു കൂടിയില്ല. ഉണ്ടെങ്കിൽ, ഞാൻ തറപ്പിച്ച് പറയുന്നു, ഞാനെന്തെങ്കിലും രേഖകൾ കാണുകയോ ആ കേസുമായി ബന്ധപ്പെട്ട് അതിൽ പ്രോസിക്യൂഷന് വേണ്ടിയുള്ള എന്തെങ്കിലും കാര്യങ്ങൾ ചെയ്യാൻ എന്നെ ആരെങ്കിലും ഏല്പിക്കുകയോ ഞാൻ ഏറ്റെടുക്കുകയോ ചെയ്തിരുന്നുവെങ്കിൽ ഒരു കാരണവശാലും ഞാനീ കേസിലെ പ്രതിഭാ​ഗത്തിന് വേണ്ടി ഹാജരാകുമായിരുന്നില്ല. സംഭവം നടക്കുന്ന സമയത്ത് ഞാൻ കോൺ​ഗ്രസുകാരനാണ്. സ്വാഭാവികമായും ഞാനവിടെ പോയിരുന്നു.'' അഡ്വക്കേറ്റ് സികെ ശ്രീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

Latest Videos

click me!