ഇടതുപക്ഷ സർക്കാറിന്റെ ചരിത്ര പ്രധാനമായ തുടർഭരണത്തിനിടയിൽ അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു റെക്കോർഡ് സ്വന്തമാക്കിയാണ് ഉമ്മൻ ചാണ്ടി ഇത്തവണ നിയമസഭയിലെത്തുന്നത്.
തിരുവനന്തപുരം: ഇടതുപക്ഷ സർക്കാറിന്റെ ചരിത്ര പ്രധാനമായ തുടർഭരണത്തിനിടയിൽ അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു റെക്കോർഡ് സ്വന്തമാക്കിയാണ് ഉമ്മൻ ചാണ്ടി ഇത്തവണ നിയമസഭയിലെത്തുന്നത്. തോൽവിയറിയാതെ തുടർച്ചയായി ഒരേ മണ്ഡലത്തിൽ നിന്ന് 12-ാം തവണയാണ് മുൻ മുഖ്യമന്ത്രി കൂടിയായ ഉമ്മൻ ചാണ്ടി നിയമസഭയിലേക്ക് എത്തുന്നത്.
നിലവിൽ സഭയിലെ കാരണവർ ഉമ്മൻചാണ്ടി തന്നെ. നേരത്തെ കെഎം മാണിയുടെ പേരിലായിരുന്നു ഈ റെക്കോർഡ്. ഇപ്പോൾ കെഎം മാണിയുടെ റെക്കോർഡിന് ഒപ്പമെത്തിയിരിക്കുകയാണ് ഉമ്മൻ ചാണ്ടി. ജീവച്ചിരിക്കുന്നവരിൽ ഈ റെക്കോർഡിന് ഉടമയായ ഏക വ്യക്തിയും അദ്ദേഹമാണെന്നതാണ് ശ്രദ്ധേയ മറ്റൊരു വസ്തുത.
undefined
ഇന്ന് ആരംഭിക്കുന്ന, 12-ാം നിയമസഭാംഗ ജീവിതം പുതിയൊരു റെക്കോർഡിലേക്കുള്ള യാത്ര കൂടിയാണ് അദ്ദേഹത്തിന്. കേരള നിയമസഭയുടെ ആറര പതിറ്റാണ്ട് നീളുന്ന ചരിത്രത്തിൽ ഏറ്റവും കൂടുതൽ ദിവസം അംഗമായിരുന്ന ആൾ എന്ന റെക്കോർഡാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. ഒരു വർഷവും മൂന്ന് മാസവും കഴിയുമ്പോൾ ഈ നേട്ടം ഉമ്മൻ ചാണ്ടിക്കൊപ്പം ചേരും. അന്ന് നിയമസഭാഗമായി 18,729 ദിവസം പൂർത്തിയാക്കും.
ചരിത്രം കൂട്ടിരിക്കുന്ന സമുജ്ജ്വല നേതാവിന്റെ രാഷ്ട്രീയ ജീവിതത്തിൽ തിളക്കം കുറഞ്ഞ തെരഞ്ഞെടുപ്പ് വിജയമായിരുന്നു ഇത്തവണത്തേത്. 1970 ന് ശേഷം ഒരിക്കൽ പോലും തോറ്റിട്ടില്ലെന്ന് മാത്രമല്ല മികച്ച ഭൂരിപക്ഷമാണ് ഇദ്ദേഹം നേടിയിരുന്നതും. 2016 ൽ 27,092 വോട്ടിന് വിജയിച്ച മണ്ഡലത്തിൽ ഇക്കുറി ഉമ്മൻചാണ്ടിക്ക് കിട്ടിയത് വെറും 9,044 വോട്ടിന്റെ ലീഡ് മാത്രമാണ്.
സംസ്ഥാനമൊട്ടാകെ അലയടിച്ച ഇടതു തരംഗവും യാക്കോബായ സഭയുടെ പരസ്യ നിലപാടും ഉമ്മൻ ചാണ്ടിക്ക് തിരിച്ചടിയായി. എങ്കിലും പുതുപ്പള്ളി ഇത്തവണയും അദ്ദേഹത്തെ കൈവിട്ടില്ല. കേരള പാർലമെന്ററി രാഷ്ട്രീയ ചരിത്രത്തിൽ വിസ്മരിക്കാനാകാത്ത റെക്കോർഡുകളിലേക്ക് പുതിയ സാമാജികനായി സത്യപ്രതിജ്ഞ ചെയ്ത് ഇന്ന് ഉമ്മൻ ചാണ്ടി വീണ്ടും നടന്നു തുടങ്ങും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona