പാർട്ടി കൊല നടത്തുന്നു, പ്രതികളെ സംരക്ഷിക്കുന്നു, കേസ് നടത്തുന്നുവെന്നതാണ് സ്ഥിതി, സിപിഎമ്മിനെതിതെ സതീശൻ.
കൊച്ചി : പെരിയ ഇരട്ടക്കൊലപാതകത്തിലെ കോടതി വിധി സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. പാർട്ടിക്ക് ബന്ധമില്ലെന്ന് പറഞ്ഞ കേസിൽ സിപിഎം നേതാക്കൾ ശിക്ഷിക്കപ്പെട്ടിരിക്കുന്നു. കടുത്ത ശിക്ഷയാണ് പ്രതികൾക്ക് ലഭിച്ചത്. പാർട്ടി കൊല നടത്തുന്നു, പ്രതികളെ സംരക്ഷിക്കുന്നു, കേസ് നടത്തുന്നുവെന്നതാണ് സ്ഥിതി.
കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പൂർണ്ണ പിന്തുണ കോൺഗ്രസ് നൽകും. പെരിയ ഇരട്ട കൊലപാതകം അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണ്. 10 പേരെ വെറുതെ വിട്ട നടപടിയിൽ അപ്പീൽ പോകും.സ്വന്തം ഗ്രാമത്തിൽ രാഷ്ട്രീയ പ്രവർത്തനം നടത്തിയതിനാണ് സിപിഎം 2 യുവാക്കളെ കൊലപ്പെടുത്തിയത്. തീവ്രവാദ സംഘടനകളെക്കാൾ ഭീകരമായി സിപിഎം മാറിയെന്ന് ഇതിൽ നിന്നും വ്യക്തമാകും. പ്രതികളെ രക്ഷിക്കാൻ സിപിഎം ചിലവാക്കിയ നികുതി പണം ഖജനാവിലേക്ക് തിരിച്ചടയ്ക്കണം. കുടുംബം നടത്തിയ പോരാത്തതിന് ഒപ്പം യുഡിഎഫ് ഉണ്ടായിരുന്നുവെന്നും സതീശൻ ചൂണ്ടിക്കാട്ടി.
പെരിയ ഇരട്ടക്കൊല കേസ്; 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം, 4 സിപിഎം നേതാക്കള്‍ക്ക് 5 വര്‍ഷം തടവ്
10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം
പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഒന്ന് മുതൽ എട്ട് വരെ പ്രതികളായ എ പീതാംബരൻ (പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം), സജി സി ജോർജ്, കെ എം സുരേഷ്, കെ അനിൽകുമാർ, ഗിജിൻ, ആർ ശ്രീരാഗ്, എ അശ്വിൻ, സുബീഷ്, പത്താം പ്രതി ടി. രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രൻ എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ അടക്കം 4 സിപിഎം നേതാക്കൾക്ക് 5 വർഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ . കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. പിഴ തുക കൃപേഷിന്റെയും ശരത്ലാലിന്റേയും കുടുംബത്തിന് കൈമാറണമെന്നും കോടതി വിധിച്ചു.
ആറുവർഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ശേഷമാണ് സംസ്ഥാന രാഷ്ട്രീയത്തിൽ പ്രകമ്പനം സൃഷ്ടിച്ച പെരിയ ഇരട്ടക്കൊലക്കേസിൽ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി ശിക്ഷ വിധിച്ചത്.
സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ കെ വി കുഞ്ഞിരാമൻ, ഉദുമ സി പി എം മുൻ ഏരിയ സെക്രട്ടറി കെ മണികണ്‌ഠൻ ഉൾപ്പടെ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കുറ്റക്കാരിൽ ഏറിയ പങ്കും സിപിഎം നേതാക്കളും പ്രവർത്തകരുമാണ്. കേസില്‍ 10 പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയിട്ടുണ്ട്. ഒന്നാം പ്രതി എ പീതാംബരൻ ഉൾപ്പടെ 10 പ്രതികൾക്കെതിരെ കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.