പാലക്കാട്ടെ ദളിത് കോണ്‍ഗ്രസ് നേതാവ് സിപിഎമ്മിലേക്ക്; സരിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് കെ എ സുരേഷ്

By Web Team  |  First Published Nov 2, 2024, 9:22 AM IST

ദളിത് കോൺഗ്രസ് പിരായിരി മണ്ഡലം പ്രസിഡൻ്റ് കെ എ സുരേഷ് ആണ് പാർട്ടി വിടുമെന്ന് അറിയിച്ചിരിക്കുന്നത്. 


പാലക്കാട്: പാലക്കാട് പിരായിരി കോൺ​ഗ്രസിൽ വീണ്ടും പൊട്ടിത്തെറി.  ഒരു കോൺഗ്രസ് നേതാവ് കൂടി പാർട്ടി വിടുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. ദളിത് കോൺഗ്രസ് പിരായിരി മണ്ഡലം പ്രസിഡൻ്റ് കെ എ സുരേഷ് ആണ് പാർട്ടി വിടുമെന്ന് അറിയിച്ചിരിക്കുന്നത്. ഷാഫിയുടെ ഏകാധിപത്യ നിലപാടിൽ പ്രതിക്ഷേധിച്ചാണ് സുരേഷിന്റെ നടപടി. സുരേഷ് ഡിസിയിൽ എത്തി സിപിഎം ജില്ല സെക്രട്ടറിയെ കാണും. പാലക്കാട്ടെ ഇടതു സ്ഥാനാർത്ഥി പി സരിന് വേണ്ടി പ്രവർത്തിക്കുമെന്ന് സുരേഷ് വ്യക്തമാക്കി. ഷാഫിക്കൊപ്പം നിൽക്കുന്നവർക്ക് മാത്രമാണ് പാർട്ടിയിൽ പരി​ഗണനയെന്ന് സുരേഷ് ആരോപിച്ചു. 

അതേ സമയം, പിരായിരി കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി ജി ശശിയും ഭാര്യ സിതാരയും പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി ഡോ. പി. സരിന് പിന്തുണ പ്രഖ്യാപിച്ച് ഇന്നലെ രം​ഗത്തെത്തിയിരുന്നു. പി സരിനെ പിന്തുണക്കാൻ ഉള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് സിതാരയും ജി ശശിയും വ്യക്തമാക്കി. ഷാഫി പറമ്പിലിന്റെ നിലപാടിൽ പലർക്കും എതിർപ്പുണ്ട്. അവർ പരസ്യമായി നിലപാട് പറയുന്നില്ലെന്നേ ഉള്ളൂവെന്നുും ഇരുവരും പറഞ്ഞു. കുടുംബത്തിന് എൽഡിഎഫിന്റെ സംരക്ഷണം വേണ്ടെന്നും കോൺഗ്രസ് വിടാൻ ഉദ്ദേശമില്ലെന്നും ആണ് ഇവര്‍ നിലപാട് വ്യക്തമാക്കുന്നത്. കോൺഗ്രസ്‌ നേതാക്കൾ ചർച്ച നടത്താൻ വിളിച്ചിരുന്നുവെന്നും ഇനി അവരോട് സംസാരിക്കാൻ ഇല്ലെന്നും ശശി ഏഷ്യാനെറ്റ്‌ ന്യൂസിനോട് വിശദമാക്കി. 

Latest Videos

പിരായിരി പഞ്ചായത്ത്‌ അം​ഗമാണ് സിതാര ശശി. ഷാഫി പറമ്പിൽ വാക്ക് പാലിക്കാത്തതുകൊണ്ടാണ്  സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിക്കുന്നതെന്നായിരുന്നു സിതാരയുടെ പ്രതികരണം. ഷാഫി പറമ്പിൽ വിജയിച്ച ശേഷം തിരിഞ്ഞു നോക്കിയിട്ടില്ലെന്നും നൽകിയ വികസന വാഗ്ദാനങ്ങളൊന്നും നടപ്പാക്കിയിട്ടില്ലെന്നും സിത്താര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

click me!