പാലക്കാട്ടെ വോട്ടര്‍ പട്ടികയിൽ ക്രമക്കേടുണ്ടെന്ന് സിപിഎമ്മും കോണ്‍ഗ്രസും. പാലക്കാട്ട് 2700 വ്യാജ വോട്ടര്‍മാരുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു. ബിജെപി ജില്ലാ പ്രസിഡന്‍റിന് രണ്ടിടത്ത് വോട്ടുണ്ടെന്ന് വികെ ശ്രീകണ്ഠൻ എംപി.
പാലക്കാട്: ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പാലക്കാട് നിയമസഭ മണ്ഡലത്തിൽ ചൂടുപിടിച്ച് വ്യാജ വോട്ട് ആരോപണം.വോട്ടര്‍ പട്ടികയിൽ ക്രമക്കേട് ആരോപിച്ച് സിപിഎമ്മും കോണ്‍ഗ്രസും രംഗത്തെത്തി. പാലക്കാട്ട് 2700 വ്യാജ വോട്ടര്‍മാരുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു ആരോപിച്ചു. വ്യാജ വോട്ടർമാർക്കെതിരെ കേസ് കൊടുക്കും.
വോട്ടർ പട്ടികയിൽ പേരുള്ള ബിജെപി ജില്ലാ പ്രസിഡന്‍റ് അടക്കം പലരും മറ്റ് മണ്ഡലങ്ങളിൽ ഉള്ളവരെന്നും അദ്ദേഹം ആരോപിച്ചു. അതേ സമയം, ജില്ലാ സെക്രട്ടറി ആദ്യം തടയേണ്ടത് എൽഡിഎഫ് സ്ഥാനാര്‍ഥിയെ എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ തിരിച്ചടിച്ചു. ഇതു വലിയ ആനക്കാര്യം ഒന്നുമല്ലെന്നും തോൽക്കുന്നതിന്റെ കാരണം കണ്ടെത്തുകയാണ് സിപിഎം എന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പ്രതികരിച്ചു.
undefined
തെരഞ്ഞടുപ്പ് അട്ടിമറിക്കാൻ ശ്രമം ഉണ്ടെന്നും പിന്നിൽ ബിജെപിയും സിപിഎമ്മുമാണെന്ന് വികെ ശ്രീകണ്ഠൻ എംപി ആരോപിച്ചു. ബിജെപി ജില്ലാ പ്രസിഡന്‍റ് വ്യാജ വോട്ട് രേഖ പുറത്തുവിട്ടുകൊണ്ടാണ് വികെ ശ്രീകണ്ഠൻ എംപി ആരോപണവുമായി രംഗത്തെത്തിയത്. രണ്ടിടത്ത് വോട്ട് ഉണ്ടെന്നാണ് ആരോപണം. എൽഡിഎഫ് സ്ഥാനാര്‍ത്ഥി സരിനെതിരെയും വികെ ശ്രീകണ്ഠൻ ആരോപണം ഉന്നയിച്ചു. മൂന്ന് മാസം മുമ്പാണ് ഒറ്റപ്പാലത്ത് നിന്ന് സരിൻ വോട്ട് മാറ്റിയതെന്നും ആറുമാസമാണ് ഇതിനുവേണ്ടതെന്നും വികെ ശ്രീകണ്ഠൻ ആരോപിച്ചു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി രഘുനാഥിന് കോഴിക്കോടും പാലക്കാടും വോട്ടുണ്ടെന്നും ശ്രീകണ്ഠൻ എംപി ആരോപിച്ചു.രണ്ടു പേരെയും അറസ്റ്റ് ചെയ്യണം. വ്യാജ വോട്ടിൽ സിപിഎമ്മിലെയും ബിജെപിയിലെയും പ്രമുഖരുണ്ടെന്നും ശ്രീകണ്ഠൻ എംപി ആരോപിച്ചു.അതേസമയം, ആരു തടഞ്ഞാലും വോട്ട് പാലക്കാട് ചെയ്യുമെന്ന് ബി ജെ പി ജില്ലാ പ്രസിഡൻ്റ് കെ എം ഹരിദാസൻ പ്രതികരിച്ചു. മൂന്ന് വർഷമായി പ്രവർത്തിക്കുന്നത് ജില്ലാ ഓഫീസ് കേന്ദ്രീകരിച്ചാണ്. ആ വിലാസത്തിലാണ് വോട്ട് ചേർത്തത്. അവസാന തെരഞ്ഞെടുപ്പ് വരെ വോട്ട് ചെയ്തത് പട്ടാമ്പിയിലാണ്. രണ്ട് സ്ഥലത്ത് വോട്ടുണ്ടെങ്കിൽ റദ്ദാക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.