സഭാ തര്‍ക്കം, നിയമബാധ്യത മറക്കരുത് ; സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി ഓര്‍ത്തഡോക്സ് സഭയുടെ മുന്നറിയിപ്പ്

By Web Team  |  First Published Jul 31, 2019, 1:15 PM IST

സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കുന്നതിന് മുന്നോടിയായുള്ള നീക്കമാണിതെന്ന് സൂചനയുണ്ട്.
 


തിരുവനന്തപുരം: സുപ്രീംകോടതി വിധി നടപ്പാക്കേണ്ട നിയമബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ടെന്ന് ഓര്‍മ്മിപ്പിച്ച് ഓര്‍ത്തഡോക്സ് സഭയുടെ മുന്നറിയിപ്പ് കത്ത്. ചീഫ് സെക്രട്ടറിക്കാണ് ഓര്‍ത്തഡോക്സ് സഭ സെക്രട്ടറി കത്തയച്ചിരിക്കുന്നത്. സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കുന്നതിന് മുന്നോടിയായുള്ള നീക്കമാണിതെന്ന് സൂചനയുണ്ട്.

മലങ്കര സഭാ തര്‍ക്കം പരിഹരിക്കാന്‍ മന്ത്രിസഭ ഉപസമിതി നാളെ ചര്‍ച്ച നടത്താനിരിക്കെയാണ് ഓര്‍ത്തഡോക്സ് സഭ സര്‍ക്കാരിന് മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. സഭാ തര്‍ക്കം പരിഹരിക്കാന്‍ വിപുലമായ ചർച്ച നടത്താനാണ് മന്ത്രിസഭ ഉപസമിതിയുടെ തീരുമാനം.  യാക്കോബായ ,ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ഡിജിപിയും ചീഫ് സെക്രട്ടറിയും പങ്കെടുക്കും. സഭാതര്‍ക്കം നിലനില്‍ക്കുന്ന ജില്ലകളിലെ കളക്ടർമാരും ചര്‍ച്ചയില്‍ പങ്കെടുക്കും. 

Latest Videos

undefined

സര്‍ക്കാര്‍ വിളിച്ചിരിക്കുന്ന ചര്‍ച്ചയില്‍ ഓർത്തഡോക്സ് സഭ പങ്കെടുക്കാന്‍ സാധ്യതയില്ലെന്ന് സൂചനകള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് സഭ സര്‍ക്കാരിന് കത്തയച്ചിരിക്കുന്നത്. പള്ളിത്തര്‍ക്കങ്ങളില്‍ തങ്ങള്‍ക്കനുകൂലമായി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിട്ടും അതിനനുസരിച്ച് നടപടിയെടുക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ ഓര്‍ത്തഡോക്സ് സഭ പ്രതിഷേധത്തിലാണ്. വിധി നടപ്പാക്കാതെ ഒരു സമവായത്തിനുമില്ലെന്ന് സഭാ പ്രതിനിധികള്‍ വ്യക്തമാക്കിയിട്ടുള്ളതുമാണ്.

കഴിഞ്ഞ തവണ നടന്ന സമവായ ചർച്ചയിലും യാക്കോബായ വിഭാഗത്തിനൊപ്പം ഓർത്തഡോക്സ് സഭാ പ്രതിനിധികള്‍ ചർച്ചയിൽ പങ്കെടുത്തിരുന്നില്ല.പക്ഷേ, ഓർത്തഡോക്സ് പിആർഒ മന്ത്രി ഇ പി ജയരാജനുമായി പ്രത്യേകം കൂടികാഴ്ച നടത്തിയിരുന്നു.  ഇതിനു ശേഷവും ആലപ്പുഴ കട്ടച്ചിറയിലും, മൂവാറ്റുപ്പുഴ,മുടവൂർ  പള്ളികളിലും ഇരുവിഭാഗങ്ങള്‍ തമ്മിൽ സംഘർഷമുണ്ടായി.  ഈ സാഹചര്യത്തിലാണ് വീണ്ടും സമവായ ചർച്ചക്ക് സർക്കാർ ശ്രമിച്ചത്. 

click me!