'മാധ്യമവേട്ടയ്ക്ക് നേതൃത്വം നൽകുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ്'; അംഗീകരിക്കാനാകില്ലെന്ന് വി ഡി സതീശന്‍

By Web Team  |  First Published Jun 16, 2023, 12:05 PM IST

ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാര്‍ എന്ത് ഗൂഢാലോചനയാണ് നടത്തിയതെന്ന് ചോദിച്ച വി ഡി സതീശന്‍, മാധ്യമങ്ങൾക്കെതിരെ കേസെടുക്കുന്നത് അംഗീകരിക്കാൻ ആകില്ലെന്നും പറഞ്ഞു. 


കൊച്ചി: സംസ്ഥാനത്തെ മാധ്യമവേട്ടയ്ക്ക് നേതൃത്വം നൽകുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാര്‍ എന്ത് ഗൂഢാലോചനയാണ് നടത്തിയതെന്ന് ചോദിച്ച വി ഡി സതീശന്‍, മാധ്യമങ്ങൾക്കെതിരെ കേസെടുക്കുന്നത് അംഗീകരിക്കാൻ ആകില്ലെന്നും പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച 'മിണ്ടാനാണ് തീരുമാനം' എന്ന പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് മാധ്യമ വേട്ട തുടരുകയാണ്. അതിന്‍റെ ഏറ്റവും അവസാനത്തെ കേസാണ് ആരോപണ വിധേയനായ എസ്എഫ്ഐ നേതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ക്കെതിരെ കേസെടുത്തത്. അഖില നന്ദകുമാര്‍ വാർത്ത റിപ്പോർട്ട് ചെയ്യുക മാത്രമാണ് ചെയ്തത്. അല്ലാതെ ക്രിമിനലായ ഒരു കുറ്റവും ചെയ്തിട്ടില്ല. വാർത്ത വന്നില്ലായിരുന്നെങ്കിൽ ജയിച്ച സർട്ടിഫിക്കട്ടുമായി എസ്എഫ്ഐ നേതാവ് പോയേനെയെന്നും സംസ്ഥാനത്ത് നടക്കുന്നത് മാധ്യമവേട്ടയാണെന്നും  വി ഡി സതീശന്‍ പറഞ്ഞു. മാധ്യമങ്ങൾക്കെതിരെ കേസെടുക്കുന്നത് അംഗീകരിക്കാൻ ആകില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Latest Videos

Also Read: മാതൃഭൂമി ജീവനക്കാർക്കെതിരെ കേസെടുത്തത് ഒരു പൊലീസ് ഓഫീസറുടെ പേര് പറയിക്കാൻ, ശ്രേയാംസ് കുമാറിന്റെ വെളിപ്പെടുത്തൽ

ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച 'മിണ്ടാനാണ് തീരുമാനം' എന്ന പ്രത്യേക ഷോയിലൂടെ കേരളത്തിലെ മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും തെരഞ്ഞുപിടിച്ച് വേട്ടയാടുന്ന സർക്കാർ - പൊലീസ് നടപടിക്കെതിരെ ഒറ്റക്കെട്ടായി പ്രതിരോധത്തിന്റെ ശബ്ദം ഉര്‍ത്തുകയാണ്. അണിനിരന്ന സാമൂഹിക, സംസ്കരിക നേതാക്കളും മാധ്യമ പൗരാവകാശ പ്രവർത്തകരും സർക്കാരിന്റെ അടിച്ചമർത്തൽ നയത്തെ നിശിതമായി വിമർശിച്ചു. ജനാധിപത്യത്തിന്റെ കാതലായ സ്വതന്ത്ര മാധ്യമങ്ങൾ കേരളംപോലൊരു സംസ്ഥാനത്ത് ഭീഷണി നേരിടുന്നത് ഭരണകൂടം ഏകാധിപത്യ സ്വഭാവത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണെന്ന അഭിപ്രായം ഷോയിൽ ഉയർന്നു.

ഒന്നിനുപിറകെ ഒന്നായി മാധ്യമ പ്രവർത്തകർക്കെതിരെ കള്ളക്കേസുകൾ എടുക്കുകയാണ്. ഏറ്റവുമൊടുവിൽ ലൈവ് റിപ്പോർട്ടിന്റെ പേരിൽ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ ഗൂഢാലോചനക്കേസ്. വാർത്ത വായിച്ചതിന്റെ പേരിൽ പോലും ചോദ്യം ചെയ്യൽ നോട്ടീസുകളും മാധ്യമ പ്രവര്‍ത്തകര്‍ക്ക് വരുന്നു. മാധ്യമ പ്രവർത്തകർക്ക് വാർത്തകൾ ലഭിക്കുന്ന സോഴ്സുകൾ തിരിച്ചറിയാനും അവയെ ഇല്ലാതാക്കാനും ബോധപൂർവമായ ശ്രമങ്ങളാണ് നടക്കുന്നത്. ജനാധിപത്യത്തിന്റെ മടിത്തട്ടായ നിയമസഭയിൽപ്പോലും മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കുകളാണ്. ഒരു ഇടതുപക്ഷ സർക്കാരിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാൻ കഴിയാത്ത ഫാഷിസ്റ്റ് നടപടികളിലൂടെ കേരളം കടന്നുപോകുമ്പോൾ രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നും ഉയരുന്നത് ''ഈ ഭീഷണിക്ക് മാധ്യമങ്ങൾ കീഴടങ്ങരുത് '' എന്ന വികാരമാണ്. 

ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച പ്രത്യേക ഷോ 'മിണ്ടാനാണ് തീരുമാനം' കേരളത്തിൽ മാധ്യമങ്ങൾക്ക് എതിരെ നിലനിൽക്കുന്ന അപ്രഖ്യാപിത അടിയന്തിരാവസ്ഥ തുറന്നുകാട്ടുകയാണ്. രാജ്യമെങ്ങും മാധ്യമ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച തലമുതിർന്ന ജേണലിസ്റ്റുകൾക്കൊപ്പം സാംസ്‌കാരിക, കലാ, രാഷ്ട്രീയ മേഖലകളിലെ ഉന്നത വ്യക്തികളും ഉറച്ച സ്വരത്തിൽ സർക്കാരിന്റെ ഏകാധിപത്യ പ്രവണതകൾക്കെതിരെ അഭിപ്രായം രേഖപ്പെടുത്തി. സാമൂഹിക മാധ്യമണങ്ങളിലും നിരവധിപ്പേർ സർക്കാരിന്റെ അപ്രഖ്യാപിത അടിയന്തിരാവസ്ഥാനയത്തിനെതിരെ ശക്തമായി പ്രതികരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം...

click me!