ഓഫീസിലുള്ളത് ഇ ഫയലുകളാണെന്നും ക്യാമറ വിവാദമായി ബന്ധപ്പെട്ട ഫയലുകൾ ഒന്നും ഓഫീസിലില്ലെന്നും മന്ത്രി വിശദീകരിച്ചു.
തിരുവനന്തപുരം : സെക്രട്ടേറിയേറ്റ് നോർത്ത് സാന്റ്വിച്ച് ബ്ലോക്കിലെ മൂന്നാം നിലയിലുണ്ടായ തീപിടിത്തം സംബന്ധിച്ച് ബന്ധപ്പെട്ട ഏജൻസികൾ അന്വേഷിക്കുമെന്ന് മന്ത്രി പി രാജീവ്. തീ പൂർണമായും അണക്കാൻ കഴിഞ്ഞതായും ഫയലുകൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരമെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഓഫീസിലുള്ളത് ഇ-ഫയലുകളാണ്. ക്യാമറ വിവാദമായി ബന്ധപ്പെട്ട ഫയലുകൾ ഒന്നും ഓഫീസിലെത്തിച്ചിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു.
ക്യാമറാ വിവാദം അന്വേഷിക്കുന്ന വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയെ സ്ഥലം മാറ്റിയതിൽ മന്ത്രി വിശദീകരണം നൽകി. ക്യാമറ വിവാദം സംബന്ധിച്ചുള്ള അന്വേഷണം പൂർത്തീകരിച്ചതിന് ശേഷമായിരിക്കും വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് ചുമതലയൊഴിയുകയെന്ന് മന്ത്രി അറിയിച്ചു. ഉടൻ റിപ്പോർട്ട് കിട്ടുമെന്നാണ് കരുതുന്നത്. കെൽട്രോണിലെ ആദായ നികുതി വകുപ്പ് പരിശോധനയെ കുറിച്ച് അവർ പറയട്ടേയെന്നായിരുന്നു മന്ത്രിയുടെ മറുപടി.
സെക്രട്ടറിയേറ്റിൽ തീപിടിത്തം, മന്ത്രി രാജീവിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ മുറി കത്തി
പി രാജീവിന്റെ ഓഫീസിന് സമീപത്തുള്ള അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ മുറിയാണ് ഇന്ന് പുലർച്ചെ നടന്ന തീപിടിത്തത്തിൽ കത്തി നശിച്ചത്. പതിനഞ്ച് മിനിറ്റിനുള്ളിൽ ഫയർഫോഴ്സ് സംഘമെത്തി തീയണച്ചു. ഉന്നത പൊലീസ് സംഘവും ജില്ലാ കളക്ടറും സ്ഥലത്തെത്തി. ഫയലുകളൊന്നും കത്തിനശിച്ചിട്ടില്ലെന്നാണ് പൊലീസ് നൽകിയ വിശദീകരണം.