
തിരുവനന്തപുരം : വിളവൂർക്കൽ പഞ്ചായത്തിലെ അനധികൃത മണ്ണെടുപ്പിനെതിരെ നടപടിയുമായി ജിയോളജി വകുപ്പ്. കുന്നിടിച്ച് മണ്ണ് കടത്തിയ സ്ഥലത്തിന്റെ ഉടമയ്ക്ക് പിഴ ചുമത്തും. വിഴവൂർ എരിക്കലം കുന്ന് ഇടിച്ച് നിരത്തി ലോഡ് കണക്കിന് മണ്ണാണ് കടത്തിയത്. രാത്രി കാലങ്ങളിലായിരുന്നു അനധികൃത മണ്ണ് കടത്തൽ. പഞ്ചായത്തിന്റെയോ ജിയോളജിയുടെയോ അനുമതി ഇല്ലാതെയാണ് കുന്ന് ഇടിച്ചു താഴ്ത്തിയത്. അധികൃതരെ നാട്ടുകാർ പലവട്ടം വിവരം അറിയിച്ചെങ്കിലും ആരും അനങ്ങിയില്ല.അനധികൃത മണ്ണെടുപ്പ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തു കൊണ്ടുവന്നതോടെയാണ് ജിയോളജി വകുപ്പിന്റെ നടപടി.
വകുപ്പിന്റെ സ്ക്വാഡ് സ്ഥലത്ത് എത്തി പരിശോധിച്ചു. ജില്ലാ ജിയോളജിസ്റ്റ് വിഎസ് രാജീവിന്റെ നിർദ്ദേശ പ്രകാരം ജിയോളജിസ്റ്റ് രേഷ്മയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. തുടർന്നാണ് സ്ഥലത്തിന്റെ ഉടമയ്ക്കും പിഴ ചുമത്താൻ തീരുമാനിച്ചത്. ഭൂമിയുടെ രേഖകൾ വില്ലേജിനോട് ജിയോളജി വകുപ്പ് ആവശ്യപ്പെടും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെ വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും സ്ഥലത്ത് എത്തിയിരുന്നു. ഇനിയും മണ്ണ് എടുത്താൽ വിവരം അറിയിക്കണം എന്ന് പരിസരവാസികളോട് പഞ്ചായത്ത് ആവശ്യപ്പെട്ടു. എന്നാൽ സ്ഥലം ഉടമയ്ക്ക് നോട്ടീസ് നൽകിയിട്ടില്ല. അനധികൃത മണ്ണെടുപ്പിനെതിരെ നടപടിയെടുക്കാൻ പോലീസിനോട് പഞ്ചായത്തിന് ആവശ്യപ്പെടാം. അനുമതിയില്ലാതെ മണ്ണെടുപ്പ് എന്ന ബോധ്യപ്പെട്ടാൽ റിപ്പോർട്ട് നൽകുമെന്ന് വിളവൂർക്കൽ വില്ലേജ് ഓഫീസർ നേരത്തെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. വില്ലേജ് ഓഫീസറും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
മണ്ണെടുത്തതിന് കുറച്ച് അകലെയായി കരമനയാറിന്റെ തീരത്ത് ലോഡ് കണക്കിന് മണ്ണടിച്ച് ഭൂമി നികത്തിയിട്ടുണ്ട് നികത്തിയിട്ടുണ്ട്. ഇതിൽ പുറമ്പോക്ക് ഉണ്ടോ എന്നറിയാൻ സർവ്വേ പരിശോധന വേണമെന്നാണ് വില്ലേജ് ഓഫീസർ പ്രതികരിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam