എസ്‌പിയാകാൻ ഐപിഎസുകാരുടെ ചരടുവലി; പത്തനംതിട്ട പൊലീസിന് നാഥനില്ലാതെ രണ്ടാഴ്ച

By Web Team  |  First Published Aug 16, 2023, 6:52 AM IST

സ്വപ്നിൽ എം മഹാജന്‍റെ സ്ഥലം മാറ്റ ഉത്തരവ് ജൂലൈ അവസാനമാണ് ഇറങ്ങിയത്. ഓഗസ്റ്റ് മൂന്നിന് ജില്ലാ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് അദ്ദേഹം വിടുതൽ വാങ്ങി


പത്തനംതിട്ട: ഗൗരവമേറിയ ക്രിമിനിൽ കേസുകൾ തുടർക്കഥയാകുന്ന പത്തനംതിട്ട ജില്ലയിൽ പൊലീസ് സേനയ്ക്ക് നാഥനില്ലാതായിട്ട് രണ്ടാഴ്ച. സുപ്രധാന പരിപാടികളിലെ സേനാ വിന്യാസം മുതൽ ഭരണ നിർവഹണം വരെ ആശയക്കുഴപ്പത്തിലാണെന്ന് സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥർ പറയുന്നു. എസ്പി കസേരയ്ക്കായി ഐപിഎസ്സുകാരുടെ ചരടുവലികളാണ് നിയമനം വൈകാൻ കാരണമെന്നാണ് സൂചന.

സ്വപ്നിൽ എം മഹാജന്‍റെ സ്ഥലം മാറ്റ ഉത്തരവ് ജൂലൈ അവസാനമാണ് ഇറങ്ങിയത്. ഓഗസ്റ്റ് മൂന്നിന് ജില്ലാ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് അദ്ദേഹം വിടുതൽ വാങ്ങി. കോട്ടയം എസ്പി കാർത്തിക്കിന് ജില്ലയുടെ അധിക ചുമതല നൽകി. ആഴ്ച രണ്ടായിട്ടും ജില്ലയ്ക്ക് സ്വന്തമായി ഒരു എസ്പി വന്നില്ല. കോട്ടയം എസ്പി പത്തനംതിട്ടയിലേക്ക് മാറിവരുമെന്നാണ് ആദ്യം കരുതിയത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അത് പിന്നീട് ഉയർന്നുവന്നില്ല.

അടുത്തിടെ ഐപിഎസ് ലഭിച്ച ഉദ്യോഗസ്ഥരിൽ പലരും എസ്പി സ്ഥാനത്തിനായി ചരടുവലികൾ നടത്തുന്നുണ്ട്. മുൻപ് ജില്ലയിൽ എസ്പി ആയിരുന്ന ഐപിഎസ് ഉദ്യോഗസ്ഥർക്കും, ഒരുവട്ടം ജില്ലാ പൊലീസ് മേധാവി സ്ഥാനം കിട്ടിയാൽ കൊള്ളാമെന്ന ആഗ്രഹമുണ്ട്. ഭരണ തലത്തിൽ സമ്മർദ്ദങ്ങൾ പലതാകുമ്പോൾ തീരുമാനം വൈകുമെന്നാണ് സേനയിലെ അടക്കം പറച്ചിൽ. കേരളം നടുങ്ങുന്ന ക്രിമിനകൽ കേസുകളാണ് ഓരോ ദിവസവും ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നത്. തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്‍റെ ദുരൂഹമരണമടക്കം കേസുകളിൽ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഭരണനിർവഹണത്തിന് പുറമെ, അന്വേഷണങ്ങളുടെ മേൽനോട്ടം വഹിക്കുന്നതിലും സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിലും പൂർണ്ണചുമതലയുള്ള എസ്പി ആവശ്യമാണെന്ന് ഡിവൈഎസ്പിമാരടക്കം ചൂണ്ടിക്കാട്ടുന്നു.

click me!