പെരിയ ഇരട്ട കൊലക്കേസ്: 9 പ്രതികളെ വിയ്യൂരിൽ നിന്നും കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

By Web Desk  |  First Published Jan 5, 2025, 11:16 AM IST

പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട 9 പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.  വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്നാണ് ഇവരെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. 


കാസർകോട്: പെരിയ ഇരട്ടകൊലക്കേസിൽ ശിക്ഷിക്കപ്പെട്ട ഒൻപതു പ്രതികളെ കണ്ണൂരിലേക്ക് കൊണ്ടുപോയി. വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്നാണ് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുന്നത്. സിബിഐ കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച ഒന്നു മുതൽ എട്ടുവരെയുള്ള പ്രതികളായ എ.പീതാംബരൻ, സജി.സി.ജോർജ്, കെ.എം.സുരേഷ്, കെ.അനിൽകുമാർ, ജി.ഗിജിൻ, ആർ.ശ്രീരാഗ്, എ.അശ്വിൻ, സുബീഷ് എന്നിവരും പത്താം പ്രതി ടി.രഞ്ജിത്തും വിയ്യൂരിലെ അതീവ സുരക്ഷാ ജയിലാണ് കേസിന്റെ തുടക്കം മുതൽ കഴിഞ്ഞിരുന്നത്.

കോടതി നിർദേശപ്രകാരമാണ് പ്രതികളെ  മാറ്റിയതെന്ന് ജയിൽ അധികൃതർ അറിയിച്ചു. പ്രതികളെ അതീവ സുരക്ഷാ ജയിലിൽനിന്ന് കണ്ണൂരിലേക്ക് മാറ്റാൻ രാഷ്ട്രീയ സമ്മർദമുണ്ടായിരുന്നു. പ്രതികളുടെ അപേക്ഷ പരിഗണിച്ച്, വിചാരണ കോടതിയായ കൊച്ചി സിബിഐ കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് മാറ്റം. ബന്ധുക്കൾക്കടക്കം വന്നുകാണാൻ കണ്ണൂരിലേക്ക് മാറ്റണമെന്ന് പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇത് വിചാരണ കോടതി അംഗീകരിച്ച സാഹചര്യത്തിലാണ് പ്രതികളുടെ ജയിൽ മാറ്റം.

Latest Videos

5 വർഷം കഠിന തടവിനു ശിക്ഷിക്കപ്പെട്ട കെ.വി.കുഞ്ഞിരാമൻ, കെ.മണികണ്ഠൻ, രാഘവൻ വെളുത്തോളി, കെ.വി.ഭാസ്കരൻ എന്നിവരെ എറണാകുളം ജില്ലാ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. ഇവർ ഇതുവരെ ജയിലിൽ കിടന്നിട്ടില്ല. എ ബ്ലോക്കിലാണ് ഇവരുള്ളത്. എ ബ്ലോക്കിലെ പ്രത്യേക സെല്ലിലാണ് സുരേന്ദ്രൻ. ഇവരെ നാളെ കണ്ണൂർ ജയിലിലേക്ക് മാറ്റാനാണ് ആലോചന. ഇതോടെ പെരിയ കേസിലെ എല്ലാ പ്രതികളും കണ്ണൂർ ജയിലിലേക്കെത്തും.

click me!