പാലക്കാട് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്ന രാഹുൽ മാങ്കൂട്ടത്തിലിന് പുറമെയാണ് കോൺഗ്രസ് നേതാവായ സെൽവനും മത്സരിക്കുന്നത്
പാലക്കാട്: പാലക്കാട് ഓട്ടോറിക്ഷാ ചിഹ്നത്തിൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി കോൺഗ്രസ് നേതാവ്. കോൺഗ്രസ് പാലക്കാട് ബ്ലോക്ക് സെക്രട്ടറിയാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായ എസ്. സെൽവൻ. നാമനിർദ്ദേശ പത്രിക നൽകിയത് പാർട്ടിയുടെ നിർദ്ദേശ പ്രകാരമാണെന്നും സാങ്കേതിക കാരണങ്ങളാൽ പത്രിക പിൻവലിക്കാൻ മറന്നുപോയെന്നുമാണ് സെൽവൻ്റെ വാദം. മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും സെൽവൻ പറഞ്ഞു. പാലക്കാട് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്ന രാഹുൽ മാങ്കൂട്ടത്തിലിന് പുറമെയാണ് കോൺഗ്രസ് നേതാവായ സെൽവനും മത്സരിക്കുന്നത്. നേരത്തെ പാർട്ടി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ ഇടഞ്ഞ് പരസ്യപ്രതികരണം നടത്തിയ ഡോ.പി.സരിൻ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് പാലക്കാട് മത്സരിക്കുന്നത്.