സ്വകാര്യഭാ​ഗങ്ങളിൽ മുറിവുണ്ടാക്കി, തലയിൽ ചുറ്റിക കൊണ്ടടിച്ചു, പത്മയും റോസിലിയും നേരിട്ടത് കണ്ണില്ലാത്ത ക്രൂരത

By Web Team  |  First Published Oct 11, 2022, 3:38 PM IST

കേരളം ഇതുവരെ കേട്ടിട്ടില്ലാത്തത്ര ക്രൂരമായ നരബലിയുടെ ചുരുളുകൾ അഴിഞ്ഞതോടെ വൈദ്യനെ പതിറ്റാണ്ടുകളായി നേരിട്ടറിയുന്ന നാട്ടുകാർ അമ്പരന്നിരിക്കുകയാണ്.


എറണാകുളം: പത്തനംതിട്ടയിലെ ഇലന്തൂരിൽ നടന്ന ‌നരബലിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. പത്മയെയും റോസിലിയെയും ഭ​ഗവൽ സിം​ഗും ഷാഫി എന്ന റഷീദും ലൈലയും ചേർന്ന് അതിക്രൂരമായിട്ടാണ് കൊലപ്പെടുത്തിയത്. റോസ്‍ലി എന്ന സ്ത്രീ ആയിരുന്നു ഇവരുടെ ആദ്യത്തെ ഇര. അശ്ലീല ചിത്രത്തിൽ അഭിനയിക്കാനെന്ന് പറഞ്ഞാണ് ഇവരെ കൊണ്ടുവന്നത്. തിരുവല്ലയിലെത്തിയ റോസ്‌ലിയെ സിനിമാ ചിത്രീകരണത്തിനെന്ന വ്യാജേന കട്ടിലിൽ കിടത്തി. ഭഗവത് സിംഗാണ് ഇരയുടെ തലക്ക് ചുറ്റിക കൊണ്ട് അടിച്ച് ബോധം കെടുത്തിയത്. പിന്നീട് ലൈല റോസ്‌ലിയുടെ കഴുത്തിൽ കത്തി കുത്തിയിറക്കി. അതുപോലെ ഇവരുടെ സ്വകാര്യ ഭാ​ഗത്ത് കത്തി കുത്തിയിറക്കി മുറിവുണ്ടാക്കി. ഈ രക്തം വീട് മുഴുവൻ തളിച്ചായിരുന്നു പൂജകൾ. രാത്രി മുഴുവൻ ക്രൂരമായി പീഡിപ്പിച്ച ശേഷം വീട്ടുവളപ്പിൽ തന്നെ കുഴിച്ചുമൂടുകയായിരുന്നു.  

സമാനമായ ക്രൂരതകളാണ് രണ്ടാമത് എത്തിച്ച പത്മയും നേരിട്ടത്. ശാപത്തിന്റെ സ്വാധീനം കൊണ്ട് ആദ്യത്തെ പൂജ പരാജയപ്പെട്ടെന്നും ഒരിക്കൽ കൂടി നരബലി നടത്തണമെന്നും വിശ്വസിപ്പിച്ചാണ് റഷീദ് പത്മയെയും എത്തിക്കുന്നത്.  സമൂഹമാധ്യമത്തിലെ വ്യാജ പ്രൊഫൈലിൽ നിന്നാണ് ഷാഫി എന്ന റഷീദ്, ശ്രീദേവി എന്ന വ്യാജപേരിൽ ഭ​ഗവൽസിം​ഗുമായി സൗഹൃദം സ്ഥാപിക്കുന്നത്. പെരുമ്പാവൂരിൽ ഒരു സിദ്ധനുണ്ടെന്നും അയാളെ എല്ലാത്തരത്തിലും തൃപ്തിപ്പെടുത്തിയാൽ  ഐശ്വര്യങ്ങളും സമ്പത്തും വന്നുചേരും എന്ന് ഭ​ഗവൽ സിം​ഗിനെ ധരിപ്പിച്ചു. സിദ്ധനെ ബന്ധപ്പെടാൻ മൊബൈൽ നമ്പറും നൽകി. ആഭിചാരക്രിയയുടെ ഭാഗമെന്ന് വിശ്വസിപ്പിച്ച് ആദ്യം വൈദ്യൻ ഭഗവൽ സിംഗിന്റെ ഭാര്യ ലൈലയെ ഇയാൾ പീഡിപ്പിച്ചു. ഐശ്വര്യം വരാനെന്ന് പറഞ്ഞായിരുന്നു ഇത്. പിന്നീട് നരബലി നടത്തിയാൽ പൂജ പൂർണ്ണമാകുമെന്ന് വിശ്വസിപ്പിച്ചു. കേരളം ഇതുവരെ കേട്ടിട്ടില്ലാത്തത്ര ക്രൂരമായ നരബലിയുടെ ചുരുളുകൾ അഴിഞ്ഞതോടെ വൈദ്യനെ പതിറ്റാണ്ടുകളായി നേരിട്ടറിയുന്ന നാട്ടുകാർ അമ്പരന്നിരിക്കുകയാണ്.

Latest Videos

 

click me!