മറ്റ് ചില പരാതികളിൽ അന്വേഷണം നടത്താൻ തീരുമാനിച്ചതിനാലാണ് ചുമതലകളില്‍ നിന്ന് മാറ്റി നിർത്തുന്നതെന്ന് സഭാ നേതൃത്വം പ്രസ്താവനയിലൂടെ അറിയിച്ചു.
കൊല്ലം: നിലയ്ക്കൽ ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യനെ ചുമതലകളിൽ നിന്ന് നീക്കിയ നടപടി ബിജെപിയിൽ ചേർന്നത് കൊണ്ടല്ലെന്ന് സൂചിപ്പിച്ച് ഓർത്തഡോക്സ് സഭ. മറ്റ് ചില പരാതികളിൽ അന്വേഷണം നടത്താൻ തീരുമാനിച്ചതിനാലാണ് ചുമതലകളില്‍ നിന്ന് മാറ്റി നിർത്തുന്നതെന്ന് സഭാ നേതൃത്വം പ്രസ്താവനയിലൂടെ അറിയിച്ചു. അതേസമയം, ഷൈജു കുര്യനെതിരായ ആരോപണങ്ങൾ മാധ്യമങ്ങളിലൂടെ പരസ്യമാക്കിയതിന് വൈദികനായ മാത്യൂസ് വാഴക്കുന്നത്തിനോട് വിശദീകരണം തേടാനും സഭ തീരുമാനിച്ചു.
ഭദ്രാസന സെക്രട്ടറിയുടെ അടക്കം എല്ലാ ചുമതകളിൽ നിന്നും ഫാ. ഷൈജു കുര്യനെ നിലയ്ക്കൽ ഭദ്രാസന കൗൺസിൽ നടപടി എടുത്ത് മാറ്റിയിരുന്നു. ഇക്കാര്യം സൂചിപ്പിച്ച് സഭ പുറത്തിറക്കിയ പ്രസ്താവനയിലാണ് നടപടിക്ക് രാഷ്ട്രീയ ചര്‍ച്ചകളുമായി ബന്ധമില്ലെന്ന് വ്യക്തമാക്കുന്നത്. സഭാ സെക്രട്ടറിയുടെ ചുമതലയിലിരിക്കെ ബിജെപി അംഗത്വം സ്വീകരിച്ച ഷൈജു കുര്യനെതിരെ വിശ്വാസികൾ പരസ്യമായി പ്രതിഷേധിച്ചിരുന്നു. എന്നാൽ കടുത്ത നടപടിയിലേക്ക് സഭ കടന്നത് ഫാ. മാത്യൂസ് വാഴക്കുന്നം നൽകിയ ഗുരുതര സ്വഭാവമുള്ള പരാതിയെ തുടർന്നാണ്. സഭാ വിശ്വാസിയായ വീട്ടമ്മയോട് ഫാ. ഷൈജു കുര്യൻ ലൈംഗിക ചുവയോടെ സംസാരിച്ചെന്നാണ് വാഴക്കുന്നത്തിന്‍റെ പരാതി. വീട്ടമ്മയുടേതായി പ്രചരിക്കുന്ന ശബ്ദസന്ദേശവും സഭാ നേതൃത്വത്തിന് മാത്യൂസ് വാഴക്കുന്നം കൈമാറി. ഇക്കാര്യങ്ങൾ വിശദമായി പരിശോധിക്കാനാണ് ആഭ്യന്തര കമ്മീഷനെ വെയ്ക്കുന്നത്. രണ്ട് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് തീരുമാനം.
എന്നാൽ തനിക്കെതിരെ നടപടി വന്നിട്ടില്ലെന്ന് ഫാ. ഷൈജു കുര്യൻ പറയുന്നു. സഭാ നേതൃത്വത്തിന്‍റെ അനുമതിയോടെ അവധിയിൽ പ്രവേശിച്ചതാണെന്ന് ഷൈജു വിശദീകരിച്ചു. അതേസമയം, സഭയ്ക്കുള്ളിൽ പറയേണ്ട കാര്യങ്ങൾ മാധ്യമങ്ങളൂടെ പരസ്യമാക്കിയതിന് ഫാ. മാത്യൂസ് വാഴക്കുന്നത്തിനോട് വിശദീകരണം തേടാൻ സഭാ നേതൃത്വം തീരുമാനിച്ചു. സിപിഎം സഹയാത്രികനായ മാത്യൂസ് വാഴക്കുന്നവും ബിജെപിയിൽ ചേർന്ന ഫാ. ഷൈജു കുര്യനും തമ്മിൽ ഏറെക്കാലമായുള്ള ഭിന്നതയാണ് വിവാദങ്ങളെല്ലാം കാരണമെന്ന് സഭ നേതൃത്വം വിലയിരുത്തുന്നു.