വെള്ളം ഇറങ്ങാതെ പട്ടാമ്പി പാലം; പാലക്കാട് 39 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

By Web TeamFirst Published Jul 31, 2024, 10:59 AM IST
Highlights

കനത്ത മഴയെ തുടർന്ന് മണ്ണിൽ വെള്ളത്തിൻറെ സാച്ചുറേഷൻ കൂടുതലായതിനാൽ മണ്ണിടിച്ചിലിനുള്ള സാധ്യത നിൽക്കുന്നുവെന്ന് മുന്നറിയിപ്പുണ്ട്. 

പാലക്കാട്: മഴക്ക് അൽപ്പം ശമനമുണ്ടായെങ്കിലും പട്ടാമ്പി പാലത്തിൽ നിന്നും വെള്ളം ഇറങ്ങിയിട്ടില്ല. അതേസമയം പട്ടാമ്പി ടൗണിലേക്ക് കയറിയ വെള്ളം ഇറങ്ങി തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച ജില്ലകളിൽ ഒന്നാണ് പാലക്കാട്. 39 ദുരിതാശ്വാസ ക്യാമ്പുകൾ ആണ് ജില്ലയിൽ തുറന്നതെന്ന് കളക്ടർ അറിയിച്ചു. കനത്ത മഴയെ തുടർന്ന് മണ്ണിൽ വെള്ളത്തിൻറെ സാച്ചുറേഷൻ കൂടുതലായതിനാൽ മണ്ണിടിച്ചിലിനുള്ള സാധ്യത നിൽക്കുന്നുവെന്ന് മുന്നറിയിപ്പുണ്ട്. 

ആലത്തൂർ, നെല്ലിയാമ്പതി മേഖലകളിൽ ചെറിയ തോതിൽ പലയിടത്തും ഉരുൾ പൊട്ടിയിരുന്നുവെന്ന് കളക്ടർ അറിയിച്ചു. നെല്ലിയാമ്പതി ചെറുനെല്ലി ആദിവാസി സങ്കേതത്തിലെ ദുരിതബാധിതരെ എല്ലാവരെയും ട്രൈബൽ ഡെവലപ്മെൻറ് ഓഫീസറുടെയും ചിറ്റൂർ അഡീഷണൽ തഹസിൽദാരുടെയും നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. നെല്ലിയാമ്പതിയിലും മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ പോളച്ചിറ സ്കൂളിൽ ആരംഭിച്ച ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. അവിടെ മെഡിക്കൽ ഓഫീസർമാരുടെ സാന്നിധ്യം ഉറപ്പാക്കുമെന്നും കളക്ടർ അറിയിച്ചു.

Latest Videos

നെല്ലിയാമ്പതിയിലേക്കുള്ള റോഡ് കനത്ത മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗത യോഗ്യമല്ല. പാലക്കാട് എത്തിയ എൻ ഡി ആർ എഫ് ടീമും റവന്യൂ, പോലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരും അടങ്ങുന്ന വലിയൊരു സംഘം റോഡ് ഗതാഗത യോഗ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. മീങ്കര ഡാം, പോത്തുണ്ടി ഡാം എന്നിവ തുറന്നിട്ടുള്ളതിനാൽ ഗായത്രി പുഴയിലും ഭാരതപ്പുഴയിലും വലിയ കുത്തൊഴുക്ക് അനുഭവപ്പെടുന്നുണ്ട്. ഇതിനിടയിൽ എവിടെയെങ്കിലും ഉരുൾപൊട്ടിയാൽ പെട്ടെന്ന് മലവെള്ളപ്പാച്ചിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാൽ തന്നെ പാലങ്ങളുടെയും കോസ്-വേകളുടെയും അടുത്ത സുരക്ഷിതമെന്നു തോന്നുന്ന സ്ഥലങ്ങളിൽ പോലും നിന്ന് ഫോട്ടോകളും റീലുകളും എടുക്കരുതെന്ന് മുന്നറിയിപ്പുണ്ട്. പെട്ടെന്ന് മലവെള്ളം വന്ന് വെള്ളം പൊങ്ങിയാൽ അപകടം ഉണ്ടാവാൻ സാധ്യതയുണ്ട്. സീതാർ ഗുണ്ട്, വെള്ളരിമേട്, കുരുതിച്ചാൽ തുടങ്ങിയ വെള്ളച്ചാട്ടങ്ങളിലും ഇതേ സാധ്യതയുണ്ടെന്ന് കളക്ടർ പറഞ്ഞു. 

അവധി നൽകിയെങ്കിലും കുട്ടികൾ സുരക്ഷിതരായി വീട്ടിൽ തന്നെ ഇരിക്കാൻ ശ്രദ്ധിക്കണമെന്ന് കളക്ടർ ആവശ്യപ്പെട്ടു. മലമ്പുഴ ഡാം തുറന്നു എന്ന് വ്യാജപ്രചാരണം നടക്കുന്നുണ്ട്. ഡാമുകൾ തുറക്കുന്നതും ആയിട്ട് ബന്ധപ്പെട്ട എല്ലാ അപ്ഡേറ്റുകളും കൃത്യസമയത്ത് തന്നെ പത്രമാധ്യമങ്ങളിലും ജില്ലാ കളക്ടറുടെ സോഷ്യൽ മീഡിയ പേജുകളിലും നൽകുന്നുണ്ട്. വ്യാജ വാർത്തകൾ സൃഷ്ടിച്ച് ആശങ്ക പരത്തുന്നവർക്കെതിരെ പൊലീസ് നടപടിയെടുക്കുമെന്നും കളക്ടർ വ്യക്തമാക്കി.

എല്ലാ ക്യാമ്പുകളിലും ജനപ്രതിനിധികളുടെയും പഞ്ചായത്ത്, വില്ലേജ് തല ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ അവശ്യ സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ടെന്ന് കളക്ടർ പറഞ്ഞു. ആലത്തൂർ മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ എംഎൽഎ കെ ഡി പ്രസേനനോടൊപ്പം കളക്ടർ സന്ദർശിച്ചു.
 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Asianet News (@asianetnews)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!