റെനൈ മെഡിസിറ്റി ആശുപത്രിയിലെ ന്യൂറോയുടെ നേതൃത്വത്തിലാണ് ചികിത്സ. കൂടാതെ കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള സംഘം എത്തും. ആവശ്യമായ എല്ലാ മെഡിക്കൽ സഹായവും ലഭ്യമാക്കും.
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ വിഐപി ഗാലറിയിൽ നിന്ന് താഴേക്ക് വീണ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയെ കുറിച്ച് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നേരത്തെ ഭയപ്പെട്ടത് പോലുള്ള സംഭവങ്ങൾ ഒന്നും ഇപ്പോഴില്ലെന്ന് വിഡി സതീശൻ പറഞ്ഞു. ഇപ്പോൾ ലഭിക്കുന്നത് ശുഭകരമായ വിവരങ്ങളാണ്. ആരോഗ്യനില അപകടകരമായ അവസ്ഥയിൽ നിന്ന് തിരിച്ചു വരികയാണ്. തലക്ക് പരിക്ക് ഉണ്ട്. അതിനാലാണ് 24 മണിക്കൂർ നിരീക്ഷണമെന്നും ആവശ്യമായ എല്ലാ വൈദ്യസഹായവും നൽകുമെന്നും വിഡി സതീശൻ പറഞ്ഞു.
റെനൈ മെഡിസിറ്റി ആശുപത്രിയിലെ ന്യൂറോയുടെ നേതൃത്വത്തിലാണ് ചികിത്സ. കൂടാതെ കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള സംഘം എത്തും. ആവശ്യമായ എല്ലാ മെഡിക്കൽ സഹായവും ലഭ്യമാക്കും. ശുഭകരമായ വാർത്തയാണ് ലഭിക്കുന്നതെന്നും വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. ബിപി തുടങ്ങി മറ്റു കാര്യങ്ങളെല്ലാം ശരിയായി വരുന്നുണ്ട്. തലയ്ക്കുള്ള പരിക്കാണ് ഗുരുതരം. മറ്റു പ്രശ്നങ്ങളൊന്നും ഗുരുതരമല്ല. കലൂർ സ്റ്റേഡിയത്തിൽ സുരക്ഷാവീഴ്ച്ചയുണ്ടായോ എന്ന് പിന്നീട് പരിശോധിക്കാം. നാളെ പരിശോധിച്ച് പറയാം. നിലവിലെ പരിഗണന ഏറ്റവും മികച്ച ചികിത്സ നൽകലാണ്. ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും ഇവിടെയുണ്ട്. നല്ല രീതിയിൽ ശ്രദ്ധ കിട്ടുന്നുണ്ട്. ആശുപത്രി മാറ്റുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ല. എല്ലാ ഡോക്ടർമാരുമായും സംസാരിച്ചുവെന്നും സതീശൻ പറഞ്ഞു.
അതേസമയം, പരിപാടിയുടെ സംഘാടകർക്കെതിരെ കേസെടുക്കാനാണ് കൊച്ചി പൊലീസ് കമ്മീഷ്ണറുടെ തീരുമാനം. ഇതിനായി സ്റ്റേഡിയത്തിലെത്തി വിവരങ്ങൾ ശേഖരിച്ചു. ഉമ തോമസിൻ്റെ ചികിത്സക്കായി മെഡിക്കൽ സംഘം രൂപീകരിച്ചതായി മന്ത്രി പി രാജീവ് അറിയിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം വൈകാതെ കൊച്ചിയിൽ എത്തുമെന്ന് മന്ത്രി പറഞ്ഞു. റെനെെയിൽ ഉള്ള ഡോക്ടർമാരും സംഘത്തിലുണ്ടായിരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. എംഎൽഎയ്ക്ക് തലയ്ക്കും നട്ടെല്ലിനും ശ്വാസകോശത്തിനും പരിക്കുണ്ടെന്ന് ഡോക്ടർമാരുടെ സംഘം അറിയിച്ചു.
കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സക്കായി എത്തുന്നത്. കോട്ടയം, എറണാകുളം മെഡിക്കൽ കോളേജുകളിൽ നിന്നുള്ള വിദഗ്ദ്ധർ സംഘത്തിലുണ്ട്. അതേസമയം, കലൂർ സ്റ്റേഡിയത്തിൽ മതിയായ സുരക്ഷ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു. ഗാലറിക്ക് മുൻവശത്തായി മറ്റൊരു സ്റ്റേജ് നിർമ്മിച്ചായിരുന്നു പരിപാടി. ഇത് വലിയൊരു സ്റ്റേജ് ആയിരുന്നില്ല. ഇവിടെയായിരുന്നു ഉദ്ഘാടന ച്ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. ഇത് പരിശോധിക്കേണ്ടതാണ്. ഉയരത്തിലുള്ള ഗ്യാലറിക്ക് കൃത്യമായ ബാരിക്കേഡ് ഉണ്ടായിരുന്നില്ല. ഒരു ക്യു മാനേജർ മാത്രമാണ് ഉണ്ടായിരുന്നത്. അതിനെക്കുറിച്ച് പരിശോധിക്കണം. ഇതൊന്നും പറയേണ്ട സമയമല്ലെന്നും എങ്കിലും ഇത്തരം കാര്യങ്ങൾ പരിശോധിക്കേണ്ടതാണെന്നും എംപി പറഞ്ഞു. സുരക്ഷാ സംവിധാനങ്ങൾ പരിശോധിക്കുമെന്ന് സംഘാടകരും പ്രതികരിച്ചു.
നിലവിൽ ഉമ തോമസ് വെൻ്റിലേറ്ററിൽ തുടരുകയാണ്. വാരിയെല്ല് പൊട്ടി ശ്വാസകോശത്തിൽ മുറിവേറ്റു, തലച്ചോറിലും മുറിവുണ്ടായെന്നും നട്ടെല്ലിനും പരിക്കുണ്ടെന്നും ചികിത്സിക്കുന്ന കൊച്ചി റെനൈ മെഡിസിറ്റിയിലെ ഡോക്ടർമാർ പറഞ്ഞു. അടിയന്തിര ശസ്ത്രക്രിയ നടത്തില്ലെന്നും ശ്വാസകോശത്തിൽ രക്തം കയറിയെന്നുമാണ് ഡോക്ടർമാർ പ്രതികരിച്ചത്. ശ്വാസകോശത്തിനും തലച്ചോറിനും സാരമായി പരിക്കേറ്റിട്ടുണ്ട്. ബോധം, പ്രതികരണം, ഓർമ്മയെ ഒക്കെ ബാധിക്കാവുന്ന ക്ഷതങ്ങളാണ് ഏറ്റിട്ടുള്ളത്. പെട്ടെന്ന് ഭേദമാകുന്ന പരിക്കുകളല്ല ഉണ്ടായിരിക്കുന്നതെന്നും ഡോക്ടർമാർ പറഞ്ഞു.
https://www.youtube.com/watch?v=Ko18SgceYX8