'തന്‍റെ അറസ്റ്റ് സർക്കാരിന്‍റെ ഗൂഢാലോചനയുടെ ഭാഗം'; ജീവനോടെ പുറത്തിറങ്ങാനായത് ഭാഗ്യമെന്ന് പി വി അൻവർ

By Web Desk  |  First Published Jan 7, 2025, 6:10 AM IST

ജീവനോടെ പുറത്തിറങ്ങാനായത് ഭാഗ്യമെന്ന് പി വി അൻവർ. യുഡിഎഫ് നേതാക്കളുടെ പിന്തുണ പിണറായിയെ പുറത്താക്കാനുള്ള മുന്നേറ്റങ്ങളിലും വേണമെന്നും അൻവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.


മലപ്പുറം: തന്നെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിന് പിന്നിൽ സർക്കാരിന്‍റെ ഗൂഢാലോചനയെന്ന് പി വി അൻവർ എംഎല്‍എ. കോടതി ഇടപെടൽ കാരണം സർക്കാരിന്‍റെ ലക്ഷ്യം നടന്നില്ല. പിണറായി കാലത്തെ ജയിൽ അനുഭവം അത്ര നല്ലത് അല്ലായിരുന്നു. ഒരു ദിവസത്തിനുള്ളിൽ ജയിലില്‍ നിന്ന് ജീവനോടെ പുറത്ത് ഇറങ്ങാനായത് ഭാഗ്യമായാണ് കാണുന്നത്. അറസ്റ്റ് ചെയ്ത നടപടിക്കെതിരെ യുഡിഎഫ് നേതാക്കൾ നൽകിയ പിന്തുണ പിണറായി വിജയനെ പുറത്താക്കുന്നത്തിനായുള്ള അടുത്ത മുന്നേറ്റങ്ങളിലും വേണമെന്നും പിവി അൻവർ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.

അതേസമയം, ജാമ്യം ലഭിച്ച് ജയിലിന് പുറത്തിറങ്ങിയ പി വി അൻവർ എംഎൽഎ ഇന്ന് പുതിയ സമര പരിപാടികൾ പ്രഖ്യാപിക്കും. രാവിലെ 9 മണിക്ക് അൻവർ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഒതായിയിലെ വീട്ടിലെത്തിയ അൻവറിനെ യുഡിഎഫിലെ അടക്കം ചില നേതാക്കൾ നേരിട്ട് കാണാനും ഇടയുണ്ട്. അതിനിടെ ഇന്നലെ അറസ്റ്റിലായ അൻവറിന്റെ ഉറ്റ അനുയായി ഇ എ സുകുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അൻവറിനെതിരെ ചുമത്തിയ അതേ വകുപ്പുകളാണ് സുകുവിനെതിരെയും എടുത്തിട്ടുള്ളത്. കേസിലെ ആറാം പ്രതിയാണ് സുകു. സമരത്തിൽ പങ്കെടുത്ത മറ്റു പ്രതികളെയും ഉടൻ പിടികൂടാൻ നിലമ്പൂർ പൊലീസ് ശ്രമിക്കുന്നുണ്ട്.

Latest Videos

Also Read: 18 മണിക്കൂര്‍ ജയിൽവാസത്തിനൊടുവിൽ അൻവര്‍ പുറത്തിറങ്ങി; പൊന്നാട അണിയിച്ച് പ്രവർത്തകർ, 'പിന്തുണച്ചവർക്ക് നന്ദി'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!