ശരത് ലാലിനെയും കൃപേഷിനെയും സാമൂഹിക മാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിച്ചു; ഉദുമ ഏരിയാ സെക്രട്ടറിക്കെതിരെ പരാതി

By Web Desk  |  First Published Dec 31, 2024, 4:23 PM IST

സിപിഎം ഉദുമ ഏരിയ സെക്രട്ടറി മധു മുതിയക്കാൽ, അഖിൽ പുലിക്കോടൻ എന്നിവർക്കെതിരെ കുടുംബം പരാതി നൽകി. ശരത് ലാലിൻ്റെ പിതാവ് സത്യനാരായണനും കൃപേഷിൻ്റെ പിതാവ് കൃഷ്ണനുമാണ് പരാതി നൽകിയത്. 
 


കാസർകോട്: പെരിയ ഇരട്ടകൊലപാതക കേസിൽ സിപിഎം ഉദുമ ഏരിയാ സെക്രട്ടറി ഉൾപ്പെടയുള്ളവർക്കെതിരെ പരാതിയുമായി കുടുംബങ്ങൾ. ശിക്ഷാവിധി വരാനിരിക്കെ കൊല്ലപ്പെട്ട ശരത് ലാലിനെയും കൃപേഷിനെയും സാമൂഹിക മാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിക്കുന്നതിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. സിപിഎം ഉദുമ ഏരിയ സെക്രട്ടറി മധു മുതിയക്കാൽ, അഖിൽ പുലിക്കോടൻ എന്നിവർക്കെതിരെ കുടുംബം പരാതി നൽകി. ശരത് ലാലിൻ്റെ പിതാവ് സത്യനാരായണനും കൃപേഷിൻ്റെ പിതാവ് കൃഷ്ണനുമാണ് പരാതി നൽകിയത്. 
 
കലാപ ആഹ്വാനം നടത്തുകയും നാട്ടിൽ സമാധാനന്തരീക്ഷം തകർക്കാനാണ് ശ്രമിക്കുകയും ചെയ്തുവെന്ന് ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു. സിപിഎമ്മിന്റെ വിവിധ വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെയും ഫേസ്ബുക്കിലൂടെയും അപവാദ പ്രചാരണം നടത്തുന്നതിനെതിരെയാണ് ഇവർ പൊലീസിനെ സമീപിച്ചത്. അതേസമയം, പെരിയ കേസിൽ 1 മുതൽ 8 വരെ പ്രതികളടക്കം 14 പേരെ കോടതി കുറ്റക്കാരായി കോടതി കണ്ടെത്തി. 10 പ്രതികളെ കോടതി വെറുതെ വിട്ടു. 1 മുതൽ 8 വരെ പ്രതികൾക്കെതിരെ കൊലപാതക കുറ്റം തെളിഞ്ഞു. ഉദുമ മുൻ എംഎൽഎ കെവി കുഞ്ഞിരാമനും കുറ്റക്കാരനാണെന്ന് സിബിഐ കോടതി വിധിയിൽ വ്യക്തമാക്കി. ശിക്ഷിക്കപ്പെട്ട 14 പേരിൽ 6 പേർ സിപിഎമ്മിന്റെ പ്രധാന  നേതാക്കളാണ്. കുറ്റക്കാരായവർക്ക് ശിക്ഷ ജനുവരി മൂന്നിന് പ്രസ്‌താവിക്കും. 

കൊലപാതകത്തിൻറെ മുഖ്യ ആസൂത്രകൻ സിപിഎം പെരിയ ലോക്കൽ കമ്മിറ്റി മുൻ അംഗം എ പീതാംബരൻ, കൊലപാതകം കൃത്യം നടത്തിയ സജി സി. ജോര്‍ജ് (സജി), കെ.എം. സുരേഷ്, കെ. അനില്‍ കുമാര്‍ (അബു), ജിജിന്‍, ആര്‍. ശ്രീരാഗ് (കുട്ടു), എ. അശ്വിന്‍ (അപ്പു), സുബീഷ് (മണി) എന്നിവർക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. ടി. രഞ്ജിത്ത്, കെ. മണികണ്ഠന്‍ (ഉദുമ മുന്‍ ഏരിയ സെക്രട്ടറി, കാഞ്ഞങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്), എ. സുരേന്ദ്രന്‍ (വിഷ്ണു സുര), കെ.വി. കുഞ്ഞിരാമന്‍ (ഉദുമ മുന്‍ എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം), രാഘവന്‍ വെളുത്തോളി (മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി), കെ. വി. ഭാസ്കരൻ എന്നിവരാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റുള്ളവർ. കെ.മണികണ്ഠൻ,  കെ വി.കുഞ്ഞിരാമൻ, രാഘവൻ വെളുത്തോളി, കെ.വി ഭാസ്കരൻ എന്നിവർക്ക്  ശിക്ഷ വിധിക്കുന്നത് വരെ ജാമ്യത്തിൽ തുടരാമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.

Latest Videos

എറണാകുളം സിബിഐ കോടതി ജഡ്‌ജ് എൻ. ശേഷാദ്രിനാഥനാണ് വിധി പ്രസ്താവിച്ചത്. പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനേയും ശരത് ലാലിനേയും വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ഉത്തരവ്. കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കൽ തുടങ്ങിയ വിവിധ കുറ്റങ്ങളാണ് ഒന്ന് മുതൽ 24 വരെയുള്ള പ്രതികൾക്കെതിരെ ചുമത്തിയത്. 2019 ഫെബ്രുവരി 17നാണ് കൃപേഷിനേയും ശരത് ലാലിനേയും എട്ടംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.  

സംഭവത്തിൽ തൊട്ടടുത്ത ദിവസം തന്നെ സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ പിതാംബരനെയും സുഹൃത്തും സഹായിയുമായ സി ജെ സജിയെയും അറസ്റ്റ് ചെയ്തു. മൂന്ന് ദിവസം കഴിഞ്ഞപ്പോൾ കേസ് ക്രൈം ബ്രാഞ്ചിന് വിട്ട് സർക്കാർ ഉത്തരവിറക്കി. എന്നാൽ പൊലീസ് അന്വേഷണത്തിൽ അസംതൃപ്തരായിരുന്ന കൃപേഷിന്‍റെയും ശരത് ലാലിന്‍റേയും മാതാപിതാക്കൾ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. കേസ് അന്വേഷണവുമായി മുന്നോട്ട് പോയ ക്രൈം ബ്രാഞ്ച് 2019 മെയ് 14ന് സിപിഎം ഉദുമ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ കെ മണികണ്ഠൻ, പെരിയ ലോക്കൽ സെക്രട്ടറി എൻ ബാലകൃഷ്ണൻ എന്നിവരെ അറസ്റ്റ് ചെയ്തു. മെയ് 20ന് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചപ്പോൾ ആകെ 14 പ്രതികളായിരുന്നു കേസിൽ ഉണ്ടായിരുന്നത്.

2019 സെപ്റ്റംബർ 30 ന് കേസന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടതോടെ സംസ്ഥാന സർക്കാ‍ർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. സർക്കാരിൻ്റെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ഇതിനെതിരെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചു. പക്ഷേ അവിടെയും അന്വേഷണം സിബിഐക്ക് വിടാനുള്ള തീരുമാനം ശരിവെച്ചതോടെ സിബിഐ അന്വേഷണം ഏറ്റെടുത്തു. 

അണ്ണാ സർവകലാശാലയിലെ ബലാത്സംഗം; എഫ്ഐആ‍ർ ചോർന്നത് സാങ്കേതിക തകരാർ കാരണമാകാമെന്ന് എൻഐസി, ചെന്നൈ പൊലീസിന് ആശ്വാസം

https://www.youtube.com/watch?v=Ko18SgceYX8

click me!