'നീതി കിട്ടണം, കുട്ടിയെ മാനസിക സമ്മർദ്ദത്തിലാക്കാൻ പൊലീസ് ശ്രമിച്ചു'; ആരോപണവുമായി പാനൂർ പെൺകുട്ടിയുടെ കുടുംബം

By Web Team  |  First Published Apr 16, 2020, 10:08 AM IST
കുഞ്ഞിന് കടുത്ത മാനസിക സമ്മർദ്ദം ഉണ്ടാക്കുന്ന നടപടിയാണ് പൊലീസിന്റെ ഭാഗത്തുനിന്ന് അന്വേഷണ സമയത്ത് ഉണ്ടായതെന്നും കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. 

 

കണ്ണൂർ: പാനൂർ പീഡനക്കേസിൽ പെൺകുട്ടിയെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമം പൊലീസ് നടത്തിയെന്ന് പെൺകുട്ടിയുടെ കുടുംബം. കേസിൽ കോഴിക്കോടടക്കം പലസ്ഥലങ്ങളിൽ പെൺകുട്ടിയെ കൊണ്ടുവരാൻ പൊലീസ് ആവശ്യപ്പെട്ടതായും കുഞ്ഞിന് കടുത്ത മാനസിക സമ്മർദ്ദം ഉണ്ടാക്കുന്ന നടപടിയാണ് പൊലീസിന്റെ ഭാഗത്തുനിന്ന് അന്വേഷണ സമയത്ത് ഉണ്ടായതെന്നും കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. 

കേസ് അന്വേഷിച്ച അന്നത്തെ പാനൂർ സിഐ ശ്രീജിത്ത് കേസന്വേഷണത്തിൽ ഗുരുതരമായ അനാസ്ഥകാട്ടി. രണ്ട് തവണ കുട്ടിയെ സ്കൂളിൽ കൊണ്ടു പോയും തലശ്ശേരിയിൽ ഡിവൈഎസ്പി ഓഫീസിലെത്തിച്ചുമെല്ലാം ചോദ്യം ചെയ്തു. കോഴിക്കോട് കൌൺസിലിംഗിന് കൊണ്ടുപോയ സമയത്ത് അന്വേഷണ ചുമതലയിലില്ലായിരുന്ന സിഐ ശ്രീജിത്ത് അനാവശ്യചോദ്യങ്ങൾ കുട്ടിയോട് ചോദിച്ചു. ഇദ്ദേഹം നിയമംലംഘിച്ച് പെരുമാറുകയും പോക്സോ നിയമ ലംഘനം നടത്തുകയും ചെയ്തുവെന്നും കുടുംബം ആരോപിക്കുന്നു. 

കുട്ടിയിടെ അച്ഛൻ എഷ്യാനെറ്റ് ന്യൂസിനോട് 

'കുട്ടിയെ മട്ടന്നൂരിൽ ജഡ്ജിയുടെ മുന്നിൽ എത്തിച്ച് മൊഴി കൊടുത്തു. അതിന് ശേഷം സിഐയും പൊലീസുകാരും വന്ന് മൊഴിയെടുത്തു. പിറ്റേന്ന് കാലത്ത് തലശ്ശേരിയിൽ ഡിവൈഎസ്പി വിളിപ്പിച്ചു. അതിന് ശേഷം സിഐയ്ക്ക് സ്ഥലമാറ്റമായി. അതിന് ശേഷം കോഴിക്കോടേക്ക് കൌൺസിലിംഗിന് കൊണ്ടുവരാൻ പറഞ്ഞു. അവിടെ വെച്ച് അന്വേഷണച്ചുമതലയില്ലായിരുന്ന സിഐ ശ്രീജിത്ത് വീണ്ടും കുട്ടിയോട് ചോദ്യങ്ങൾ ചോദിച്ചു. ഇതെല്ലാം കുട്ടിക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കി. കുട്ടിയെ കൗൺസിലിംഗിന് കൊണ്ടുപോകുകയാണിപ്പോൾ'. കുട്ടിക്ക് നീതികിട്ടണമെന്നും കുടുംബം ആവശ്യപ്പെട്ടു. 
"

അതേ സമയം പാനൂർ പീഡനക്കേസ് പ്രതി പദ്മരാജനെ റിമാൻറ് ചെയ്തു. ഇയാളെ തലശ്ശേരി സബ് ജയിലിലേക്ക് മാറ്റി. പ്രതി കുറ്റം സമ്മതിച്ചില്ലെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകും. 

click me!