കൈക്കുഞ്ഞുമായി അമ്മ, ഗര്‍ഭിണി, ജോലി പകുതിക്ക് ഉപേക്ഷിച്ച് ഇറങ്ങിയ കശുവണ്ടി തൊഴിലാളികള്‍ അങ്ങനെ സാധാരണക്കാരായ നിരവധി പേരാണ് തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി കാണാന്‍ വഴിയോരത്ത് കാത്ത് നിന്നത്.
കൊല്ലം: മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പുരോഗമിക്കുന്നു. ജനസാഗരത്തിന് ഇടയിലൂടെയാണ് ഉമ്മൻചാണ്ടിയുടെ അന്ത്യയാത്ര. ഉമ്മൻചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാനും അന്തിമോപചാരം അർപ്പിക്കാനുമായി ആയിരങ്ങളാണ് വഴി നീളെ കാത്ത് നില്‍ക്കുന്നത്. ആയൂരില്‍ കനത്ത മഴയത്തും ജനം തിങ്ങിനിറഞ്ഞ കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. കൈക്കുഞ്ഞുമായി അമ്മ, ഗര്‍ഭിണി, ജോലി പകുതിക്ക് ഉപേക്ഷിച്ച് ഇറങ്ങിയ കശുവണ്ടി തൊഴിലാളികള്‍ അങ്ങനെ സാധാരണക്കാരായ നിരവധി പേരാണ് തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി കാണാന്‍ വഴിയോരത്ത് കാത്ത് നിന്നത്.
എക്കാലവും ജനങ്ങൾക്കിടയിൽ ജീവിച്ച ഉമ്മൻചാണ്ടിക്ക് വികാരനിർഭര യാത്രാമൊഴിയാണ് ജനങ്ങള്‍ നല്‍കുന്നത്. പുതുപ്പള്ളിയിലേക്കുള്ള വാഹനവ്യൂഹം നിലവില്‍ കൊല്ലം ജില്ലയിലാണുള്ളത്. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ നിന്ന് ജന്മനാടായ കോട്ടയം പുതുപ്പളിയിലേക്കുള്ള പ്രിയനേതാവിന്‍റെ അവസാന യാത്ര ജനപ്രവാഹം കാരണം മണിക്കൂറുകൾ വൈകി നീങ്ങുകയാണ്. 8 മണിക്കൂർ നേരമെടുത്താണ് വിലാപയാത്ര തിരുവനന്തപുരം പിന്നിട്ടത്. റോഡിനിരുപുറവും മഴയെപ്പോലും അവഗണിച്ച് പുലർച്ചെ മുതൽ കാത്തുനിൽക്കുന്ന ജനക്കൂട്ടത്തിന്റെ അന്ത്യാദരം ഏറ്റുവാങ്ങി വിലാപയാത്ര കോട്ടയത്ത് എത്താൻ രാത്രിയാകും. 'ഗർഭിണിയാണ്, നാളെ ഡേറ്റാണ്', എന്നിട്ടും അദ്ദേഹത്തെ അവസാനമായി കാണാൻ വന്നതാണെന്നായിരുന്നു ചടയമംഗലത്ത് കാത്ത് നിന്ന യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ഉമ്മൻചാണ്ടി എന്ന മനുഷ്യന്‍റെ നല്ല പ്രവര്‍ത്തികള്‍ മനസിലേറ്റിയാണ് അദ്ദേഹത്തെ കാണാൻ എത്തിയതെന്നും യുവതി കൂട്ടിച്ചേര്‍ക്കുന്നു.
Also Read: ഉമ്മൻ ചാണ്ടിയെ അവസാനമായി കണ്ട് മടങ്ങി; വാഹനാപകടത്തില്‍ കോൺഗ്രസ് പ്രവർത്തകൻ മരിച്ചു
എന്നും ആൾക്കൂട്ടത്തിൽ ജീവിച്ച ഉമ്മൻചാണ്ടിയുടെ അന്ത്യയാത്രയും ജനസാഗരത്തിലൂടെയാണ് നീങ്ങുന്നത്. വാളയകത്തും വന്‍ജനക്കൂട്ടമാണ് ഉമ്മന്‍ചാണ്ടിക്ക് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ എത്തിയത്. തിരുവനന്തപുരം ജില്ലയിലെ 20 കിലോമീറ്റർ ദൂരം പിന്നിടാൻ വിലാപയാത്രയ്ക്ക് നാലര മണിക്കൂർ വേണ്ടിവന്നു. പതിറ്റാണ്ടുകൾ ഉമ്മൻചാണ്ടിയുടെ തട്ടകമായിരുന്ന തലസ്ഥാനം വിട്ട് അദ്ദേഹം അവസാനമായി മടങ്ങുമ്പോൾ ഉറ്റവർ വിങ്ങിപ്പൊട്ടി. പുഷ്‌പാലംകൃത വാഹനത്തിൽ കുടുംബാംഗങ്ങളും കോൺഗ്രസ് നേതാക്കളും ഉമ്മൻചാണ്ടിയുടെ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.
രോഗബാധിതനായി ദീർഘകാലമായി ചികിത്സയിലായിരുന്ന ഉമ്മൻചാണ്ടി ബംഗളൂരുവിലെ ചിന്മയ ആശുപത്രിയിൽ ഇന്നലെ പുലർച്ചെ 4.25 നാണ് അന്തരിച്ചത്. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്ക് എന്നും പ്രിയപ്പെട്ട സെന്‍റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയുടെ സെമിത്തേരിയിൽ നാളെ ഉച്ചയ്ക്ക് രണ്ടരയ്ക്കായിരിക്കും സംസ്കാരം. ഉമ്മൻചാണ്ടിയുടെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതി ഉണ്ടാകില്ല. സംസ്കാര ചടങ്ങുകൾക്ക് ഔദ്യോഗിക ബഹുമതി ആവശ്യമില്ലെന്ന നിലപാട് കുടുംബം സര്‍ക്കാരിനെ അറിയിച്ചിരുന്നു. മതപരമായ ചടങ്ങുകളോടെ സംസ്കാരം നടത്താനാണ് ഉമ്മൻചാണ്ടി ആഗ്രഹിച്ചിരുന്നതെന്ന് ഭാര്യ പൊതുഭരണ വകുപ്പിനെ രേഖാമൂലം അറിയിക്കുകയായിരുന്നു.
ഉമ്മൻചാണ്ടിക്ക് പൂര്‍ണ്ണ ഔഗ്യോഗിക ബഹുമതി നൽകണമെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭായോഗത്തിൽ എടുത്തത്. ഇക്കാര്യത്തിൽ കുടുംബത്തിന് വ്യത്യസ്ത അഭിപ്രായം ഉള്ളതിനാൽഒരിക്കൽ കൂടി സമ്മതം ആരായാൻ ചീഫ് സെക്രട്ടറിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തുകയും ചെയ്തു. ഇതനുസരിച്ച് കുടുംബാഗങ്ങളുമായി സംസാരിച്ച ശേഷമാണ് ഔദ്യോഗിക ബഹുമതി വേണ്ടെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്. ഉമ്മൻചാണ്ടി കേരളത്തിന് നൽകിയ സംഭാവനകളെ ആദരവോട സ്മരിക്കുന്ന അനുശോചന പ്രമേയവും മന്ത്രിസഭായോഗത്തിൽ അവതരിപ്പിച്ചു. വഹിച്ച സ്ഥാനങ്ങൾ കൊണ്ട് അളക്കാൻ കഴിയാത്ത നിലയിൽ ഉയര്‍ന്ന വ്യക്തിത്വങ്ങളുണ്ട്. അവര്‍ക്കിടിയാണ് ജനനേതാവായ ഉമ്മൻചാണ്ടിയുടെ സ്ഥാനമെന്ന് അനുശോചന പ്രമേയത്തിൽ മന്ത്രിസഭായോഗം അനുസ്മരിച്ചു.