കേരളത്തിലുണ്ടായിരുന്നത് 104 പാക് പൗരന്മാർ, 98 പേരും സംസ്ഥാനത്ത് തുടരും; ആറ് പേർ മടങ്ങി

Published : Apr 26, 2025, 12:12 PM ISTUpdated : Apr 26, 2025, 12:47 PM IST
കേരളത്തിലുണ്ടായിരുന്നത് 104 പാക് പൗരന്മാർ, 98 പേരും സംസ്ഥാനത്ത് തുടരും; ആറ് പേർ മടങ്ങി

Synopsis

സംസ്ഥാനത്തുള്ള 104 പാക് പൗരന്മാരിൽ 98 പേർക്ക് സംസ്ഥാനത്ത് തുടരാമെന്ന് അധികൃതർ

ദില്ലി: പഹൽഗാം ആക്രമണത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ച പ്രകാരം കേരളത്തിൽ ഉണ്ടായിരുന്ന ആറ് പാക് പൗരന്മാർ തിരിച്ചുപോയി. വിസിറ്റിംഗ് വിസയിൽ എത്തിയവരാണ് ഇന്നലെ തിരിച്ചുപോയത്. അവശേഷിക്കുന്ന 98 പാക് പൗരന്മാർ സംസ്ഥാനത്ത് തുടരും. ഇവർ ദീർഘകാല വിസയിൽ കേരളത്തിൽ കഴിയുന്നവരാണ്. ഇവർക്ക് രാജ്യത്ത് തുടരുന്നതിൽ തടസമില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

ജില്ലാ പൊലീസ് മേധാവികൾക്കും ജില്ലാ ഭരണകൂടങ്ങൾക്കുമാണ് ഉത്തരവ് നടപ്പാക്കാനുള്ള ചുമതല. ഹ്രസ്വകാല സന്ദർശനത്തിനായി എത്തിയവരാണ് ഉടൻ മടങ്ങാൻ കേന്ദ്രം നിർദ്ദേശിച്ചത്. ഇന്ത്യാക്കാരെ വിവാഹം കഴിച്ച് ദീർഘകാലമായി ഇവിടെ കഴിയുന്ന പാക് പൗരന്മാർ അടക്കമുള്ളവർ തിരികെ പോകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ല. അതേസമയം വിസിറ്റ് വിസയിലും മെഡിക്കൽ വിസയിലും ഇന്ത്യയിലെത്തിയവരുടെ കാര്യത്തിൽ ഉത്തരവ് കർശനമായി നടപ്പാക്കാനാണ് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്.

ഞായറാഴ്ചക്കുള്ളില്‍ പാക് പൗരന്മാർ നാട് വിടാനാണ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. സംസ്ഥാന മുഖ്യമന്ത്രിമാരുമായി സംസാരിച്ച കേന്ദ്രമന്ത്രി അമിത്ഷാ എത്രയും വേഗം പാക് പൗരന്മാരെ കണ്ടെത്തി നാടു കടത്താനുള്ള നടപടികൾക്ക് വേഗം കൂട്ടാൻ നിർദ്ദേശിച്ചിരുന്നു. മെഡിക്കല്‍ വിസയുള്ള പാക് പൗരന്മാർക്ക് രണ്ട് ദിവസം കൂടി രാജ്യത്ത് തുടരാമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ്റെ പങ്ക് വ്യക്തമായതോടെയാണ് ഇന്ത്യ നടപടികൾ കടുപ്പിച്ചത്. ഇന്ത്യ പാകിസ്ഥാനെതിരെ സ്വീകരിച്ച നിലപാടുകൾ ഇവയാണ്

  • പാകിസ്ഥാനുമായുളള സിന്ധു നദീജലകരാര്‍ മരവിപ്പിച്ചു
  • അട്ടാരി ചെക്ക് പോസ്റ്റ് അടക്കും
  • പാക് പൗരന്മാര്‍ക്ക് വീസ നല്‍കുന്നത് നിര്‍ത്തി. 
  • ഇന്ത്യയിലുള്ള പാക് പൗരന്മാർ ഉടൻ രാജ്യം വിടാൻ നിർദേശം
  • മെഡിക്കൽ വീസ ഉള്ള പാകിസ്ഥാനികൾ അടക്കം 29ന് മുമ്പ് മടങ്ങണം
  • പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ പുറത്താക്കി. ഇവർ ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യ വിടണം.
  • ഇന്ത്യയുടെ പ്രതിരോധ ഉദ്യോഗസ്ഥരെ പിന്‍വലിച്ചു
  • ഹൈക്കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം 55 ല്‍ നിന്ന് മുപ്പതായി വെട്ടിക്കുറച്ചു
  • സൈന്യങ്ങള്‍ക്ക് കനത്ത ജാഗ്രത നിര്‍ദ്ദേശം

മറുപടിയായി പാകിസ്ഥാൻ പ്രഖ്യാപിച്ച നടപടികൾ ഇവയാണ്

  • ഇന്ത്യയിലേക്കുള്ള ചരക്കു നീക്കം നിറുത്തി 
  • പാകിസ്ഥാൻ വ്യോമമേഖലയിൽ ഇന്ത്യൻ കമ്പനികളുടെ വിമാനങ്ങൾക്ക് പ്രവേശന വിലക്ക്
  • ഷിംല കരാറിൽ നിന്ന് പിൻമാറാനുള്ള  അവകാശം വിനിയോഗിക്കും
  • വാഗ അതിർത്തി അടയ്ക്കും
  • ഇന്ത്യൻ പൗരന്മാർക്കുള്ള വീസ മരവിപ്പിച്ചു
  • പരമാധികാരം ലംഘിച്ചാൽ തിരിച്ചടിയെന്ന് മുന്നറിയിപ്പ്
  • സിന്ധു നദീജലകരാർ ലംഘിച്ചാൽ യുദ്ധമായി കണക്കാക്കുമെന്ന് ഭീഷണി
     

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദൂരെയെങ്ങോ ജോലിക്ക് പോയെന്ന് കരുതി അമ്മ കാത്തിരുന്നു; ഒരാഴ്‌ചയ്ക്ക് ശേഷം നാട്ടിലെ കവുങ്ങിൻതോപ്പിൽ മകൻ്റെ മൃതദേഹം കണ്ടെത്തി
കേന്ദ്രത്തിന്‍റെ ബ്ലൂ ഇക്കോണമി നയം; ആഴക്കടലിൽ മത്സ്യക്കൊള്ളയ്ക്ക് വഴിയൊരുങ്ങുന്നു, കേരളത്തിൽ മീൻ കിട്ടാതെയാകുമോ? ആശങ്ക!