എക്സൈസ് വകുപ്പ് കൈകാര്യം ചെയ്യുന്നത് മുഹമ്മദ് റിയാസ് ആണോയെന്നും റോജി എം ജോണ്‍. ജനിക്കാത്ത കുഞ്ഞിന്റെ ജാതകമാണ് തിരയുന്നതെന്ന് എം ബി രാജേഷ്, കുഞ്ഞു ജനിച്ചിട്ടുണ്ട് അതിന്റെ അച്ഛൻ ആരാണെന്നാണ് അറിയാത്തതെന്ന് റോജി
തിരുവനന്തപുരം: ബാർ കോഴ ആരോപണത്തിലെ അടിയന്തര പ്രമേയം സഭ നിർത്തി ചർച്ച വേണ്ടന്ന് എക്സൈസ് മന്ത്രി എംബി രാജേഷ് പറഞ്ഞു. റോജി എം ജോണിന്റെ നോട്ടീസിനാണ് മന്ത്രി മറുപടി നൽകിത്. മദ്യ നയത്തിൽ പ്രാഥമിക ചർച്ച നടന്നിട്ടില്ല. ചീഫ് സെക്രട്ടറി നടത്തിയ യോഗം മദ്യനയവുമായി ബന്ധപ്പെട്ട യോഗമായിരുന്നില്ല. ടൂറിസം ഡയറക്ടർ സംഘടിപ്പിച്ച യോഗം പതിവ് യോഗത്തിന്‍റെ ഭാഗം മാത്രം ആയിരുന്നു. മദ്യനയത്തിന്‍റെ പേരിൽ വാട്സ്ആപ്പ് വഴി അയച്ച വോയിസ് ക്ലിപ്പ് ശ്രദ്ധയിൽപ്പെട്ടു. അക്കാര്യത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി വിശദീകരിച്ചു
മാണിക്ക് എതിരായ വിഎസിന്‍റെ പഴയ ബൈബിൾ വാക്യം ആവർത്തിച്ച റോജി എം ജോൺ, കെടാത്ത തീയും ചാകാത്ത പുഴുവുമുള്ള നരകത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും വീണു പോകരുതെന്ന് പറഞ്ഞു. പുറത്തു വന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. നിലവിലെ ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഹസനമാണ്. പരാതിയിൽ അന്വേഷിക്കുന്നത് ശബ്ദസന്ദേശം എങ്ങനെ പുറത്തുവന്നു എന്നാണെന്നും അദ്ദേഹം ആരോപിച്ചു. എല്ലാ തെളിവ് ഉണ്ടായിട്ടും എന്ത് കൊണ്ട് അഴിമതി നിരോധന നിയമ പ്രകാരം കേസ് എടുക്കുന്നില്ല. പണം പിരിക്കുന്നത് പ്രതിപക്ഷത്തിന് വേണ്ടിയല്ല, ആർക്കുവേണ്ടിയാണെന്ന് മനസ്സിലാവാത്തത് എക്സൈസ് വകുപ്പ് മന്ത്രിക്ക് മാത്രമാണ്.
ടൂറിസം വകുപ്പ് എന്തിനാണ് എക്സൈസ് ഓഫീസിന്‍റെ കാര്യത്തിൽ ഇടപെടുന്നത്-എക്സൈസ് വകുപ്പ് കൈകാര്യം ചെയ്യുന്നത് മുഹമ്മദ് റിയാസ് ആണോയെന്നും അദ്ദേഹം ചോദിച്ചു.ഇക്കാര്യം മുഖ്യമന്ത്രി വ്യക്തമാക്കണം.ജനിക്കാത്ത കുഞ്ഞിന്റെ ജാതകമാണ് തിരയുന്നതെന്ന എം ബി രാജേഷിന്‍റെ പ്രസ്താവനയെ റോജി എം ജോണ്‍ പരിഹസിച്ചു. കുഞ്ഞു ജനിച്ചിട്ടുണ്ട് അതിന്റെ അച്ഛൻ ആരാണെന്നാണ് അറിയാത്തതെന്നും ഇതൊക്കെ ശ്രദ്ധിക്കേണ്ടേ അംബാനെയെന്നുമാണ് റോജി എം ജോൺ പരിഹസിച്ചത്.