പണം വെച്ച് പകിട കളി; പാലാ നഗരസഭ അധ്യക്ഷയുടെയും കൗൺസിലർമാരുടെയും ഹൗസ് ബോട്ട് യാത്ര വിവാദത്തില്‍

By Web Team  |  First Published Oct 17, 2023, 11:18 AM IST

യാത്രയ്ക്കിടെ കൗൺസിലർമാർ ഉൾപ്പെടെയുളളവർ പണം വച്ച് പകിട കളിക്കുന്ന ദൃശ്യങ്ങളാണ് വിവാദത്തിന് ആധാരം. പണം വച്ച് പകിട കളി നടത്തിയ ജനപ്രതിനിധികൾക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി.


കോട്ടയം: കോട്ടയം പാലാ നഗരസഭ അധ്യക്ഷയുടെയും കൗൺസിലർമാരുടെയും ഹൗസ് ബോട്ട് യാത്രയെ ചൊല്ലി രാഷ്ട്രീയ വിവാദം. യാത്രയ്ക്കിടെ കൗൺസിലർമാർ ഉൾപ്പെടെയുളളവർ പണം വച്ച് പകിട കളിക്കുന്ന ദൃശ്യങ്ങളാണ് വിവാദത്തിന് ആധാരം. പണം വച്ച് പകിട കളി നടത്തിയ ജനപ്രതിനിധികൾക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി.

പാട്ടും കളിയുമൊക്കെയായി പാലാ നഗരസഭയിലെ ഒരു വിഭാഗം കൗൺസിലർമാർ കഴിഞ്ഞ മാസം നടത്തിയ ഉല്ലാസയാത്രയുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സിപിഎമ്മുകാരിയായ ചെയർപേഴ്സൺ ജോസിൻ ബിനോയും കേരള കോൺഗ്രസ് മാണി ഗ്രൂപ്പുകാരനായ മുൻ അധ്യക്ഷൻ ആൻറോ പടിഞ്ഞാറേക്കരയും പ്രതിപക്ഷ നിരയിലെ രണ്ട് കോൺഗ്രസ് കൗൺസിലർമാരും സംഘത്തിലുണ്ട്. ഇതിനിടയിലാണ് സംഘാംഗങ്ങളിൽ ചിലർ പണം വച്ച് പകിട കളിക്കുന്നത്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ തന്നെ നിയമലംഘനം നടത്തിയെന്നാണ് കോൺഗ്രസ് മണ്ഡലം പ്രസിഡൻറിൻറെ ആരോപണം.

Latest Videos

സംഭവത്തെ പറ്റി പ്രതികരിക്കാൻ ചെയർപേഴ്സൺ ജോസിൻ ബിനോ തയാറായിട്ടില്ല. പണം വച്ച് കളി നടന്നിട്ടില്ലെന്നും തമാശയ്ക്ക് ദൃശ്യങ്ങളെടുക്കാൻ വേണ്ടി ഹൗസ് ബോട്ടിലുണ്ടായിരുന്ന പകിട പലകയിൽ പണം വച്ചതാണെന്നുമാണ് മുൻ അധ്യക്ഷൻ ആൻറോ പടിഞ്ഞാറേക്കരയുടെ വിശദീകരണം.

click me!