പാലാരിവട്ടം അഴിമതി കേസിൽ സർക്കാരിന്റെ മെല്ലെപ്പോക്ക്; അന്വേഷണം പൂർത്തിയായി ഒരു വർഷമായിട്ടും കുറ്റപത്രമായില്ല

By Nirmala babu  |  First Published Apr 22, 2022, 7:27 AM IST

അന്വേഷണം പൂർത്തിയാക്കി ഒരു വർഷമായിട്ടും മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞടക്കമുള്ളവരുടെ പ്രോസിക്യൂഷൻ അനുമതി ലഭ്യമാക്കാൻ സർക്കാർ തീരുമാനം എടുക്കാത്തതാണ് കുറ്റപത്രം വൈകിപ്പിക്കുന്നത്.
 


കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ (Palarivattom Corruption Case) കുറ്റപത്രം സമർപ്പിക്കാൻ അനുമതി നൽകാതെ സർക്കാരിന്റെ മെല്ലെപ്പോക്ക്. വിജിലൻസ് അന്വേഷണം പൂർത്തിയാക്കി ഒരു വർഷമായിട്ടും മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞടക്കമുള്ളവരുടെ പ്രോസിക്യൂഷൻ അനുമതി ലഭ്യമാക്കാൻ സർക്കാർ തീരുമാനം എടുക്കാത്തതാണ് കുറ്റപത്രം വൈകിപ്പിക്കുന്നത്.

ഉദ്യോഗസ്ഥ രാഷ്ട്രീയ അഴിമതിയുടെ നഗ്നമായ ഉദാഹരണങ്ങളിലൊന്നായാണ് പാലാരിവട്ടം മേൽപ്പാലം അഴിമതി. ചട്ടം ലംഘിച്ച് സ്വന്തക്കാർക്ക് ലാഭമുണ്ടാക്കാൻ അന്നത്തെ മന്ത്രിയും പൊതുമരമത്ത് ഉദ്യോഗസ്ഥരും കരാറുകാരും ചേർന്ന് ഗൂഢാലോചന നടത്തിയപ്പോൾ സർക്കാർ ഖജനാവിന് നഷ്ടം വന്നത് 8.25 കോടി രൂപയാണ്. ഇടത് സർക്കാർ അധികാരത്തിലെത്തിയപ്പഴാണ് മേൽപ്പാലം അഴിമതിയിൽ അന്വേഷണത്തിന് ഉത്തരവിട്ടത്. 2019 മാർച്ചിൽ റോഡ്സ് ആന്‍റ് ബ്രിജ്ഡസ് കോർപ്പേറേഷൻ, കിറ്റ്കോ, കരാറുകാരൻ അടക്കമുള്ളവരെ പ്രതിയാക്കി വിജിലൻസ് കേസെടുത്തു. കേസിൽ മന്ത്രി വികെ ഇബ്രാഹിം കു‍ഞ്ഞ്, മുൻ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജ്, മുൻ റോഡ്ജ് ആന്‍റ് ബ്രിഡ്ജസ് കോർപ്പറേഷൻ എം ഡി മുഹമ്മദ് ഹനീഷ്, അടക്കമുള്ള പ്രമുഖർ കേസിൽ പ്രതികളായി. പക്ഷെ അന്വേഷണം പൂർത്തിയായി ഒരു വ‌ർഷം കഴിഞ്ഞിട്ടും കുറ്റപത്രം മാത്രമില്ല.

Latest Videos

ഗൂഢാലോചന, ഔദ്യോഗിക പദവി ദുരപയോഗം ചെയ്ത് സാമ്പത്തിക നേട്ടം ഉണ്ടാക്കല്‍, വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം, എന്നിവയാണ് 18 പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. കഴിഞ്ഞ നിയമസഭ തെര‍ഞ്ഞെടുപ്പ് കാലത്ത് ആശുപത്രിയിൽ കയറി വി കെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാൻ അടക്കം നീക്കം നടത്തി ഇടത് സർക്കാർ വിഷയം സജീവ ചർച്ചയാക്കിയിരുന്നു. നിലവിൽ പ്രതികളെ പ്രോസ്യിക്യൂട്ട് ചെയ്യുന്നതിനുള്ള വിജിലൻസ് ഡയറക്ടറുടെ അനുമതി അപേക്ഷ സർക്കാർ ഫയലിൽ തന്നെയാണ്. മുന്‍ മന്ത്രി, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍, എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ വിവിധ തലത്തിലുള്ള അനുമതി ലഭ്യമാക്കണം. ഗവർണ്ണറാണ് വി കെ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നൽകേണ്ടത്. ഐഎഎസ് ഉദ്യോഗസ്ഥനായ മുഹമ്മദ് ഹനീഷിനെ പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്ര അനുമതി വാങ്ങണം. എന്നാൽ ഈ നടപടികളിലെ മെല്ലെപ്പോക്കാണ് കുറ്റപത്രം വൈകിപ്പിക്കുന്നത്. മാത്രമല്ല സർക്കാർ നടപടികളുടെ ഭാഗമായി ഫയലുകളിൽ ഒപ്പിടേണ്ടിവന്ന ഉദ്യോഗസ്ഥരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയതിൽ നിന്ന് നീക്കണമെന്ന ചർച്ചകളുമുണ്ട്.

click me!